കർഷകരുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത വസ്തുക്കളാക്കി വിറ്റഴിക്കാൻ കഴിയണമെന്ന് ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. കോതമംഗലം എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാതല കർഷക അവാർഡ് വിതരണവും, ബ്ലോക്ക്തല കിസാൻ മേളയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിതമാക്കാൻ സർവ്വകലാശാല
കർഷകർ പല പ്രതിസന്ധികളും നേരിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തിൽ കർഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. വിളകൾക്ക് മാന്യമായ വിലയും, മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിനാവശ്യമായ സൗകര്യവും ഒരുക്കുന്നത് വഴി കർഷകരുടെ ഒരുവിധം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകർ നേരിടുന്ന വിപണന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗം ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗ്
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം ബബിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കാർഷിക സെമിനാറും, കിസാൻ മേളയും സംഘടിപ്പിച്ചു.
അവാർഡ് ജേതാക്കൾക്ക് ആന്റണി ജോൺ എം.എൽ.എ ഫലകവും പ്രശസ്തിപത്രവും സമ്മാനിച്ചു.