തിരുവനന്തപുരം: ഉയര്‍ന്ന നിലവാരമുള്ള സ്റ്റാര്‍ട്ടപ്പായി വളരാന്‍ സാധ്യതയുള്ള സാങ്കേതികവിദ്യയെ ഉല്പന്നവല്ക്കരണത്തിലൂടെ വികസിപ്പിക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍. സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍.ഐ.ഐ.എസ്.ടി) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിലാണ് വിദഗ്ധര്‍ അഭിപ്രായപ്രകടനം നടത്തിയത്.
അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്‍റെ (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് സമ്മേളനം സംഘടിപ്പിച്ചത്.
എന്‍ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങളിലെ നൂതന ഗവേഷണ ആശയങ്ങളും ഉല്പന്നങ്ങളും വാണിജ്യപരമായി നിര്‍മ്മിക്കാനും വിപണിയിലെത്തിക്കാനുമുള്ള സാധ്യതകളെ കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. എണ്ണത്തിന്‍റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ഗുണമേന്‍മയുള്ള 'ഇംപാക്ട് സ്റ്റാര്‍ട്ടപ്പുകള്‍' വളരെ കുറവാണ്. സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ധാരാളം ഉല്പന്നങ്ങള്‍ എന്‍ ഐ ഐ എസ് ടി പോലുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ എണ്‍പത് ശതമാനം ഉല്പന്നങ്ങളും വിപണിയിലെത്തുമ്പോള്‍ സാമ്പത്തികമായി പരാജയപ്പെടുന്നു. വാണിജ്യപരമായി ഇത്തരം നൂതന ഉല്പന്നങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ടാറ്റ കോഫി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ദേവേന്ദ്ര റെഡ്ഡി കല്‍വ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എന്‍ ഐ ഐ എസ് ടി യിലെ ഗവേഷണങ്ങളിലൂടെ വികസിപ്പിക്കുന്ന ഉല്പന്നങ്ങളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനുള്ള പിന്തുണ നല്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു.
പുതിയ ഉല്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഏറ്റവും മൂല്യമുള്ളതെങ്കിലും ഉപഭോക്താക്കളാണ് നിലവില്‍ കൂടുതല്‍. ഇതിനൊരു മാറ്റമുണ്ടാകണമെന്നും നിര്‍മ്മാതാക്കളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യപരമായി ഒരു ഗവേഷകന് നേരിട്ട് ഗവേഷണ കണ്ടെത്തലുകളെ പുതിയൊരു ഉല്പന്നമായി വികസിപ്പിക്കാന്‍ കഴിയും. ഗവേഷകനും സംരംഭകനും ചേര്‍ന്നു ഒരു കമ്പനി രൂപീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ഗവേഷകന്‍ സ്വയം സംരംഭകന്‍ ആകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാപിത കമ്പനികള്‍ക്ക് ലോക വിപണിയില്‍ വളരാന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനരീതി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് ടാറ്റ കോഫി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ.ദേവേന്ദ്ര റെഡ്ഡി കല്‍വ പറഞ്ഞു.
ടാറ്റ കോഫി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഫിനാന്‍സ്) വെങ്കിട്ടരമണന്‍ സമ്മേളനത്തില്‍ സംസാരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ ഐ ഐ എസ് ടി യിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ ഉല്പന്നങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ചീഫ് സയന്‍റിസ്റ്റ് ഡോ. എസ് സാവിത്രി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ആര്‍. എസ്. പ്രവീണ്‍ രാജും സംസാരിച്ചു.
സ്റ്റാര്‍ട്ടപ്പ് മിഷനും എന്‍ ഐ ഐ എസ് ടിയും തമ്മിലുള്ള ധാരണാപത്രം സമ്മേളനത്തില്‍ കൈമാറി.
സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതികവിദ്യയും ഗവേഷണ-വികസന ആവശ്യകതയും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ രഞ്ജി ചാക്കോ (സി-ഡാക്), പ്ലാന്‍റ് ലിപിഡ്സ് മുന്‍ സിഇഒ രാമചന്ദ്രന്‍, ഡോ. പ്രീതി എം (സിഇഒ ടിബിഐസി എന്‍ഐഐടി കോഴിക്കോട്), പ്രബോധ് ഹാല്‍ഡെ (എം എസ് എം ഇ ഫെഡറേഷന്‍ മുംബൈ), ഡോ മന്തേഷ് ചക്രവര്‍ത്തി(ഐടിസി) എന്നിവര്‍ പങ്കെടുത്തു. എന്‍ ഐ ഐ എസ് ടി ചീഫ് സയന്‍റിസ്റ്റ് ഡോ. സുജാത ദേവി സെഷനില്‍ അധ്യക്ഷയായി.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും സാമ്പത്തിക പിന്തുണയും വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ കെഎസ് യുഎം സിഇഒ അനൂപ് അംബിക അധ്യക്ഷനായി. ഡോ. അജിത് പ്രഭു. വി (കെ.എസ്.സി.എസ്.ടി.ഇ), ശരത് വി രാജ് (കെ.ഐ.ഇ.ഡി), സി.എന്‍. ഭോജരാജ് (സെക്രട്ടറി, ലാഗു ഉദ്യോഗ് ഭാരതി, കര്‍ണാടക), ഡോ. നിഷാ ഭാരതി ( അഗ്രി-ബിസിനസ് മാനേജ്മെന്‍റ് വിഭാഗം മേധാവി, സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ ബിസിനസ്, പൂനെ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു