സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 'മെഡിസെപ്' (MEDISEP) ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ അറിയിച്ചു. ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.
പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതർക്കും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വിള ഇൻഷുറൻസ് ക്ലെയിം-അത്യാഹിതം സംഭവിച്ചു 72 മണിക്കൂറിനുള്ളിൽ എളുപ്പത്തിൽ ചെയ്യാം
മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാകുന്ന ജീവനക്കാരും പെൻഷൻകാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്‌ക്കേണ്ടത്. പദ്ധതിയുടെ കീഴിൽ വരുന്ന പൊതു/സ്വകാര്യ ആശുപത്രികളിൽ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകൾക്ക് ഓരോ കുടുംബത്തിനും മൂന്നു വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഇതിൽ 1.5 ലക്ഷം രൂപ ഓരോ വർഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്. പ്രതിവർഷ കവറേജിൽ 1.5 ലക്ഷം രൂപ മൂന്ന് വർഷത്തെ ബ്ലോക് പിരീഡിനകത്ത് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തിൽ ഫ്‌ലോട്ടർ (floater) അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന പരിരക്ഷ കൂടാതെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവയവമാറ്റ ചികിത്സാ പ്രക്രിയകൾക്ക് ഇൻഷ്വറൻസ് കമ്പനി 35 കോടി രൂപയിൽ കുറയാത്ത തുക ഉൾപ്പെടുത്തി രൂപീകരിക്കുന്ന കോർപ്പസ് ഫണ്ടിൽ നിന്ന് (മൂന്നു വർഷത്തെ പോളിസി കാലയളവിനകത്ത്) വിനിയോഗിക്കാം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകൾക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയർ ചികിത്സാ പ്രക്രിയകൾക്കും ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ചെലവുകൾക്ക് പരിരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ചെയ്യേണ്ടത് ?
എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാർജ്ജുകൾ (Diagnostic), രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടും. പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാർഡ് www.medisep.kerala.gov.in ലെ മെഡിസെപ് ഐ.ഡി യൂസർ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ് 'മെഡിസെപ്' നടപ്പിൽ വരുത്തുന്നതെന്ന് ധനമന്ത്രി അറിയിച്ചു.