ന്യൂഡൽഹി: വില കുതിക്കുമ്പോൾ വീട്ടിലെ അടുക്കളയിൽ മാത്രമല്ല, ഹോട്ടലുകളിലോ അല്ലെങ്കിൽ ഓൺലൈൻ ഓർഡർ ചെയ്യുന്ന വിഭവങ്ങളിൽ പോലും തക്കാളി കഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഇന്ത്യൻ വിഭവങ്ങളിൽ മാത്രമല്ല തക്കാളി ഒഴിച്ചുകൂടാൻ പറ്റാത്തത് എന്നറിയാമല്ലോ.. എന്നാലിപ്പോൾ ഭക്ഷ്യ വിഭവങ്ങളിൽ നിന്നും താൽകാലികമായി തക്കാളി ഒഴിവാക്കിയിരിക്കുകയാണ് സാക്ഷാൽ മക്ഡൊണാൾസ്.
തക്കാളി വില റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഉത്തരേന്ത്യയിലെ ഫുഡ് സ്റ്റോറുകളിൽ നോട്ടീസ് പതിച്ചിരിക്കുകയാണ് കമ്പനി. തൊട്ടുമുമ്പ് വരെയും തക്കാളിയില്ലാതെയാണ് ഭക്ഷ്യവിഭവങ്ങൾ എത്തിച്ചിരുന്നത്. അതേസമയം, വിലക്കയറ്റമല്ല മറിച്ച് ഗുണനിലവാരമുള്ള ഭക്ഷണങ്ങൾ മാത്രമാണ് കസ്റ്റമേഴ്സിന് നൽകുന്നതെന്നും നല്ല തക്കാളി ലഭിക്കാത്തത് മൂലമാണ് ഭക്ഷ്യവിഭവങ്ങളിൽ തക്കാളി ഉൾപ്പെടുത്താത്തതെന്നും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കുമെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ തക്കാളി വില 250 രൂപ വരെ കടന്നു.
കൂടുതൽ വാർത്തകൾ: തുടർച്ചയായി 3 മാസം റേഷൻ വാങ്ങാത്തവരുടെ മുൻഗണനാ കാർഡുകൾ മാറ്റി
കൊച്ചിയിൽ 1 കിലോ തക്കാളിയ്ക്ക് 130 രൂപയാണ് വില. കനത്ത മഴമൂലം കൃഷിനാശം സംഭവിച്ചതോടെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തക്കാളി വരവ് കുറഞ്ഞു. ദീർഘനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കാത്തതും കൃത്യസമയത്ത് മാർക്കറ്റുകളിൽ എത്തിക്കാൻ സാധിക്കാത്തതും തക്കാളി വില കൂടാനുള്ള മറ്റ് കാരണങ്ങളാണ്.