1. സംസ്ഥാനത്തെ 30 ലക്ഷം റേഷൻ കാർഡുകൾ പിവിസി രൂപത്തിലേക്ക് മാറിയെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് ആകെയുള്ളത് 94 ലക്ഷം റേഷൻ കാർഡുകളാണ്. നിയമസഭയിലെ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 മുതലാണ് പിവിസി റേഷൻ കാർഡുകൾ നിലവിൽ വന്നത്. എടിഎം രൂപത്തിലാണ് സ്മാർട്ട് റേഷൻ കാർഡുള്ളത്. ഇതിൽ ക്യൂ ആഡ കോഡും ബാർ കോഡും ഉണ്ടാകും. ഇ റേഷൻ കാർഡ് പരിഷ്കരിച്ചാണ് സ്മാർട്ട് കാർഡുകളാക്കിയത്.
2. ജന്തുക്ഷേമ ദ്വൈവാരാചരണത്തിൻ്റെ സമാപന സമ്മേളനം കൊല്ലം രാമവർമ്മ ക്ലബിൽ വെച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അരുമ മൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ജന്തുക്ഷേമ പ്രവര്‍ത്തങ്ങള്‍ നടപ്പിലാക്കും. വെറ്ററിനറി ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ജന്തുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ചിത്രരചന, ക്വിസ്, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷത വഹിച്ചു.
3. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ കര്‍ഷകര്‍ക്കും സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണമായാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ പഞ്ചായത്തിലെ 200-ലധികം ക്ഷീരകര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കും. ക്ഷിരോത്പാദക സംഘം പ്രസിഡന്റ് മാണി ജെ ബാബു അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സജയകുമാര്‍, ഡയറി ഇന്‍സ്ട്രക്ടര്‍ സുധീഷ്, മറ്റു ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
4. ആലപ്പുഴ ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളില്‍ ക്ഷീര സംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. നിലവില്‍ അഞ്ചോ അതില്‍ അധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിശീല പരിപാടിയില്‍ മുന്‍ഗണന നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി ഒന്ന് വൈകുന്നേരം അഞ്ച് മണി വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് : 04762698550, 8089391209