1. പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ 'എംറൂബി' (mRube) പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിന്, കുറഞ്ഞ നിരക്കില്‍ ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ നല്‍കും. പോര്‍ട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉത്പന്ന നിര്‍മ്മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബ്ബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിയായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബ്ബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
'എംറൂബി'യില്‍ റബ്ബര്‍ബോര്‍ഡ് എര്‍പ്പെടുത്തിയ ഗുണമേന്മ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം എല്ലാ ഉപയോക്താക്കള്‍ക്കും ചുരുങ്ങിയ ചെലവില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
2. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ജിഎസ്ടി സംവിധാനം സുസ്ഥിരമാകാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നതായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പിണറായി ചൂണ്ടിക്കാട്ടി. കോവിഡ് -19 മഹാമാരിയും അനുബന്ധ നിയന്ത്രണങ്ങളും സമ്പദ്വ്യവസ്ഥയുടെ മാന്ദ്യത്തിന് കാരണമായി.
ജിഎസ്ടി (GST) നഷ്ടപരിഹാരത്തിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2022 ജൂണില്‍ അവസാനിച്ചു.ജിഎസ്ടി സമ്പ്രദായത്തിലെ വരുമാനത്തിലുണ്ടായ ഇടിവ് കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. (കടപ്പാട്: The Local Economy)
3. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ കൃഷിക്കായി 2016- 2021കാലത്ത് ചെലവഴിച്ചത് 21.13 കോടി രൂപയെന്ന് മന്ത്രി പി.പ്രസാദ്.
കൃഷിവകുപ്പിന്റെ പച്ചക്കറി വികസനം മുതൽ പരമ്പരാഗത കൃഷി വികാസ് യോജന വരെയുള്ള പദ്ധതികൾക്ക് 2016-21 കാലത്ത് ആകെ 15.97 കോടി ചെലവഴിച്ചു. വിവിധ പദ്ധതികൾക്കായി 2016-17ൽ 1,83,06,969, 2017-18ൽ 3,08,80,323, 2018-19ൽ 5,94,35,859, 2019-20ൽ 2,17,50,702, 2020-21ൽ 2,93,91,744 എന്നിങ്ങനയൊണ് തുക അനുവദിച്ചത്. ഇതേകാലത്ത് അട്ടപ്പാടിയിലെ ആദിവാസികൾക്ക് രണ്ട് വർഷം സർക്കാർ 2.32 കോടി രൂപ കർഷ പെൻഷനും നൽകി.
4. കണ്ണൂര്‍ : വിപണിയില്‍ ഇടം നേടാന്‍ ചക്കില്‍ ആട്ടിയ ശുദ്ധമായ 'കൊക്കോസ്' വെളിച്ചെണ്ണയുമായി ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബശ്രീ വനിതകള്‍. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാമിഷന് കീഴിലാണ് ആറളം ഫാം ബ്ലോക്ക് 11 കക്കുവയില്‍ ചക്ക് ഘടിപ്പിച്ച വെളിച്ചെണ്ണ മില്ല് തുടങ്ങിയത്.11, 13 ബ്ലോക്കുകളിലെ കലാരഞ്ജിനി, സവിത, രമ്യ, സന്ധ്യ, സരോജിനി എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ജില്ലയില്‍ ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യത്തെ മില്ലാണിത്. ജില്ലാപഞ്ചായത്തിന്റെ സബ്‌സിഡി മൂന്ന് ലക്ഷവും ആറ് ലക്ഷം രൂപ കേരള ഗ്രാമീണ്‍ ബാങ്ക് വായ്പയും ജില്ലാമിഷന്‍ ധനസഹായവും ചേര്‍ത്ത് 10.90 ലക്ഷം രൂപ മൂലധനത്തിലാണ് മില്‍ ആരംഭിച്ചത്. (കടപ്പാട്: The Local Economy)
5. നാടൻ കോഴിമുട്ടയുടെ ഡിമാന്റ് വർധിച്ചതോടെ വിപണിയിൽ തമിഴ്നാട്ടിൽ നിന്നുള്ള വ്യാജമുട്ടകൾ വ്യാപകമാകുന്നു. തമിഴ്നാട് നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്. നാടൻ കോഴിമുട്ടകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. എന്നാൽ തവിട്ട് നിറമുള്ള നാടൻ കോഴിമുട്ടയുടെ ലഭ്യത കുറവായതിനാൽ 10 രൂപയോളം നൽകണം. അതേ സമയം വെള്ളനിറമുള്ള ലഗോൺ കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വില്പന വില 7.50 രൂപയാണ്. ഡിമാന്റ് കൂടിയതോടെ നാടൻ കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളും വിപണിയിൽ ലഭ്യമാണ്. വില വർധിച്ചിട്ടും നാടൻ മുട്ടയ്ക്ക് ഡിമാന്റ് കൂടുതലാണെന്നിരിക്കെ വ്യാജമുട്ടകൾ വിപണി നിറഞ്ഞതോടെ നാടൻ കോഴിവളർത്തൽ കർഷകര്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ കോഴിത്തീറ്റ വില വർധനവും വ്യാജമുട്ടയും കർഷകർക്ക് തിരിച്ചടിയായി. (കടപ്പാട്: The Local Economy)
6. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2021-22 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു. ആകെ 11 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍. ഇതില്‍ 6 അവാര്‍ഡുകള്‍ വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും 5 അവാര്‍ഡുകള്‍ സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്.
വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. അവാര്‍ഡ് അപേക്ഷകള്‍/നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആയിksbbawards2022@gmail.com എന്ന ഇമെയില്‍ വഴിയും ഓഫ്‌ലൈനായും ജൂലൈ 31ന് മുന്‍പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി. 24/3219, നം. 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ അയയ്‌ക്കേണ്ടണ്ടതാണ്.
വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയുംwww.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2724740 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
7. തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് , കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, തില്ലങ്കേരി കൃഷി ഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തില്ലങ്കേരിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഞാറ്റുവേല ചന്ത ഉൽഘാടനം ചെയ്തു. പദ്ധതി വിശദീകരണം നടത്തി കൃഷി ഓഫീസർ കുമാരി അഞ്ജന സെബാസ്റ്റ്യൻ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അണിയേരി ചന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡാരി ഏലിയാസ് നന്ദിയും പറഞ്ഞു.
8. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്‌പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും. പരിശോധനകളിൽ വീഴ്ച ഉണ്ടോയെന്ന് കണ്ടെത്താൻ തിരുവനന്തപുരം അമരവിള, പൂവാർ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ അമരവിള ചെക്ക്പോസ്റ്റിൽ ലോറിയിൽ കൊണ്ടുവന്ന ചൂരമീൻ നല്ലതും ചീത്തയും ഇടകലർത്തിയതായി കണ്ടെത്തി. അത് പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി നെയ്യാറ്റിൻകര നഗരസഭക്ക് കൈമാറിയിട്ടുണ്ട്. ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
9. 2023-ലെ ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇടംനേടി ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഗോവിന്ദ് ബല്ലഭ് പന്ത് അഗ്രികൾച്ചർ ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി. ഈ നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏക കാർഷിക സർവ്വകലാശാലയാണിത്. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ 361-ാം റാങ്കാണ് സർവ്വകലാശാല സ്വന്തമാക്കിയത്.
10. രാജ്യത്തെ ഗോതമ്പുശേഖരം മൂന്നുവര്‍ഷത്തെ താഴ്ചയിലെത്തിയതിനു പിന്നാലെ ആട്ടയും മൈദയും റവയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി.ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍(എഫ്.സി.ഐ.) ശേഖരം വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് മേയ് 13-ന് ഗോതമ്പുകയറ്റുമതി നിരോധിച്ചിരുന്നു.പൊതുവിതരണ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യവിതരണം കൂടിയതും കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ ഉത്പാദനം ഇടിഞ്ഞതും നിയന്ത്രണങ്ങള്‍ക്ക്കാരണമായതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ധാന്യശേഖരം 15 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കയാണെന്നും പ്രതിശീര്‍ഷ ശേഖരം 50 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. (കടപ്പാട്: മാതൃഭൂമി)
11. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ഒഡിഷ- ആന്ധ്ര പ്രദേശത്ത് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയും അനുബന്ധ കാലവര്‍ഷക്കാറ്റുകളുമാണ് മഴ ശക്തിപ്രാപിക്കാന്‍ കാരണം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 08-07-2022 മുതല്‍ 10-07-2022 വരെയും കര്‍ണാടക തീരങ്ങളില്‍ 08-07-2022 മുതല്‍ 12-07-2022 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. (കടപ്പാട്: സമയം മലയാളം)
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ മത്തി ലഭ്യത കുറയുന്നു; മത്സ്യത്തൊഴിലാളികൾക്ക് വൻ തിരിച്ചടി