വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയിൽ സജീവ ഇടപെടൽ നടത്തി ജനങ്ങൾക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: അടപതിയന് വിപണിയിൽ ആകർഷക വില, അടപതിയൻ കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കാൻ ഈ ഇനം തെരഞ്ഞെടുത്തു ഇങ്ങനെ വളപ്രയോഗം ചെയ്യാം.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന സംസ്ഥാനത്തു വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ 2016ലെ വിലയ്ക്കാണ് ഇപ്പോഴും വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി ഉയർന്നതുകൊണ്ടല്ല, മറിച്ച് വിലക്കയറ്റത്തിൽ നാടിന്റെ പ്രയാസം കഴിയാവുന്നത്ര ലഘൂകരിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാർഷിക മേഖലയിൽ സംസ്ഥാനം സജീവ ഇടപെടൽ നടത്തുന്നതും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനു സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഏലക്കയ്ക്ക് നല്ല പച്ച നിറം ലഭ്യമാക്കുവാനും, വിപണിയിൽ നല്ല വില ലഭ്യമാക്കുവാനും ചെയ്യേണ്ട കാര്യങ്ങൾ
കാർഷികോത്പാദനം വർധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ കൃഷിവകുപ്പ് ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണു ശ്രമം. ഉത്പാദിപ്പിക്കപ്പെടുന്ന കാർഷികോത്പന്നങ്ങൾ കേടുവരാതെ സംരക്ഷിക്കേണ്ടതും പ്രധാനമാണ്. കാർഷികോത്പന്നങ്ങളുടെ മൂല്യവർധനയ്ക്കായി കൃഷി, തദ്ദേശ സ്വയംഭരണ, വ്യവസായ, സഹകരണ വകുപ്പുകൾ യോജിച്ചുള്ള പരിപാടി നടപ്പാക്കുന്നുണ്ട്. ഇതു നാടിന്റെ പൊതുസാഹചര്യത്തിൽ വലിയ മാറ്റമുണ്ടാക്കും. ഉത്പാദനവർധനയ്‌ക്കൊപ്പം കർഷകർക്കു മികച്ച വരുമാനവും ലഭിക്കും. പച്ചക്കറിക്കു താങ്ങുവില ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് കർഷകരുടെ വരുമാനം ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് സ്തുത്യർഹമായ പ്രവർത്തനമാണു നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങൾ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുതന്നെ സംഭരിക്കാനായാൽ ഉപഭോക്താവിനു കുറഞ്ഞ വിലയ്ക്കു നൽകാനാകും. ഇതാണു കൺസ്യൂമർഫെഡ് സ്വീകരിക്കുന്ന സമീപനം. ഇതാണു നല്ല വിലവ്യത്യാസത്തോടെ സാധനങ്ങൾ പൊതുജനങ്ങൾക്കു നൽകാനും അതുവഴി പൊതുവിപണിയോടു പിടിച്ചുനിൽക്കാനും കൺസ്യൂമർഫെഡിനെ സഹായിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിഷു, ഈസ്റ്റർ, റംസാൻ സഹകരണ വിപണികളുടെ ഭാഗമായി 778 വിപണന കേന്ദ്രങ്ങളാണു കൺസ്യൂമർഫെഡ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കുന്നത്. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും ഈ വിപണികളിലൂടെ സബ്‌സിഡി നിരക്കിൽ പൊതുജനങ്ങൾക്കു നൽകുക.