Updated on: 3 October, 2022 10:20 AM IST

1. രാജ്യത്ത് LPG സിലണ്ടറിന് വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപ 50 പൈസ ആയാണ് എണ്ണക്കമ്പനികൾ കുറച്ചത്. പുതുക്കിയ വിലയിനുസരിച്ച് ഡൽഹിയിൽ 25.5 രൂപ, കൊൽക്കത്തയിൽ 36.5 രൂപ, മുംബൈയിൽ 32.5 രൂപ, ചെന്നൈയിൽ 35.5 രൂപ എന്നിങ്ങനെ കുറയും. ഡൽഹിയിൽ 1,885 രൂപ ആയിരുന്ന എൽപിജി സിലിണ്ടറിന് ഇപ്പോൾ 1,859.5 രൂപയാണ് വില. ജൂലൈ ആറിന് 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 50 രൂപ കൂട്ടിയിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. നിലവിൽ ഡൽഹിയിലെ ഗാർഹികാവശ്യത്തിനുള്ള എൽപിജിയുടെ വില യൂണിറ്റിന് 1,053 രൂപയാണ്. മുംബൈയിൽ 1052 രൂപ 50 പൈസയും, ചെന്നൈയിൽ 1,068 രൂപ 50 പൈസയുമാണ് നിലവിലെ വില.

ബന്ധപ്പെട്ട വാർത്തകൾ: ഇറക്കുമതി നിലച്ചു: കേരളത്തിൽ അരിവില ഉയർന്ന് തന്നെ..കൂടുതൽ കൃഷിവാർത്തകൾ

2. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിന്റെ സ്വന്തം നഞ്ചിയമ്മ. മനസുനിറഞ്ഞ സന്തോഷത്തോടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും നഞ്ചിയമ്മ പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ സദസും ആദരവോടെ എഴുന്നേറ്റ് നിന്നു. കേരളത്തിലെ ഒരു നാടൻ പാട്ടുകാരിയായിരുന്ന നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ വളരെയധികം അഭിമാനമുണ്ടെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. അന്തരിച്ച സംവിധായകൻ കെ.ആർ സച്ചിദാനന്ദന്റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനമാണ് നഞ്ചിയമ്മയെ പുരസ്കാരത്തിന് അർഹയാക്കിയത്.

3. കാർഷിക ഗവേഷണ സ്ഥപനങ്ങളുടെ ദേശീയ റാങ്കിംഗിൽ കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം ഒന്നാം സ്ഥാനത്ത്. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ റാങ്കിംഗിൽ ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിലാണ് കൊച്ചി ആസ്ഥാനമായ CMFRI രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത്. 2019-2021 കാലയളവിലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിംഗ് നിർണയം. കേരളത്തിലുള്ള അഞ്ച് ICAR സ്ഥാപനങ്ങളിലും CMFRI ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ സമുദ്രമത്സ്യമേഖലയുടെ വികസനത്തിനുവേണ്ടിയുള്ള കൂട്ടായ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് നേട്ടമെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ൺ പറഞ്ഞു. കേരളത്തിൽ കോഴിക്കോട്, വിഴിഞ്ഞം, കൂടാതെ ഗുജറാത്ത്, മുംബൈ, കാർവാർ, മംഗലാപുരം, ചെന്നൈ, തൂത്തുകുടി, മണ്ഡപം, വിശാഖപട്ടണം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും സിഎംഎഫ്ആർഐ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

4. 'മത്സ്യവിത്ത് നിക്ഷേപം' പദ്ധതിയ്ക്ക് ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ തുടക്കം. സംസ്ഥാന സര്‍ക്കാരും മത്സ്യബന്ധന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഒ.എസ് അംബിക എംഎല്‍എ നിര്‍വഹിച്ചു. വിഷരഹിത മത്സ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നിന്നും രോഹു, കട്‌ല, മൃഗാല്‍ എന്നീ കാർപ്പ് ഇനത്തിൽപെട്ട രണ്ടുലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപത്തിനായി കൊണ്ടുവന്നത്. ആറ്റിങ്ങലിലെ മേലാറ്റിങ്ങല്‍ കടവ്, പൂവന്‍പാറ കടവ് എന്നിവിടങ്ങളിൽ ഇവയെ നിക്ഷേപിച്ചു.

5. പാലക്കാട് ആലത്തൂരില്‍ കാര്‍ഷിക ഡ്രോണ്‍ പ്രവര്‍ത്തിപരിചയവും പ്രദർശനവും സംഘടിപ്പിച്ചു. കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്, കാര്‍ഷിക എന്‍ജിനീയറിംഗ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആലത്തൂര്‍ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷക രമ വെങ്ങാന്നൂരിന്റെ അഞ്ചേക്കറില്‍ സൂക്ഷ്മ മൂലകങ്ങളായ ബോറോണ്‍, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും 10 ഹെക്ടറില്‍ കുറയാത്ത കൃഷിയിടങ്ങളില്‍ പ്രവൃത്തിപരിചയം നടപ്പിലാക്കുന്നുണ്ട്. സ്മാം പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വിലയുള്ള കാര്‍ഷിക ഡ്രോണുകള്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും.

6. തൃശൂർ എളവള്ളി ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം ചെയ്തു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെ ഗോവർദ്ധനി പദ്ധതി പ്രകാരമാണ് പരിപാടി നടന്നത്. കാലിത്തീറ്റ വിതരണം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 40 കന്നുകുട്ടികൾക്ക് 18 മാസക്കാലം തുടർച്ചയായി ഒരു ചാക്ക് കാലിത്തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കും.

7. സ്വച്ഛ് ഭാരത് മിഷൻ സംഘടിപ്പിച്ച ഇന്ത്യൻ സ്വച്ഛതാ ലീഗില്‍ അവാര്‍ഡ് നേടി ഗുരുവായൂർ, ആലപ്പുഴ നഗരസഭകൾ. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്‌. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്‌ കേരളത്തിന്റെ നേട്ടം. അൻപതിനായിരം മുതല്‍ ഒരു ലക്ഷം ‌വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഗുരുവായൂരും, ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്കാരം നേടി.
ശുചിത്വ മേഖലയില്‍ കേരളം നടത്തുന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ തലത്തിലെ അവാര്‍ഡ് നേട്ടം.

8. സംസ്ഥാന പോഷക നയ നവീകരണ ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. ജമീല ബാലൻ ഉദ്ഘാടനം ചെയ്തു. 2017ലാണ് കേരളത്തിൽ സംസ്ഥാന പോഷക നയം കൊണ്ടുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾക്ക് രൂപം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ആരോഗ്യം, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുടെയും അനുബന്ധ പദ്ധതികളുടെയും ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർ, അക്കാദമിക വിദഗ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

9. വയനാട് കാരപ്പുഴ ഡാം പരിസരത്ത് ഭക്ഷ്യ വിപണന മേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 5 വരെയാണ് മേള നടക്കുക. നബാര്‍ഡുമായി സഹകരിച്ചാണ് കുടുംബശ്രീ മേള സംഘടിപ്പിക്കുന്നത്. വിവിധതരം ജ്യൂസുകൾ തുടങ്ങി അറേബ്യൻ വിഭവങ്ങൾ വരെ മേളയിൽ ലഭ്യമാകും. ഒക്ടോബര്‍ 1ന് രാവിലെ 10 മണിയ്ക്ക് മേള ആരംഭിക്കും. മേളയിൽ കുടുംബശ്രീ തനത് ഉല്‍പന്നങ്ങളുടെ വിപണന സ്റ്റാളും സജ്ജീകരിക്കും.

10. പ്രമുഖ ഫാം-ടു-മാർക്കറ്റ് മൊബിലിറ്റി വിതരണ ശൃംഖലയായ അഗ്രോവേവിന്റെ സ്ഥാപക അനു മീന കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്ക് അനു മീനയെ സ്വാഗതം ചെയ്തു. പരിപാടിയിൽ കൃഷി ജാഗരണിൻ്റെ 26 വർഷത്തെ നാൾ വഴികളുടെ വീഡിയോ പ്രദർശിപ്പിച്ചു.

11. ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യത. കൂടാതെ, ഇന്നും നാളെയും മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. അതേസമയം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി തൃശൂരിൽ ഈ വർഷം മൺസൂൺ സീസണിൽ പത്ത് മേഖലകളിൽ മിന്നൽ ചുഴി റിപ്പോർട്ട് ചെയ്തു. കൂടാതെ മേഘവിസ്ഫോടനം, താപവിസ്ഫോടനം, പൊടിച്ചുഴലി, നീർച്ചുഴലി എന്നിവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English Summary: National Ranking Central Marine Fisheries Research Institute acknowledged.. More agriculture news
Published on: 01 October 2022, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now