ബത്തേരി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മുത്തങ്ങയിലാണ് കൊറോണ രണ്ടാംതരംഗത്തോടെ ആളൊഴിഞ്ഞത്.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കാനന സവാരിക്കെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാനന യാത്രയ്ക്കായി മുത്തങ്ങയിലെത്തിയത്. എന്നാൽ ബുധനാഴ്ച ഒരാൾ പോലും വനക്കാഴ്ചകൾ കാണാനായി മുത്തങ്ങയിൽ എത്തിയില്ല.
വിഷുവിന് രണ്ടു നാൾ മുൻപുവരെ സഞ്ചാരികൾ എത്തിയിരുന്ന സ്ഥലത്താണ് പെട്ടന്ന് ആളൊഴിഞ്ഞത്. 400 സഞ്ചാരികൾ വരെ ഒരു ദിവസം വന്നിരുന്ന സ്ഥലത്ത് ഒരാഴ്ച 200 പേര് കൂടി തികച്ച് എത്തിയിട്ടില്ല എന്ന് കാനന കാഴ്ചകൾക്കായി കൊണ്ടുപോകുന്ന ജീപ്പ് ഡ്രൈവർമാർ പറയുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളിൽ 20 പേർ 40 പേർ എന്നിങ്ങനെയാണ് എത്തിയ സഞ്ചാരികളുടെ എണ്ണം. കാഴ്ചക്കാർക്ക് കയറുവാനായി 29 ജീപ്പുകളാണ് ഇവിടെയുള്ളത് . സഞ്ചാരികൾ എത്താത്തത് മൂലം പട്ടിണിയിലായതു ഇവരുടെ കുടുംബങ്ങൾ ആണ്.
ജില്ലയിലെ മറ്റു വിനോദ സഞ്ചാര മേഖലകളുടെ അവസ്ഥയും മറ്റൊന്നല്ല . കോവിഡിന്റെ രണ്ടാം വരവ് എല്ലായിടത്തുമെന്നപോലെ ടൂറിസം മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട് . വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന വാഹന കച്ചവടമേഖലയിലുള്ളവരെയെല്ലാം ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട് .