കൃഷിയിൽ ഞങ്ങൾ വിപ്ലവം സൃഷ്ടിക്കും ...മാറ്റങ്ങളുടെ തുടക്കം മൂവാറ്റുപുഴ തൃക്ക പാടശേഖരത്തിൽ ... കോവിഡ് പുതിയ പാഠങ്ങൾ ഞങ്ങളെ പഠിപ്പിക്കുകയാണ്.കൃഷിയുടെ തനത് സംസ്കാരം ,കൃഷിയുടെ യൗവ്വനം ഞങ്ങൾ തിരിച്ച് പിടിക്കും. ഭക്ഷ്യ ഉല്പാദനത്തിൽ നമുക്ക് സ്വയംപര്യാപ്തത കൈവരിച്ചേ മതിയാകു.തികഞ്ഞ കാർഷിക മേഖലയായ മൂവാറ്റുപുഴയുടെ മണ്ണിൽ ഞങ്ങൾ പൊന്ന് വിളയിക്കും. ഇതായിരുന്നു എന്റെ സുഹൃത്ത് ദിലീപ് നേതൃത്വം നൽകുന്ന പാടശേഖര സമിതിയിലെ ഓരോ അംഗങ്ങളുടെയും വാക്കുകൾ.നഗരത്തോട് ചേർന്ന് കിടക്കുന്ന പാടശേഖരത്തിൽ 3 പതിറ്റാണ്ടിൽ ഏറെയായി നെൽകൃഷി ഇല്ല. 25 ഏക്കർ സ്ഥലം കൃഷിക്കനുയോജ്യമാവുന്ന കാഴ്ച മനോഹരമാണ്.കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലത്ത് ഇനി കൃഷിയോ ?? എന്ന് ചോദിച്ചവർ ധാരാളം !
കാട്കയറിയ പാടം, മാലിന്യം തള്ളിയിരുന്ന പാടശേഖരം ഇനി തിരിച്ച് വരില്ല എന്ന് കരുതി. പക്ഷെ 100 പേർ ചേർന്ന് ചെറിയ തുക വീതം എടുത്ത് കൃഷി വകുപ്പിന്റെ സഹായത്തോടെ തരിശ് രഹിത പദ്ധതിക്ക് തുടക്കമാവുകയാണ്.. കാടുതെളിക്കാൻ ദിവസങ്ങളുടെ കഠിനാധ്വാനം വേണ്ടിവരും. പിന്നോട്ടില്ല എന്ന് ഉറച്ച് ചെറുപ്പക്കാർ ജോലിയിലേക്ക് കടന്നു.നഗരസഭയുടെ മുൻ ചെയർമാൻ പി.എം.ഇസ്മയിൽ സംസാരമധ്യേ പറഞ്ഞു കോവിഡ് പ്രതിസന്ധി ഉടൻ മാറില്ല നാം സ്വന്തം കാലിൽ നിന്നേ മതിയാകു. സമിതിയുടെ പ്രസിഡന്റ് വാസുവേട്ടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വാസ്തവത്തിൽ ഇത് വിപ്ലവകരമായ ചുവട് വയ്പാണ്. ലാഭനഷ്ടക്കണക്കുകൾക്ക് അപ്പുറം ഒരു നാടിന്റെ ശോഭനമായ പഴയ കാലം വീണ്ടെടുക്കലാണ് ലക്ഷ്യം. ശുദ്ധജല ക്ഷാമം പരിഹരിക്കാനും നമുക്ക് കഴിയും.നഗരസഭ അധ്യക്ഷ ഉഷ ശശിധരനും, കൗൺസിലർ ചിന്നൻ ചേട്ടൻ, എ.ഡി.എ ടാനി തോമസ്, കൃഷി വകുപ്പിലെ മറ്റ് ഉദ്യേഗസ്ഥർ, കർഷക സുഹൃത്തുക്കൾ, വിദ്യാർഥികൾ എല്ലാവരും ചേർന്നപ്പോൾ ചടങ്ങ് ഉൽസവമായി മാറി.
"നാം അതിജീവിക്കും ഏത് കെട്ട കാലത്തെയും"