2021-22 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ അമേരിക്കൻ ഡോളർ മൂല്യം വരുന്ന ചരക്ക് കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കാനായി നിരവധി നടപടികൾ സ്വീകരിച്ചു വരുന്നതായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ സോം പ്രകാശ്.
കൊച്ചിയിൽ വെർച്യുൽ സാങ്കേതിക വിദ്യയിലൂടെ വാണിജ്യ ഉത്സവം (Vanijya Utsav) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ഗതാഗത-വാർത്താവിനിമയ സൗകര്യം, വിദ്യാസമ്പന്നരും നൈപുണ്യ ശേഷിയുള്ളതുമായ മനുഷ്യവിഭവത്തിന്റെ ലഭ്യത തുടങ്ങിയവ മൂലം വാണിജ്യ-വ്യവസായ മേഖലയിൽ കൂടുതൽ വളർച്ച സ്വന്തമാക്കാൻ കേരളത്തിന് നിരവധി അനുകൂല സാധ്യതകൾ ഉണ്ടെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി.
പുരാതനകാലം മുതൽ തന്നെ കേരളം ഖ്യാതി നേടിയ സുഗന്ധദ്രവ്യങ്ങളുടെ ലഭ്യതയും ഇതിന് സഹായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ഏറെ വികസിച്ച വിനോദസഞ്ചാര-ഹോസ്പിറ്റാലിറ്റി-ആരോഗ്യ പാലന മേഖലകൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കയറ്റുമതി സാധ്യതകളെ അഭിവൃദ്ധിപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ വാണിജ്യ വിദേശകാര്യ മന്ത്രാലയങ്ങൾ, സംസ്ഥാന ഭരണകൂടങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ തമ്മിലുള്ള സമന്വയം ഏറെ പ്രാധാന്യമുള്ളതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
400 മില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ചരക്ക് കയറ്റുമതി സ്വന്തമാക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തോട് ചേർന്ന് പോകുന്നതിൽ ഇതിന് ഏറെ പങ്കുണ്ട്. ഇന്ത്യയുടെ വ്യാപാര-കയറ്റുമതി നടപടികളെ ശാക്തീകരിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുമായി സഹകരിച്ച്, വിവിധ ഓൺലൈൻ ആശയവിനിമയ സമ്മേളനങ്ങൾ, വ്യാപാര -ഗുണഭോക്തൃ കൂട്ടായ്മകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിൽ സ്പൈസസ് ബോർഡ് അടക്കമുള്ള കയറ്റുമതി പ്രോത്സാഹന സ്ഥാപനങ്ങൾ കൈക്കൊണ്ട നടപടികളെ അദ്ദേഹം പ്രകീർത്തിച്ചു.
രണ്ടുദിവസം നീളുന്ന പരിപാടി ഇന്ത്യയുടെ വിദേശവ്യാപാരം-കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുന്നതിന് ആകും പ്രാധാന്യം നൽകുക. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, വ്യവസായ സംരംഭകർ തുടങ്ങിയ മുൻനിര വ്യക്തിത്വങ്ങൾ പരിപാടിയിൽ വെർച്യുൽ സാങ്കേതികവിദ്യയിലൂടെ പങ്കെടുക്കും.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന വാണിജ്യ സപ്താഹം പരിപാടിയുടെ ഭാഗമായാണ് ഹൈബ്രിഡ് മാതൃകയിൽ കൊച്ചിയിൽ വാണിജ്യ ഉത്സവം സംഘടിപ്പിക്കുന്നത്.
സാമ്പത്തിക വളർച്ച, കയറ്റുമതി പ്രോത്സാഹനം എന്നിവയ്‌ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഭാരത സർക്കാരിനു കീഴിലുള്ള വാണിജ്യ വകുപ്പ്, കേരള സർക്കാരിന് കീഴിലുള്ള വ്യവസായ-വാണിജ്യ വകുപ്പ്, സ്പൈസസ് ബോർഡ്, CII, ഡയറക്ടറേറ്റ് ഓഫ് ഫോറിൻ ട്രേഡ് എന്നിവയുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് കേരളത്തിൽ സംഘടിപ്പിക്കുന്നത്.