1. ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ MILK ATM പ്രവർത്തനമാരംഭിച്ചു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഇടുക്കി ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറിൽ മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ഒരു ദിവസം 1000 ലിറ്ററോളം പാൽ ഇതുവഴി ഗുണഭോക്താക്കളിലേക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മെഷീനിൽ നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് 24 മണിക്കൂറും പാൽ ലഭ്യമാകും. ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ച പദ്ധതിക്ക് 1,20,000/- രൂപ ക്ഷീരവികസന വകുപ്പ് ധനസഹായം നൽകി. ദേവികുളം ബ്ലോക്കിലെ ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാർ ടൗണിൽ ആരംഭിച്ച മിൽക്ക് എ.ടി.എം. ലൂടെ ഉപഭോക്താക്കൾക്ക് ഏത് സമയത്തും പാൽ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
2. കേന്ദ്രസർക്കാരിൽനിന്ന് അർഹമായ തുക അനുവദിക്കാത്ത സാഹചര്യത്തിലും കേരളത്തിലെ നെൽകർഷകർക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കുകയാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പത്രക്കുറിപ്പിൽ അറിയിച്ചു. 2023-24 സംഭരണവർഷത്തെ രണ്ടാം വിളയിൽ 1,98,755 കർഷകരിൽ നിന്നായി സംഭരിച്ച 5.59 ലക്ഷം മെട്രിക് ടണ്ണിന്റെ വിലയായ 1584.11 കോടി രൂപയിൽ ഇനി 3486 കർഷകർക്കായി 25.64 കോടി രൂപ മാത്രമെ നല്കാനുള്ളൂ. ഇതിനായി സംസ്ഥാന സർക്കാർ 50 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ തുക വിതരണം പൂർത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. സംസ്ഥാനത്ത്, മഴ ശക്തിപ്രാപിക്കുന്നു. 17-ആം തീയതി വരെ കനത്ത മഴതുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. തീവ്രമഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.