കൗതുക കാഴ്ചയായി മൂന്നാറിലെ കുപ്പിയാന. മൂന്നാറിലെ അപ്സൈക്ലിംഗ് പാർക്കിലാണ് പതിനായിരക്കണക്കിന് കുപ്പികൊണ്ട് ഉണ്ടാക്കിയ വലിയ ആനയുടെ രൂപം കാഴ്ചക്കാരെ ആകർഷിക്കുന്നത്. പുനരുപയോഗ സാധ്യതയില്ലാത്ത വസ്തുക്കളുപയോഗിച്ചാണ് പാർക്കിലെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. വസ്തുക്കളുടെ പുനചംക്രമണം മാത്രമല്ല പുനരുപയോഗം കൂടിയാണിത്. കൂടാതെ പാർക്കിലെ ബെഞ്ചുകളും ടൈൽസും എല്ലാം തന്നെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മൂന്നാറിനെ കൂടുതല്‍ സുന്ദരമാക്കാനും മാലിന്യപ്രശ്നം പൂര്‍ണമായും അവസാനിപ്പിക്കാനുമുള്ള ഇടപെടലുകൾ ഫലപ്രാപ്തിയിലെത്തിയതായി മന്ത്രി എം.ബി രാജേഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് RRFന്റേയും അപ്‌സൈക്ലിംഗ് പാര്‍ക്കിന്റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡ് വരുന്നു..കൂടുതൽ കൃഷി വാർത്തകൾ
മാലിന്യസംസ്കരണം ഫലപ്രദം
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ പാഴ് വസ്തുക്കളുടെ പുനരുപയോഗം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ബിആര്‍സിഎസിന്റെ സഹായത്തോടെയാണ് അപ്‌സൈക്ലിംഗ് പാര്‍ക്ക് സജ്ജീകരിച്ചത്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്കായി ടൗണിലെ കംഫർട്ട് സ്റ്റേഷനും നവീകരിച്ചിട്ടുണ്ട്. ഇതിനോട് ചേർന്നുള്ള പബ്ലിക് ലോണ്ട്രിയിൽ പൊതുജനത്തിന് പണം നൽകി ശുചിമുറി മാത്രമല്ല, വാഷിംഗ് മിഷീനും ഉപയോഗിക്കാം. കൂടാതെ, കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള ദ്രവമാലിന്യം സംസ്കരിക്കാൻ അവിടെ തന്നെ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മൂന്നാറിലെ മലിനീകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമമാണ് ഫലം കണ്ടത്. കല്ലാറിലെ മാലിന്യക്കൂമ്പാരം നാൾക്കുനാൾ വലുതാകുകയും ജലസ്രോതസുകള്‍ക്കും വന്യജീവികള്‍ക്കും ഭീഷണിയായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ്, 2020-21ല്‍ യുഎന്‍ഡിപിയും ജിഇഎഫും ഹരിതകേരളം മിഷനുമായി കൈകോര്‍ത്ത് മൂന്നാര്‍ ഗ്രാമപഞ്ചായത്തിനെ സഹായിക്കാനെത്തിയത്.
മാലിന്യക്കൂമ്പാരത്തിന് പരിഹാരം
മാലിന്യക്കൂന പൂർണമായും നീക്കം ചെയ്യുക, ജൈവമാലിന്യത്തെ വളമാക്കി മാറ്റുക, അജൈവ പാഴ് വസ്തുക്കളെ റീസൈക്ലിംഗിന് കൈമാറാന്‍ കഴിയും വിധത്തില്‍ വൃത്തിയാക്കി ബെയ്ല്‍ ചെയ്ത് എടുക്കുക എന്നിവയെല്ലാം സാധ്യമാകുന്ന ഒരു സമഗ്ര മാലിന്യ സംസ്‌കരണ പ്ലാന്റ് കല്ലാറില്‍ സ്ഥാപിക്കാൻ ഇതിനുമുമ്പ് തീരുമാനിച്ചു. കല്ലാറിലെ വലിയ മാലിന്യമല ഇപ്പോൾ ഏറെക്കുറെ അപ്രത്യക്ഷമായി. മാര്‍ക്കറ്റില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിച്ച് പ്ലാന്റില്‍ എത്തിക്കുന്ന ജൈവമാലിന്യം ജൈവവളമായി മാറ്റുന്ന പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുകയാണ്. പായ്ക്ക് ചെയ്ത വളത്തിന്റെ വില്‍പ്പനയും തുടങ്ങി.
കണ്‍വെയര്‍ ബെല്‍റ്റിന്റെ സഹായത്തോടെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ തരംതിരിച്ചെടുക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ ബെയ്ല്‍ ചെയ്ത് റീസൈക്ലിംഗിന് കൈമാറുന്ന പ്രവര്‍ത്തനം ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ നടക്കുന്നു. ചില വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കൂട്ടിക്കലര്‍ത്തിയ രൂപത്തില്‍ മാലിന്യം എത്തിച്ചേരുന്നത് മാത്രമാണ് മൂന്നാര്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ഇത് പരിഹരിക്കാനായി വലിയ ബഹുജന ബോധവത്കരണ കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളെ ബോധവത്കരിക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും ഗ്രീന്‍ ചെക്ക് പോസ്റ്റുകളും ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്ന പ്രവര്‍ത്തനവും ഇവിടെ പുരോഗമിക്കുന്നുണ്ട്.
മൂന്നാറിലെ പ്രധാനപ്പെട്ട പുഴയായ നല്ലതണ്ണിയുടെ പുനരുജ്ജീവനത്തിന് വേണ്ടി 'വീണ്ടും നല്ലതണ്ണി' എന്ന പേരില്‍ ജനപങ്കാളിത്തത്തോടുകൂടിയ കാമ്പയിന് തുടക്കം കുറിച്ച് പുഴയുടെ ശുചീകരണം നടത്തിക്കഴിഞ്ഞു. മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ പ്ലാസ്റ്റിക് ഉപയോഗത്തിലും മൂന്നാറിനെ മാലിന്യ രഹിതമായി സംരക്ഷിക്കാനും ബോധവത്കരിക്കുക, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അതിനായി സജ്ജമാക്കുക, കൂട്ടിക്കലര്‍ന്നു വരുന്ന മാലിന്യം തരംതിരിച്ച് മാറ്റുക എന്നിവ പ്രാവർത്തികമാക്കിയാൽ രാജ്യത്തെ ഏറ്റവും മനോഹരവും ഏറ്റവും ശുചിത്വമുള്ളതുമായ വിനോദസഞ്ചാര കേന്ദ്രമായി മൂന്നാർ മാറും. UNDP പദ്ധതിയുടെ കാലാവധി കഴിഞ്ഞാലും ഹരിതകേരളം മിഷനും, ശുചിത്വ മിഷനും, ക്ലീന്‍ കേരള കമ്പനിയുമുള്‍പ്പെടെയുള്ള പിന്തുണാ സംവിധാനങ്ങള്‍ മൂന്നാറിനെ സംരക്ഷിക്കാൻ ഉണ്ടാകും. (ഫേസ്ബുക്ക് പോസ്റ്റ്: മന്ത്രി എം.ബി രാജേഷ്)