1. News

തീറ്റപ്പുല്‍ കൃഷി-കാലിത്തീറ്റ-പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും

തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി പാല്‍ ഉത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
തീറ്റപ്പുല്‍ കൃഷി-കാലിത്തീറ്റ-പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും
തീറ്റപ്പുല്‍ കൃഷി-കാലിത്തീറ്റ-പശു വളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി കേരളത്തെ സ്വയംപര്യാപ്തമാക്കും

തൃശ്ശൂർ: തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കി പാല്‍ ഉത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പശുവിനെ വിറ്റ് മത്സരത്തില്‍ പങ്കെടുക്കേണ്ടിവന്ന ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു പശുവിനെ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിന്റെ മലബാര്‍ മേഖല യൂണിയന്റെ പാലാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് ഏറ്റവും ഗുണമേന്മയുള്ള പാലായി തിരഞ്ഞെടുത്തത്. ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിന് നിയമസഭയില്‍ കാലിത്തീറ്റ ബില്‍ പാസാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു വര്‍ഷത്തിനുള്ളില്‍ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം 50 പഞ്ചായത്തുകളില്‍ കൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കും. ചര്‍മ്മ മുഴ ബാധിച്ച് മരണപ്പെട്ട 800 പശുക്കള്‍ക്കുള്ള ധനസഹായവും നല്‍കും. കറവപ്പശുക്കള്‍ക്ക് 30000 രൂപ, കിടാരികള്‍ക്ക് 10000 രൂപ, കന്നുകുട്ടികള്‍ക്ക് 5000 എന്നിങ്ങനെയാണ് ധനസഹായം വിതരണം ചെയ്യുന്നത്. സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. പശുക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് കെ എല്‍ ഡി ബോര്‍ഡില്‍ നിന്ന് ഇന്‍ഷ്വര്‍ ചെയ്ത അഞ്ചു പശുക്കളെ നല്‍കി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. അവര്‍ക്കാവശ്യമായ പഠനത്തിനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.

ഡയറി സയന്‍സ് കോളജ് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തി നല്‍കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായ ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷീരമേഖലയിലെ വലിയ ഉണര്‍വിനാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. കേരളം എല്ലാ മേഖലയിലും കൈവരിച്ച മാതൃകാപരമായ വികസനം ക്ഷീര വികസനത്തിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത ചൊവ്വന്നൂര്‍ ബ്ലോക്കില വേലൂര്‍ പഞ്ചായത്തിനെ വേദിയില്‍ അനുമോദിച്ചു. മികച്ച ക്ഷീരകര്‍ഷകന്‍, യുവകര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, ബ്ലോക്ക് തലത്തിലുള്ള കര്‍ഷകര്‍, കന്നുകാലി പ്രദര്‍ശനത്തില്‍ സമ്മാനം നേടിയവര്‍, വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ വിജയിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള സമ്മാനവിതരണവും നടന്നു. ഡയറി ഫാമിങിലെ നൂതന സാങ്കേതിക വിദ്യകള്‍ എന്ന വിഷയത്തില്‍ ക്ഷീരകര്‍ഷക സെമിനാര്‍ 'പഞ്ചഗവ്യം' അവതരിപ്പിച്ചു. തിരുവാഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസേര്‍ച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. എ പ്രസാദ് വിഷയാവതരണം നടത്തി.

ചേലക്കര മുഖാരിക്കുന്ന് ശ്രീമൂലം തിരുനാള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ മാസ്റ്റര്‍, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുല്‍ ഖാദര്‍, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ശ്രീജയന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, എറണാകുളം മേഖലാ ക്ഷീരോല്‍പാദക സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ രാംഗോപാല്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടര്‍ എന്‍ വീണ, എറണാകുളം മേഖല മില്‍മയുടെ ഭരണസമിതി അംഗങ്ങളായ ഭാസ്‌കരന്‍ ആദംകാവില്‍, താര ഉണ്ണികൃഷ്ണന്‍, എന്‍ സത്യന്‍, ഷാജു വെളിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Kerala be self-sufficient by subsidizing fodder cultivation fodder n cow rearing

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds