കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക കോളെജില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിയ പൂപ്പൊലി 2023 ജനുവരി ഒന്ന് മുതല്‍ പൂര്‍വ്വാധികം പൊലിമയോടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ലയിലെ കാര്‍ഷിക മേഖലയുടെയും കാര്‍ഷിക വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനും കാര്‍ഷിക കോളേജില്‍ ബിരുദാനന്തര കോഴ്‌സ് തുടങ്ങേത് ആവശ്യമാണ്. അഗ്രിക്കള്‍ച്ചര്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ രണ്ടാം സെമസ്റ്റര്‍ കഴിഞ്ഞ ഉടനെ ഒരു കൃഷി ഭവനുമായി ബന്ധിപ്പിക്കും. കൃഷിയുമായും കര്‍ഷകരുമായും ആത്മബന്ധം ഉണ്ടാക്കുന്നതിനാണിത്. വയനാടിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹോര്‍ട്ടികള്‍ച്ചറിന് വളരെയധികം പ്രാധാന്യമുണ്ട് പൂപ്പൊലി ഇതിനൊരു മുതല്‍ കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കുറഞ്ഞ ചെലവില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മുള കൃഷി ചെയ്യാം
വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ കൃഷി രീതിക്കു പകരം വിളയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിലേക്ക് കേരളം മാറാന്‍ പോവുകയാണ്.
ആനുകൂല്യങ്ങളും പദ്ധതികളും വിളയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ മാറ്റം കൊണ്ട് വരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മണ്ണിന്റെ ഘടന, ഭൂമിയുടെ പ്രത്യേകത, കാലാവസ്ഥ എന്നിവ അടിസ്ഥാനമായുള്ള ആസൂത്രണമാണ് കൃഷിയിടത്തില്‍ നിന്നുണ്ടാവേണ്ടത്. ആസൂത്രണം മുതലുള്ള കാര്യത്തില്‍ കര്‍ഷകന് പങ്കാളിത്തം വേണം. വിളയിടം മുതല്‍ സംസ്ഥാനതലം വരെ നീളുന്ന ആസൂത്രണ രീതിയാണ് ഉണ്ടാവേണ്ടത്.
ആസൂത്രണത്തില്‍ കര്‍ഷകരുടെ പ്രാധാന്യം ഉറപ്പു വരുത്താന്‍ വേണ്ടി കേരളത്തിലാകമാനം ‘കൃഷി ഗീത’ എന്ന പേരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രാദേശിക പരിജ്ഞാനമുള്ള കര്‍ഷകരും കൃഷി പഠിച്ചവരും ഒത്തുച്ചേര്‍ന്നു തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന വിളവ് വിറ്റഴിക്കാനുള്ള മാര്‍ഗം സ്വീകരിക്കണം. വാര്‍ഡ്, പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കൃത്യമായ ആസൂത്രണം വേണം.
അയല്‍ക്കൂട്ടങ്ങള്‍ പോലെ കേരളത്തില്‍ 25,642 കൃഷികൂട്ടങ്ങള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് മുന്‍കയ്യെടുത്തത് വലിയ മുന്നേറ്റമാണ്. കേടുകൂടാതെ വിളകള്‍ സംസ്ഥാനത്താകമാനം വിതരണം ചെയ്യാന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 19 റീഫര്‍ വാനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക സംഘങ്ങളും സഹകരണ സ്ഥാപനങ്ങളും റെഫ്രിജറേഷന്‍ വാഹനങ്ങള്‍ വാങ്ങാന്‍ കര്‍ഷകരെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും വില്പന നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ഓരോ കൃഷി ഭവനില്‍ നിന്നും ഒരു മൂല്യവര്‍ധന ഉത്പന്നം നിര്‍ബന്ധമായും ഉല്‍പാദിപിച്ചിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉത്പന്നങ്ങള്‍ കൃത്യമായി വില്‍ക്കാന്‍ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) എന്ന പേരില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കമ്പനി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കും.
മുഖ്യമന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ പുതുതായി രൂപംകൊടുത്ത മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന് സഹായകരമാകും. കര്‍ഷകരെ സഹായിക്കുക, ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കുക, ലാഭം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യം.
ശാസ്ത്രം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായ ഏറവും വലിയ കണ്ടുപിടിത്തം കൃഷിയാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം മനുഷ്യന്റെ അനിവാര്യതയായതിനാല്‍ കൃഷി എല്ലാവരുടെയും ജീവിതത്തോട് ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്നു. തിരുവനന്തപുരം ആര്‍.സി.സി യുടെ പഠന റിപ്പോര്‍ട്ട് പ്രകാരം മലയാളികളുടെ ക്യാന്‍സറിന്റെ കാരണം 20 ശതമാനം ലഹരി ഉത്പന്നങ്ങളും 35% മുതല്‍ 40% വരെ ഭക്ഷണവും ജീവിതശെലിയുമാണ്.
ലഹരി ഉപയോഗിക്കുന്നവരേക്കാള്‍ ഇരട്ടി ആളുകള്‍ക്കാണ് ഭക്ഷണ രീതി മൂലം കാന്‍സര്‍ വന്നിരിക്കുന്നത്. വിലകൊടുത്ത് വിഷവും രോഗവും വാങ്ങുന്നവരായി മലയാളികള്‍ മാറി. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെങ്കിലും സ്വന്തമായി ഉത്പാദിപ്പിക്കുകയും പ്രാദേശികമായ വിപണന സാധ്യത കണ്ടെത്തുകയും വേണമെന്നു മന്ത്രി പറഞ്ഞു.