Updated on: 4 December, 2020 11:18 PM IST

പോഷകാഹാരമെന്ന നിലയില്‍ വലിയ പ്രാധാന്യമുളള വിളകളാണ് ചെറുധാന്യങ്ങള്‍. പാവങ്ങളുടെ ആഹാരം എന്നെഴുതി തള്ളിയിരുന്ന ചെറധാന്യങ്ങള്‍ ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇടം നേടിക്കഴിഞ്ഞു. വൈഗ 2020 ന്റെ ഭാഗമായി നടന്ന ചെറുധാന്യങ്ങള്‍ -പോഷകത്തിനും വരുമാനത്തിനും എന്ന സെമിനാര്‍ ചര്‍ച്ച ചെയ്തതും ഈ വിഷയം തന്നെയാണ്. വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന ചെറുധാന്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ഇനങ്ങളായതിനാല്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വെല്ലുവിളികളോടെ ഏറ്റെടുക്കാവുന്ന കൃഷിയാണ്. ഇന്നത്തെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍,അമിതവണ്ണം എന്നിവയെ പടിക്കുപുറത്തു നിര്‍ത്താന്‍ ചെറുധാന്യങ്ങള്‍ക്ക് കഴിയും. പൂര്‍ണ്ണമായും അരിയും ഗോതമ്പും ഒഴിവാക്കാന്‍ കഴിയാത്തവര്‍ക്ക് ഭാഗികമായി ചെറുധാന്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

 

ലോകമൊട്ടാകെ ചെറുധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ് 2023 അന്താരാഷ്ട്ര ചെറുധാന്യവര്‍ഷമായി ആചരിക്കുന്നത്. മലയാളി വരുമാനത്തിന്റെ മുപ്പതുശതമാനവും മരുന്നിനായി ചിലവഴിക്കുന്ന ഇന്നത്തെ കാലത്ത് അതിനൊരു മാറ്റത്തിന് ചെറുധാന്യം സഹായിക്കും. നല്ല ഭക്ഷണം നല്ല ആരോഗ്യത്തിന് എന്നതായിരുന്നു ചര്‍ച്ചയില്‍ പൊതുവെ ഉയര്‍ന്നു വന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് ഇന്‍കുബേഷന്‍ കേന്ദ്രം മേധാവി ഡോക്ടര്‍.ബി.ദയാകര്‍ റാവു അധ്യക്ഷനും കേരള കാര്‍ഷിക സര്‍വ്വകലാശാല ദക്ഷിണ മേഖല എഡിആര്‍ ഡോക്ടര്‍ എ.എസ്.അനില്‍ കുമാര്‍ ഉപാധ്യക്ഷനുമായി നടന്ന ചര്‍ച്ചയില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല മില്ലറ്റ് വകുപ്പ് മേധാവി ഡോക്ടര്‍.ആര്‍.രവികേശവന്‍, ധാര്‍വ്വാഡ് സര്‍വ്വകലാശാലയിലെ സീനിയര്‍ പ്രൊഫസര്‍ ഡോക്ടര്‍ ശാന്തകുമാര്‍, ഹൈദരാബാദ് ഇക്രിസാറ്റിലെ മാനേജര്‍ ലക്ഷ്മി.ആര്‍.പിള്ള, കോയമ്പത്തൂര്‍ കെവികെയിലെ കോഓര്‍ഡിനേറ്റര്‍ ബിന്ദു ഗൗരി, പാപ്പനംകോട് നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞ ഡോക്ടര്‍.നിഷ, വെള്ളായണി കാര്‍ഷിക കോളേജിലെ അഗ്രോണമി പ്രൊഫസര്‍ ഡോക്ടര്‍ ഷീബ റബേക്ക ഐസക് ,വയനാട് പിഎഒ സുരേഷ് , അട്ടപ്പാടിയിലെ കുട്ടിയണ്ണന്‍ മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

ചെറുധാന്യ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരേണ്ടതിന്റെ ആവശ്യകതകയും സെമിനാര്‍ ചര്‍ച്ച ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുളള പോഷക പദ്ധതിയില്‍ മില്ലറ്റിനെ ഉള്‍പ്പെടുത്തുന്ന കാര്യവും നീതി ആയോഗുമായി സംസാരിക്കുമെന്നും ദയാകര്‍ റാവു പറഞ്ഞു. ദേശീയ മില്ലറ്റ് മിഷനില്‍ കേരളത്തെ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ചെറുധാന്യകൃഷിയില്‍ പിന്നോക്കം നില്‍ക്കുന്ന കേരളത്തിന് ഹോര്‍ട്ടികള്‍ച്ചറില്‍ എന്നപോലെ ഒരു കുതിപ്പുണ്ടാക്കാന്‍ സാധിക്കും. ഇതിന് പ്രധാനമായും വേണ്ടത് മോട്ടിവേഷനും ബോധവത്ക്കരണവുമാണ്. കര്‍ഷകര്‍ക്ക് വിത്ത് ലഭ്യമാക്കി ,കൃത്യമായ പരിശീലനവും കൊയ്ത്തു കഴിഞ്ഞുള്ള പ്രോസസിംഗില്‍ വേണ്ട സഹായവും നല്‍കണം . ഉത്പ്പന്നത്തിന് ലാഭകരമായ മാര്‍ക്കറ്റും മൂല്യാധിഷ്ടിത ഉത്പ്പന്ന നിര്‍മ്മാണ സഹായവും ലഭിക്കാന്‍ കഴിയും വിധം അതിനുളള സ്ഥാപനങ്ങളും ഉണ്ടാവണം.

 

ഏത് കാലാവസ്ഥയെയും കീടങ്ങളേയും രോഗങ്ങളേയും അതിജീവിക്കുന്ന ചെറുധാന്യങ്ങള്‍ മാന്ത്രിക വിത്ത് എന്നാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കി മില്ലറ്റ് കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. സൗജന്യ വിത്തു വിതരണം, പതിനായിരത്തോളം ക്ലാസുകള്‍, പ്രോസസിംഗ് യൂണിറ്റുകള്‍ എന്നിങ്ങനെ ഈ രംഗത്ത് വലിയ മാറ്റത്തിനാണ് നാന്ദി കുറിച്ചിരിക്കുന്നത്. പന്ത്രണ്ട് പ്രോസസിംഗ് യൂണിറ്റുകളും മില്ലറ്റ് ഉത്പ്പന്നങ്ങള്‍ മാത്രമുളള രണ്ട് ഹോട്ടലുകളും തമിഴ്‌നാട്ടിലുണ്ട്. അരികൊണ്ട് ഉണ്ടാക്കാവുന്ന എല്ലാ ഉത്പ്പന്നങ്ങളും ഉണ്ടാക്കുന്നതിന് പുറമെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും നിര്‍മ്മിക്കാന്‍ പരിശീലനം കൊടുക്കുകയും സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.വൈനും ബിയറും എത്തനോളും നിര്‍മ്മിക്കാനും മില്ലറ്റുകള്‍ ഉപയോഗിക്കാം.

ചോളം,ചാമ,തിന,വരക് റാഗി,കമ്പ് എന്നിങ്ങനെ വിവിധ ഇനങ്ങളുള്ളതില്‍ മലയാളിക്ക് രുചികരമാകുന്നതെന്ത് എന്നു കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ലോകമൊട്ടാകെ 18-20 ദശലക്ഷം ഹെക്ടറിലായി 15-18 ദശലക്ഷം ടണ്‍ മില്ലറ്റാണ് ഉത്പ്പാദിപ്പിക്കപ്പെടുന്നത്. ചൈനയും റഷ്യയും ആഫ്രിക്കയും കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് രാജസ്ഥാനാണ്. കമ്പാണ് പ്രധാന കൃഷി. ആന്ധ്രയും ഒറീസയും തമിഴ്‌നാടും കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത് റാഗിയാണ്. ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളില്‍ 42 ശതമാനവും ഇന്ത്യയാണ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ഭക്ഷ്യസുരക്ഷയിലും പോഷകാഹാര സുരക്ഷയിലും നിര്‍ണ്ണായക പങ്കു വഹിക്കാന്‍ കഴിയുന്ന ചെറുധാന്യങ്ങളെ ഗൗരവമായി കണക്കിലെടുക്കാന്‍ ശാസ്ത്ര സമൂഹം ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്.

 

കേരളം എഴുപത് ശതമാനവും അരിയാഹാരത്തെയാണ് ആശ്രയിക്കുന്നത്. ഇത് മാറണം. പലയിടത്തും നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും മനസിലാകുന്നത് പോഷകാഹാരക്കുറവ് നികത്താന്‍ ചെറു ധാന്യങ്ങള്‍ക്ക് കഴിയും എന്നു തന്നെയാണ്. കേരളം ഒരു കാലത്ത് സജീവമായി ഉപയോഗിച്ചുകൊണ്ടിരുന്ന മുത്ത് ചോളം,അരിച്ചോളം,വെളളച്ചോളം,കരിഞ്ചോളം,ചെഞ്ചോലം,വെളളടമ്പന്‍,കുറുവക്കമ്പി,കുതിരവാലന്‍,വരക്, ചാമ,ചെറുചാമ ഒക്കെയും നെല്ലിന്റെ കുതിച്ചു കയറ്റത്തോടെ പിന്‍വലിഞ്ഞവയാണ്. കമ്പ് കഞ്ഞി പ്രഭാത ഭക്ഷണമാക്കിയാല്‍ ഉച്ചവരെ ഊര്‍ജ്ജം നില്‍ക്കും എന്നാണ് ആദിവാസി മൂപ്പനായ കുട്ടിയണ്ണന്‍ പറഞ്ഞത്. മലബന്ധം ഒഴിവാക്കാനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം ഒഴിവാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും അലര്‍ജി രോഗങ്ങളെ പ്രതിരോധിക്കാനും ആന്റി ഓക്‌സിഡന്റ് എന്ന നിലയിലും ആരോഗ്യത്തില്‍ നിസീമമായ സ്വാധീനം ചെലുത്താന്‍ ചെറുധാന്യങ്ങള്‍ക്ക് കഴിയും.

 

കേരളത്തില്‍ ഇപ്പോള്‍ അട്ടപ്പാടിയില്‍ മാത്രമാണ് കൃഷിയുള്ളത്. മില്ലറ്റ് 65-90 ദിവസങ്ങള്‍കൊണ്ട് മൂപ്പെത്തും. നെല്ലിന് 100 ദിവസത്തില്‍ കൂടുതല്‍ വേണം. ഒരു കിലോ അരി ഉത്പ്പാദിപ്പിക്കാന്‍ 500 ലിറ്റര്‍ വേളളം വേണം, മില്ലറ്റിന് 30 ലിറ്റര്‍ മതിയാകും. നെല്ല് ചൂട് കൂടിയാല്‍ പതിരാവും, എന്നാല്‍ മില്ലറ്റ് 40 ഡിഗ്രി വരെ ചെറുക്കും. അമ്ലത്വം കൂടിയ മണ്ണിലും മില്ലറ്റ് കൃഷി ചെയ്യാം. ജൈവ വളം മാത്രം മതിയാകും. അതുകൊണ്ടുതന്നെ രാസാവശിഷ്ടങ്ങളും കീടങ്ങളും രോഗങ്ങളും കുറയുന്നു. തരിശു നിലങ്ങളിലും നല്ല സൂര്യപ്രകാശമുള്ളിടത്ത് ഇടവിളയായും മില്ലറ്റ് കൃഷി ചെയ്യാം. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അരി ഇഷ്ടമല്ല. അവരുടെ ഇഷ്ടഭക്ഷണം മില്ലറ്റാണ്. സര്‍ക്കാര്‍ എല്ലാം സൗജന്യമായി നല്‍കി അലസരാക്കിയ ആദിവാസികള്‍ ഇപ്പോള്‍ മില്ലറ്റ്് വില്ലേജ് എന്ന പദ്ധതിയിലൂടെ കൃഷിയിലേക്ക് മടങ്ങി വരുകയാണ്. ഇരുളരും മുദുഗരും കുറുംബ വര്‍ഗ്ഗക്കാരും ഒരുപോലെ പദ്ധതിയുടെ ഭാഗമായി. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങാനും ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനും ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷനും ശ്രമം നടന്നുവരുകയാണെന്ന് വയനാട് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സുരേഷ് പറഞ്ഞു.സുരേഷ് -നമ്പര്‍- 9443174433

English Summary: Millets for nutrition and income generation
Published on: 06 January 2020, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now