Updated on: 28 January, 2023 12:31 PM IST
കർഷകനെ പുഷ്പ കിരീടം അണിയിച്ച് കൃഷിമന്ത്രി പി പ്രസാദ്

തലസ്ഥാന നഗരിയിലെ മലയോര പ്രദേശമായ നെടുമങ്ങാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ട് കൃഷിമന്ത്രി പി പ്രസാദും , ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും കൂടെ ഉദ്യോഗ സംഘവും കർഷകരുടെ കൃഷിയിട സന്ദർശനം നടത്തുകയുണ്ടായി. നെടുമങ്ങാട് കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായാണ് മന്ത്രിമാരും സംഘവും കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തിയത്.

നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, കരകുളം, വെമ്പായം പനവൂർ, ആനാട്,അരുവിക്കര പഞ്ചായത്തുകളിലെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും കൃഷിയിടങ്ങളാണ് മന്ത്രിമാർ സന്ദർശിച്ചത്. എം എൽ എ മാരായ വി കെ പ്രശാന്ത്, ഡി കെ മുരളി, സ്റ്റീഫൻ എന്നിവരും അവരുടെ മണ്ഡലങ്ങളിൽ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

കാർഷിക കർമ്മസേന അംഗങ്ങൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി

കാർഷിക കർമ്മ സേനയിലെ ടെക്നീഷ്യൻമാർക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായി ഈ സാമ്പത്തിക വർഷം തന്നെ 20 ലക്ഷം രൂപ വകയിരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാലായിരത്തോളം കാർഷിക കർമസേന ടെക്നീഷ്യന്മാർക്ക് ആശ്വാസകരമായ പ്രഖ്യാപനമാണ് മന്ത്രി കൃഷിദർശൻ വേദിയിൽ നടത്തിയത്. കാർഷിക കർമ്മസേനയെ യന്ത്രവൽകൃത സേനയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, എല്ലാ പഞ്ചായത്തുകളിലെയും കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാർഷിക കർമ്മസേനകളെ ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൃഷിമന്ത്രി കർഷകനോടൊപ്പം

കർഷകർക്ക് കുടിശ്ശികത്തുക രണ്ട് ദിവസത്തിനകം

കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച വകയിൽ ഹോർട്ടികോർപ് ഡിസംബർ 31 വരെ കർഷകർക്ക് നൽകുവാൻ ഉണ്ടായിരുന്ന കുടിശ്ശികത്തുക മുഴുവനായും തന്നെ രണ്ട് ദിവസത്തിനകം നൽകുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. കർഷകരിൽ നിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ നെടുമങ്ങാട് വേൾഡ്‌ മാർക്കറ്റിലെ ശീതീകരണ സംഭരണി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു .

കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിൽ നിന്നും മാറി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത് . ഇത്തരത്തിൽ ആസൂത്രണം നടപ്പിലാക്കുന്നതിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, അതിലൂടെ കർഷകന് വരുമാനം വർദ്ധിപ്പിക്കുവാനും കഴിയും . കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ചുകൊണ്ട് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കൃഷിമന്ത്രി കർഷകരോടൊപ്പം

ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ 'കേരൾ ആഗ്രോ'

2109 കോടി രൂപയുടെ പദ്ധതി മൂല്യ വർദ്ധന മേഖലയിൽ ആരംഭിക്കുകയാണ്.
ഇപ്പോൾ തന്നെ കൃഷി വകുപ്പിന്റെ നൂറോളം ഉൽപ്പന്നങ്ങൾ ആമസോൺ അടക്കമുള്ള ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ 'കേരൾ ആഗ്രോ' എന്ന ബ്രാൻഡിൽ ലഭ്യമാക്കുവാൻ തയ്യാറായിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ കർഷകരുടെയും കൃഷിക്കൂട്ടങ്ങളുടെയും മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഓൺലൈനിലേക്ക് എത്തിക്കാൻ സാധിക്കും.

മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് വഴിതെളിക്കുന്നതിനായി മൂല്യ വർദ്ധിത കൃഷി മിഷൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി കേരള അഗ്രി ബിസിനസ് കമ്പനി (KABCO) യും ഉടനെ നിലവിൽ വരുന്നതാണ്.

കൃഷിമന്ത്രി കൃഷിദർശൻ പരിപാടിയിൽ​

വന്യമൃഗജീവി ശല്യത്തിൽ നിന്നും കൃഷിക്ക് സംരക്ഷണം

വന്യമൃഗജീവി ശല്യത്തിൽ നിന്നും കൃഷിക്ക് സംരക്ഷണം നൽകുന്നതിനായി സോളാർ വേലികൾ സ്ഥാപിക്കുവാനുള്ള പദ്ധതി അടുത്ത സാമ്പത്തിക വർഷത്തിൽ നടപ്പാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കർഷകരുടെ അഭ്യർത്ഥന കണക്കിലെടുത്ത് കരകുളം കൃഷിഭവന്റെ കീഴിൽ വട്ടപ്പാറയിൽ ഒരു എക്സ്റ്റൻഷൻ യൂണിറ്റ് ആരംഭിക്കുന്നതിനും കൃഷിയിട സന്ദർശനത്തിൽ തീരുമാനമെടുത്തു.

പുതിയ കൃഷി രീതികളെ കുറിച്ചും, കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവ് നടത്തുന്നതിനെ കുറിച്ചും പരിശീലനങ്ങൾ സംഘടിപ്പിക്കും. കൂടാതെ, യന്ത്രങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും, നൂതന ജലസേചന മാർഗ്ഗങ്ങളെ കുറിച്ചും ഒരു ശില്പശാല ഉടനെ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആനാട് പഞ്ചായത്തിലെ കൃഷിക്കൂട്ടത്തിന്റെ മൂല്യവർധിത ഉത്പന്നമായ മഞ്ഞൾ താലം കൃഷി മന്ത്രിക്ക് സമർപ്പിച്ചു.

സന്ദർശന പരിപാടിയിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ഐ എ എസ്, കൃഷി ഡയറക്ടർ ടി വി സുഭാഷ് ഐ എ എസ്, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി, കൃഷി അഡീഷണൽ ഡയറക്ടർമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ, മറ്റ് കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല കൃഷി ശാസ്ത്രജ്ഞർ കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary: ministers in field for farmers welfare
Published on: 28 January 2023, 12:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now