നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൂന്ന് വിദ്യാർത്ഥികൾ 720/720 എന്ന മികച്ച സ്കോർ നേടി. മലയാളി ഉൾപ്പെടെ മൂന്ന് പേരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മുംബൈ മലയാളിയായ കാർത്തിക ജി നായർ, തെലങ്കാന സ്വദേശി മൃണാള്‍ കുട്ടേരി, ഡൽഹി സ്വദേശി തന്മയ് ഗുപ്ത എന്നിവർക്കാണ് ഒന്നാം റാങ്ക്.
പതിനേഴാം റാങ്ക് നേടിയ ഗൗരി ശങ്കറാണ് കേരളത്തിൽ നിന്നുള്ള ഉയർന്ന റാങ്ക്. വൈഷണ ജയവർധനൻ 23ാം റാങ്കും നിരുപമ പി 60ാം റാങ്കും നേടി. ആകെ 8,70,081 പേർ പരീക്ഷയിൽ യോഗ്യത നേടി.
neet.nta.nic.in, ntaresults.ac.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ആപ്ലിക്കേഷൻ നമ്പരും ജനന തീയതിയും നൽകി ഫലം ഡൗൺലോഡ് ചെയ്യാം.
നീറ്റ് ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ട് ഫലം പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി NTAയോട് നിർദേശിച്ചിരുന്നു. പരീക്ഷ കേന്ദ്രത്തിൽ വെച്ച് 2 പരീക്ഷാർഥികളുടെ OMR Sheet തമ്മിൽ മാറിപ്പോയി എന്ന് മഹരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ബോംബെ ഹൈക്കോടതി നീറ്റ് ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞത്.
ദേശീയ തലത്തിലെ ഉയർന്ന റാങ്കുകാരുടെ വിവരങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിടും. കഴിഞ്ഞ സെപ്റ്റംബർ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടന്നത്. ഈ വർഷം 16 ലക്ഷത്തിലേറെ പേർ പരീക്ഷയെഴുതി. കേരളത്തില്‍ 12 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതിയത്.