കോവിഡ് കാലത്ത് വീട് വൃത്തിയാക്കി സമ്മാനം നേടിയാലോ.’ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ ലക്ഷ്യത്തിനായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ചില്‍ വീടിന് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. സ്വന്തം വീടിന്റെ വൃത്തിയും വെടിപ്പും സ്വയം വിലയിരുത്താനുള്ള ഒരു അവസരം കൂടിയാണിത്. ഇതിനായി വീടുകളിലെ മാലിന്യ പരിപാലന മാര്‍ഗങ്ങള്‍ ഫേയ്‌സ്ബുക്കില്‍ കൂടി പോസ്റ്റ് ചെയ്യുകയും അത് സ്വയം വിലയിരുത്തി മാര്‍ക്ക് ഇടുകയുമാണ് ചെയ്യേണ്ടത്. വീടുകളില്‍ ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യം, അജൈവ മാലിന്യം, ഇ-വേസ്റ്റ്, വസ്ത്രങ്ങള്‍, പേപ്പര്‍, ചില്ലുകുപ്പി, ബാഗ്, ചെരുപ്പ്, മലിനജലം, മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയുടെ സുരക്ഷിതമായ നിര്‍മാര്‍ജനം വിലയിരുത്തിയാണ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നത്.
നിങ്ങളുടെ വീട്ടിലെ മാലിന്യ സംസ്‌കരണ രീതികള്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡിംഗിനുള്ള സൂചകങ്ങള്‍ പരിശോധിച്ച് ഫേയ്‌സ് ബുക്ക് പേജില്‍ എഴുതി സ്വയം മാര്‍ക്ക് നല്‍കണം. ആകെ 100 മാര്‍ക്കാണ് ഉള്ളത്. ചിത്രങ്ങള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘മൈ ഹോം ക്ലീന്‍ ഹോം’ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യുകയും വേണം. നിങ്ങളുടെ വീട് ഏത് ഗ്രേഡിലാണ് എന്ന് ഹരിത കേരളം മിഷന്‍ അറിയിക്കും. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്ന 100 പേരെ തെരെഞ്ഞെടുത്ത് ഹരിതകേരളം മിഷന്‍ സമ്മാനം നല്‍കും. ഫൈവ് സ്റ്റാര്‍ ഗ്രേഡിംഗിനുള്ള സൂചകങ്ങള്‍ ഹരിതകേരളം ഫേയ്സ്ബുക്ക് പേജില്‍ ലഭ്യമാണ്. മേയ് ഏഴു വരെയാണ് ‘മൈ ഹോം ക്ലീന്‍ ഹോം’ ചലഞ്ച് സംഘടിപ്പിക്കുന്നത്