സഹായിക്കാൻ മനസുണ്ടെങ്കിൽ കയ്യിൽ ചില്ലറ വേണമെന്നില്ല. ഭക്ഷണത്തിനുള്ള വകയ്ക്കായി കൈ നീട്ടുകയല്ല, തന്റെ കൈയിലെ ഫോണിലുള്ള ഫോൺ പേ സ്കാനർ നീട്ടുകയാണ് യാജകനായ രാജു പട്ടേൽ. പൈസയായിട്ട് ഇല്ലെങ്കിൽ ഫോൺ പേ ചെയ്താൽ മതിയെന്നാണ് അദ്ദേഹം സഹായദാതാക്കളോട് പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പുച്ഛത്തിന് 'മിന്നൽ' വേഗത്തിൽ 10 ലക്ഷം വീശി കാർ വാങ്ങാനെത്തിയ കർഷകന്റെ മറുപടി
ഇപ്പോൾ ഭിക്ഷക്കാരുടെ കയ്യിൽ വരെ ആൻഡ്രോയിഡ് ഫോണുണ്ടെന്ന് കളിയ്ക്ക് നമ്മൾ പറയാറില്ലേ! ആ ഫോൺ ഉപയോഗിച്ച് കൊവിഡ് കാലത്ത് ഡിജിറ്റൽ പേമെന്റിന്റെ സാധ്യത വിനിയോഗിക്കുകയാണ് ബിഹാർ സ്വദേശിയായ ഈ നാൽപ്പത് വയസ്സുകാരൻ.
ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാകുന്നുവെന്ന സൂചനയായി വേണമെങ്കിൽ ഇതിനെ അനുമാനിക്കാം. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള രാജുവിന്റെ ഭിക്ഷാടന രീതി സമൂഹമാധ്യമങ്ങളിൽ നിറയെ പ്രശംസയ്ക്ക് വഴിവച്ചെങ്കിലും, ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇപ്പോഴും സമൂഹത്തിൽ തളം കെട്ടി കിടക്കുകയാണല്ലോ എന്നാണ് പലരും നിരാശ പങ്കുവയ്ക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഭിക്ഷക്കാരൻ (India’s First Digital Beggar)
ബിഹാറിലെ ബേട്ടിയ റെയിൽവേ സ്റ്റേഷനിലെ സ്ഥിരസാന്നിധ്യമാണ് രാജു പട്ടേൽ . ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലുള്ള ബേട്ടിയ നഗരത്തിലാണ് താമസം. 'ഞാൻ ഫോൺ പേയും ഇ- വാലറ്റും സ്വീകരിക്കും. എന്റെ വയറു നിറയ്ക്കുന്നതിനുള്ള പണം ഇതുവഴി ലഭിക്കും,' എന്നാണ് പൈസയില്ലല്ലോ എന്ന് പറഞ്ഞ് ഒഴിവാക്കുന്നവരോടും രാജു പറയുന്നത്.
ക്യുആർ കോഡുള്ള പ്ലക്കാർഡും കഴുത്തിൽ തൂക്കി ഭിക്ഷയെടുക്കുന്ന രാജുവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നാടെങ്ങും പാട്ടായി. ഇതോടെ ഇന്ത്യയിലെ 'ആദ്യ ഡിജിറ്റൽ ഭിക്ഷക്കാരൻ' എന്ന ടാഗ് ലൈൻ രാജുവിനും ലഭിച്ചു.
പത്ത് വയസ്സ് മുതൽ ബേട്ടിയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തി വയറ് നിറയ്ക്കുകയാണ് രാജു. അച്ഛന്റെ മരണത്തിന് പിന്നാലെയാണ് മനുഷ്യസ്നേഹികളുടെ കരുണ തേടി തുടങ്ങിയത്. മടിയനും ബുദ്ധി വളർച്ചയിലെ പ്രശ്നനങ്ങളും കാരണം ഭിക്ഷാടനം ഉപജീവനമാർഗമായി സ്വീകരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഇവർക്ക് അന്നം നൽകാനോ ആശ്രയം നൽകാനോ ഇപ്പോഴും ഡിജിറ്റൽ ഇന്ത്യയ്ക്ക് സാധിക്കുന്നില്ലല്ലോ എന്ന് അധികാരികളെ പഴിക്കുന്നുണ്ട് ട്വീറ്റുകളും കമന്റുകളും.
എന്നാലും, രാജുവിന്റെ ഡിജിറ്റൽ ഭിക്ഷാടനത്തെ വിചിത്രമായി കാണാതെ, കൂടുതൽ പ്രായോഗികമാക്കണം എന്നാണ് ട്വിറ്ററുകളിൽ പലരും അഭിപ്രായം പങ്കുവച്ചത്. കാരണം, കോവിഡ് മഹാമാരിയുടെ കാലത്ത് ഇതുപോലെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഭൂരിഭാഗവും വിശദമാക്കുന്നത്.
എങ്കിലും ഡിജിറ്റലൈസേഷൻ ദാരിദ്ര്യ നിർമാർജനം സാധ്യമാക്കുകയില്ല. ഭിക്ഷാടനം കുറയ്ക്കാനും ഇത്തരം ആളുകൾക്ക് ജോലികൾ നൽകാനും ഭിക്ഷാടനത്തിൽ നിന്ന് ഇവരെ കരകയറ്റാനും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്തത് നിരാശജനകമാണെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു.
'പലതവണ, ചില്ലറയില്ലെന്നും ചെറിയ നോട്ടുകളില്ലെന്നും പറഞ്ഞ് ആളുകൾ എനിക്ക് ഭിക്ഷ നൽകാൻ വിസമ്മതിച്ചു. ഇ-വാലറ്റുകളുടെ കാലത്ത് പണം കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്നാണ് നിരവധി യാത്രക്കാർ പറഞ്ഞിട്ടുള്ളത്. അങ്ങനെയാകുമ്പോൾ ഞാനും അതേ പാത തുടരാൻ ഒരു ബാങ്ക് അക്കൗണ്ടും ഇ-വാലറ്റ് അക്കൗണ്ടും തുടങ്ങി,' ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഭിക്ഷക്കാരൻ പറഞ്ഞു.