ആലപ്പുഴ: ശാസ്ത്രം സാധാരണ മനുഷ്യന് വേണ്ടിയുള്ള പ്രവർത്തനമാണെന്ന് ജീവിതം കൊണ്ടും കർമമേഖലകൊണ്ടും തെളിയിച്ച അതുല്യ പ്രതിഭയായിരുന്നു ഡോ. എം. എസ്. സ്വാമിനാഥൻ എന്ന് കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ശാസ്ത്രജ്ഞൻ എങ്ങനെയായിരിക്കണമെന്നും എന്തായിരിക്കണമെന്നും ലോകത്തിന് മാതൃകയാകാൻ അദ്ദേഹത്തിനായി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന ഡോ. എം. എസ്. സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാടിന്റെ കൃഷിയും ജീവിതവും ഹൃദയത്തിൻ സൂക്ഷിച്ചിരുന്ന എം.എസ്. സ്വാമിനാഥൻ എന്ന മഹാപ്രതിഭയുടെ സംഭാവനകളുടെ സ്മരണാർത്ഥം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി 'എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം' എന്ന് അറിയപ്പെടുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
രാജ്യസ്നേഹം എന്നാൽ എന്താണ് എന്ന് പതിറ്റാണ്ടുകൾക്കപ്പുറം തന്നെ അദ്ദേഹത്തിന് നിർവചിക്കാനായി. ഒരു രാജ്യം എന്നാൽ അവിടത്തെ മണ്ണും മനുഷ്യനും ചേരുന്നതാണെന്നും അവിടുത്തെ മനുഷ്യരെ സഹായിക്കുകയാണ് ശരിയായ രാജ്യസ്നേഹമെന്നും അദ്ദേഹം മനസ്സിലാക്കി. അവസാനത്തെ മനുഷ്യനെ കൂടി പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രാജ്യസ്നേഹവും രാഷ്ട്രീയവും. ഏറ്റവും സാധാരണ മനുഷ്യരാണ് എം.എസ്. സ്വാമിനാഥന്റെ ചിന്തകളിൽ എന്നും നിറഞ്ഞുനിന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന അദ്ദേഹം പിൽക്കാലത്ത് മുന്നോട്ടുവെച്ചത് നിത്യഹരിത വിപ്ലവം എന്ന ആശയമാണ്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന പരിസ്ഥിതിയെ പരിഗണിച്ചുകൊണ്ടുള്ള കാർഷിക മുന്നേറ്റമാണ് ഇനി രാജ്യത്തിന് ആവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ഏറ്റവും കുറഞ്ഞ അവശ്യ ധാതുവളങ്ങളും കുറഞ്ഞ രാസകീടനാശിനികളും ഉപയോഗിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഭക്ഷ്യസ്വയം പര്യാപ്തതയ്ക്കു മാത്രമല്ല, സാമ്പത്തിക മുന്നേറ്റത്തിനും കാർഷിക വികസനം അനിവാര്യമാണ് എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓരോ മനുഷ്യന്റെയും വിശപ്പകറ്റുക എന്ന ഈ ആശയമാണ് സർക്കാരിനെയും നയിക്കുന്നത്. ഈ നിലയിൽ പ്രവർത്തിക്കുന്ന എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും സർക്കാർ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ആസൂത്രണ കമ്മിഷൻ അംഗമായിരിക്കെ സ്ത്രീയും വികസനവും പരിസ്ഥിതിയും വികസനവും എന്നീ വിഷയങ്ങൾ അവതരിപ്പിക്കാൻ സാധിച്ച ദീർഘദർശിയായിരുന്നു എം.എസ്. സ്വാമിനാഥൻ എന്നും മന്ത്രി ഓർമിച്ചു. ലിംഗ, പാരിസ്ഥിതക, സ്വയംതൊഴിൽ മാനങ്ങൾ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൊണ്ടുവരാനും അദ്ദേഹത്തിനായി.
കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., തോമസ് കെ. തോമസ് എം.എൽ.എ., ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാൽ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, അന്തർദേശീയ കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ, പ്രിൻസിപ്പിൾ കൃഷി ഓഫിസർ സുജ ഈപ്പൻ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞൻ(റിട്ട.) ഡോ. പി.എസ്. ജോൺ, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അംഗവും എം.എസ്. സ്വാമിനാഥൻ കുടുംബാംഗവുമായ എം.കെ. പരമേശ്വരൻ, കർഷക പ്രതിനിധി പി.ടി. വർഗീസ് പത്തിൽ, ആത്മ പ്രോജക്ട് ഡയറക്ടർ സെറിൻ ഫിലിപ്പ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.