സംസ്ഥാനത്ത് പാൽ ക്ഷാമം പരിഹരിക്കാൻ മഹാരാഷ്ട്രയിൽ നിന്ന് കട്ടിയാക്കിയ പാൽ കൊണ്ടുവരാനുള്ള നടപടികളുമായി മിൽമ. മഹാരാഷ്ട്രയിലെ ഗോദാവരി ഖോർ സഹകരണ സംഘം പ്രതിദിനം 20,000 ലിറ്റർ കട്ടിപാൽ വിതരണം ചെയ്യാൻ സമ്മതിച്ചതായി മുതിർന്ന മിൽമ ഉദ്യോഗസ്ഥർ പറഞ്ഞു.ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് പാലിന് വലിയ ക്ഷാമമുണ്ടാകുമെന്നും നിലവിലെ സ്ഥിതി കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ മിൽമയ്ക്ക് മുന്നോട് പോകാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു.
,സ്ഥിതി വിവര കണക്കുകൾ പ്രകാരം കേരളം പ്രതിദിനം 12.5 ലക്ഷം ലിറ്റർ പാലാണ് ഉപയോഗിക്കുന്നത്. നിലവിൽ, പ്രതിദിനം 1.5 ലക്ഷം ലിറ്റർ ക്ഷാമമുണ്ട്. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മിൽമ പ്രതിദിനം 1.5 ലക്ഷം ലിറ്റർ പാൽ വിതരണം ഉറപ്പാക്കുന്നതിന് തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്.ക്ഷീര ഉത്പന്നങ്ങളുടെ ആവശ്യം ഉയരുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നതിനാൽ ഏപ്രിൽ മാസത്തോടെ ഈ കുറവ് പുതിയ തലങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
ഈ വേനൽക്കാലത്ത് പ്രതിദിനം 50000 ലിറ്റർ പാൽ അധികമായി ആവശ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മട്ട , തൈര്, ഐസ് ക്രീം, നെയ്യ്, സിപ് അപ്പ് എന്നിവയുൾപ്പെടെയുള്ള പാൽ ഉൽപ്പന്നങ്ങൾ മിൽമയിലുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ ആവശ്യകത വേനൽക്കാലത്ത് വർദ്ധിക്കാറാണ് പതിവ്. അതിനാൽ ആവശ്യമായ വിതരണം ഉറപ്പാക്കാൻ കൂടുതൽ വഴികൾ പരിശോധിക്കുന്നുണ്ടെന്നും മിൽമ അധികൃതർ പറഞ്ഞു. പാലുൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കട്ടിയാക്കിയ പാൽ ഉപയോഗിക്കുക എന്നതാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചൂട് കൂടിയതും, കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്‍റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്‍റെ കുറവാണ് സംസ്ഥാനത്തുള്ളത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്.ഉൽപ്പാദനച്ചെലവ് കൂടിയതും കാലിത്തീറ്റയുടെ വില കൂടിയതുമാണ് കർഷകർ ക്ഷീരമേഖല ഉപേക്ഷിക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ.