തിരുവനന്തപുരം: ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ ആവശ്യങ്ങളും വ്യവസായ മന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ.
ബന്ധപ്പെട്ട വാർത്തകൾ: മുള ഇനി മരമല്ല, പച്ച സ്വര്‍ണ്ണമാണ്
മഞ്ച പുന്നവേലിക്കോണത്ത് ഈറ്റ തൊഴിലാളികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈറ്റയുടെ ലഭ്യത കുറവാണ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും പ്രശ്‌നപരിഹാരത്തിനായി ബാംബൂ കോർപ്പറേഷൻ ചെയർമാനുമായി സംസാരിച്ച് പ്രതിവിധി കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
നിർമാണം പുരോഗമിക്കുന്ന നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ ഈറ്റ ഉൽപ്പന്നങ്ങൾക്കായി ഒരു വിപണന കേന്ദ്രം തുറക്കുന്നതിന് നഗരസഭയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആവശ്യങ്ങൾ അറിയിച്ചുകൊണ്ടുള്ള നിവേദനം ഈറ്റ തൊഴിലാളികൾ മന്ത്രിക്ക് നൽകി. നിവേദനം വ്യവസായ മന്ത്രി പി. രാജീവിന് കൈമാറുമെന്നും മന്ത്രി ഉറപ്പ് നൽകി.
മഞ്ച വാർഡിലെ പുന്നവേലിക്കോണം, വാഴവിള പ്രദേശങ്ങളിൽ നിന്നുള്ള അൻപതോളം ഈറ്റ തൊഴിലാളികളാണ് യോഗത്തിൽ പങ്കെടുത്തത്. പുന്നവേലിക്കോണം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ റ്റി. എസ്. എച്ച് വാർഡ് കൗൺസിലർ ബിജു. എൻ പങ്കെടുത്തു.