1. മുദ്ര ലോണ്‍ എടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇരട്ടി മധുരം നൽകി കേന്ദ്രബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചത്. മുന്‍പ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ PMMY. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗം മുദ്രാ ലോണുകളാണ് നിലവിലുള്ളത്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പ്രയോജനകരമാകുന്നതാണ് 20 ലക്ഷം രൂപ വരെ ഉയർത്തിയ ഈ വായ്പാ പദ്ധതി.
ബന്ധപ്പെട്ട വാർത്തകൾ: മുദ്ര ലോൺ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
2. സംസ്ഥാന സർക്കാർ രൂപം നൽകിയ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് ഇന്ന് തുടക്കം. വ്യവസായ ആവശ്യത്തിനുള്ള ഭൂമിലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാർഥികളിൽ സംരംഭകത്വ താൽപര്യം വളർത്തുന്നതിനുമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ളതും ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ പോർട്ടൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആൻ്റണി രാജു എംഎൽഎ ചടങ്ങിന് അധ്യക്ഷത വഹിക്കും.
3. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും നാളെ കേരളത്തിൽ വീണ്ടും മഴ അതിശക്തമായേക്കുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. എന്നാൽ നാളെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ അറിയിപ്പിൽ പറയുന്നു. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.