എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ കൃഷിത്തോട്ടമാണ് നേര്യമംഗലത്തേത്. വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന എണ്‍പതേക്കര്‍ വരുന്ന കൃഷിയിടം രണ്ടുവര്‍ഷം കൊണ്ട് വെട്ടിത്തെളിച്ച് സമ്മിശ്രകൃഷിയുടെ മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റിയിരിക്കയാണിപ്പോള്‍. പോളിഹൗസും വിവിധങ്ങളായ പാരമ്പര്യ കൃഷികളും ആധുനിക കൃഷി രീതികളും കണ്ടുമനസിലാക്കാന്‍ അനേകമാളുകള്‍ നിത്യവും ഇവിടം സന്ദര്‍ശിക്കുന്നു. പശു വളര്‍ത്തലും ആടുവളര്‍ത്തലുമെല്ലാം ഇവിടെ നടത്തുന്നുണ്ട്.
ഈ വലിയ മാറ്റത്തിനുളള അംഗീകാരമായി കൃഷിത്തോട്ടത്തിന് നേതൃത്വം നല്‍കുന്ന തോമസ് മാനുവലിനെ കൃഷി വകുപ്പിന് കീഴിലുള്ള 2019ലെ മികച്ച ഫാം ഓഫീസറായി തെരഞ്ഞെടുത്തത്.2019 ഡിസംബര്‍ 9 ന് ആലപ്പുഴ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും തോമസ് ഫലകവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി. വെളിച്ചെണ്ണയില്‍ നീലഅമരിയില ചേര്‍ത്തുളള ഹെയര്‍ ഓയില്‍, താരനെ നശിപ്പിച്ച് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദന്തപ്പാല ഇല ചേര്‍ത്തുള്ള എണ്ണ, മഞ്ഞള്‍പൊടി, കുരുമുളക് പൊടി തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വിപണനം സാധ്യമാക്കിയത് ഒക്കെയും പുരസ്‌ക്കാര സമിതിയുടെ അഭിനന്ദനം പിടിച്ചു പറ്റുകയുണ്ടായി. മികച്ച തെങ്ങിന്‍ തൈ ഉള്‍പ്പെടെ വിവിധ ഇനം തൈകളും വിത്തുകളും ഇവിടെ വാങ്ങാനും കഴിയും.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ പെരിയാര്‍ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യംഗലം. ഇടുക്കി ജില്ലയോട് ചേര്‍ന്നു കിടക്കുന്ന ഇവിടെ കൃഷിയാണ് പ്രധാന തൊഴില്‍. കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപ്പുഞ്ചി എന്നും വിളിപ്പേരുണ്ട്. ആലുവ-മൂന്നാര്‍ ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും ഇവിടെയാണ്. 77.65 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന നേര്യമംഗലം വൈദ്യുത പദ്ധതിയും പ്രസിദ്ധമാണ്. ഫാം ടൂറിസത്തിന് വലിയ സാധ്യതയുള്ള ഇടം തന്നെയാണ് നേര്യമംഗലം എന്ന് സംശയമന്യേ പറയാന്‍ സാധിക്കും.