സ്ഥല പരിമിതിയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമാണ് ഉഷ കൃഷ്ണനെ കൂണ്‍കര്‍ഷകയാക്കിയത്. ഏത് തൊഴിലിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അംഗീകാരം നമ്മെ തേടിയെത്തും എന്നതിനുദാഹരണമാണ് ഉഷ. മികച്ച കൂണ്‍ കര്‍ഷകര്‍ക്കായി സംസ്ഥാന കൃഷി വകുപ്പ് ഏര്‍പ്പെടുത്തിയ 2019ലെ പുരസ്‌കാരം എണാകുളം നെച്ചൂര്‍ നീര്‍ക്കുഴി മംഗലത്ത് പുത്തന്‍ പുരയില്‍ എം.കെ.സോമന്റെ ഭാര്യ ഉഷയെ തേടിയത്തത് ഈ അര്‍പ്പണബോധം ഒന്നുകൊണ്ടു മാത്രമാണ്.
50,000 രൂപയും ഫലകവും പ്രശസ്തിപത്രവും 2019 ഡിസംബര്‍ 9 ന് ആലപ്പുഴ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും ഉഷ പുരസ്‌ക്കാരം ഏറ്റുവാങ്ങി.പത്ത് വര്‍ഷത്തിലേറെയായി കൂണ്‍ കൃഷി നടത്തുന്ന ഉഷയുടെ കൂണ്‍കേന്ദ്രത്തിലെ പ്രധാന വിളകള്‍ ചിപ്പികൂണും ബട്ടന്‍ കൂണും പാല്‍കൂണുമാണ്. കൃഷിവകുപ്പ്, ആത്മ, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയുടെ പരിശീലനം ലഭിച്ചതോടെയാണ് മികച്ച രീതിയില്‍ കൃഷി ആരംഭിച്ചത്. കൂണ്‍കൃഷി നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് പരിശീലനം, ഫാം ഒരുക്കല്‍ എന്നിവയും ചെയ്തു നല്‍കുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ഇവര്‍ ഒരുക്കമാണ്.
അമ്മൂസ് മഷ്‌റൂം എന്ന ബ്രാന്‍ഡ് നെയിമിലാണ് കൂണ്‍ വില്പ്പന നടത്തുന്നത്. കൂണ്‍ ഉപയോഗിച്ച് പല മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും നിര്‍മ്മിച്ച് വിപണനം ചെയ്യുന്നുണ്ട് ഉഷ. കൂണ്‍ അച്ചാര്‍,ചമ്മന്തിപ്പൊടി,കൂണ്‍ ഫ്രൈ,കൂണ്‍ കപ്പ ബിരിയാണി,കൂണ്‍ പായസം, കൂണ്‍ കട്‌ലറ്റ് ഇവയാണ് പ്രധാനമായും വില്‍ക്കുന്നത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ അശ്വതി മകളാണ്.