കന്നുകാലികളുടെ വിൽപനയ്ക്കായി മിൽമ കൗ ബസാർ തുടങ്ങുന്നു .ക്ഷീര കർഷകരെ സഹായിക്കാൻ പച്ചക്കറിക്കൃഷിയും ആരംഭിക്കാൻ പദ്ധതിയുണ്ട്.ഇടനിലക്കാരെ ഒഴിവാക്കി കർഷകർ തമ്മിൽ കറവപ്പശുക്കളുടെ കൈമാറ്റം സുഗമമാക്കുന്നതിനാണ് കൗ ബസാർ. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പശുവിനെ വിൽക്കാനും വാങ്ങാനുമുള്ള വിവരം കർഷകർ അറിയുക. കർഷകർക്ക് അധിക വരുമാനമാണ് പച്ചക്കറിക്കൃഷിയിലൂടെ ലക്ഷ്യമിടുന്നത്.
ക്ഷീര വിപണന മേഖലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി പാൽ വിതരണത്തിന് മിൽക് എടിഎമ്മുകൾ തുറക്കാനും പദ്ധതിയുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ 5 കേന്ദ്രങ്ങളിലാണ് എടിഎം തുടങ്ങുക. പാത്രങ്ങളുമായി എത്തി പാലുമായി മടങ്ങാം. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കവർ പാൽ കുറയ്ക്കാനായി സഞ്ചരിക്കുന്ന വിൽപനശാല തിരുവനന്തപുരം നഗരത്തിൽ തുടങ്ങി. പക്ഷേ പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചില്ല. അതിനാലാണ് മിൽക് എടിഎം തുടങ്ങാൻ പദ്ധതിയിട്ടത്.പാൽ നിറയ്ക്കാൻ പ്ലാസ്റ്റിക് കവർ ഒഴിവാക്കി പകരം സംവിധാനം ഒരുക്കാനുള്ള പരീക്ഷണത്തിലാണ് മിൽമ. പരിസ്ഥിതിക്കു ദോഷമില്ലാത്തതും മണ്ണിൽ ലയിക്കുന്നതുമായ കവർ ചോളത്തിൽ നിന്ന് ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതിൽ പാൽ നിറയ്ക്കുമ്പോൾ പൊട്ടിപ്പോകുന്നതിനാൽ ശ്രമം ഉപേക്ഷിച്ചു .