ജീവിയ്ക്കാന്‍ സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്‌നം തന്നെയാണ്. ചിലര്‍ക്കത് ജീവിതത്തിന്റെ പ്രധാന ലക്ഷ്യം കൂടിയാണ്. എന്നാല്‍ വീട് പണിയാന്‍ ഒരുങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കുറെയധികം കാര്യങ്ങളുണ്ട്.
വ്യക്തമായ ധാരണയോടെ ഇറങ്ങിയില്ലെങ്കില്‍ സമയവും പണവും വെറുതെ പാഴായേക്കും. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി രേഖകളും ആവശ്യമാണ്. ആരെങ്കിലും പറഞ്ഞുകേട്ട വിവരങ്ങള്‍ മാത്രം മനസ്സില്‍ വച്ച് വീട്ടുപണിയ്ക്ക് ഇറങ്ങിയാല്‍ ചിലപ്പോള്‍ വലഞ്ഞുപോയേക്കും. അതിനാല്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരുതേണ്ട രേഖകള്‍ ഏതൊക്കെയാണെന്ന് അറിയാം.
അനുമതിയും രേഖകളും
വീടിന്റെ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്ത് /മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവയുടെ പെര്‍മിറ്റ് ലഭിക്കേണ്ടതുണ്ട്. അതിനുളള അപേക്ഷ നല്‍കുകയാണ് ആദ്യപടി.
പഞ്ചായത്ത് പരിധിയിലാണെങ്കില്‍
നിങ്ങള്‍ വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത് പഞ്ചായത്ത് പരിധിയിലാണെങ്കില്‍ സ്ഥലത്തിന്റെ ആധാരം, ഭൂനികുതി അടച്ചതിന്റെ രസീത്, കൈവശാവകാശ രേഖ, ഭൂമിയുടെ തരം കാണിക്കുന്ന രേഖ എന്നിവ നിര്‍ബന്ധമായും കയ്യിലുണ്ടാകണം. ഇതില്‍ ഭൂമിയുടെ തരംകാണിക്കുന്ന രേഖയും കൈവശാവകാശ രേഖയും അതാത് വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. വീടിന്റെ പ്ലാന്‍ ഓണ്‍ലൈന്‍ വഴി അനുമതിയ്ക്കായി സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ സങ്കേതം എന്ന സോഫ്റ്റ് വെയര്‍ വഴി നിങ്ങള്‍ക്ക് വീടിന്റെ പ്ലാന്‍ അപ്ലോഡ് ചെയ്യാം.
പഞ്ചായത്തില്‍ നല്‍കേണ്ടത് എന്തെല്ലാം ?
പഞ്ചായത്ത് പരിധിയില്‍ വീട് നിര്‍മ്മിക്കുമ്പോള്‍ പ്ലാനിന്റെ യഥാര്‍ത്ഥ രേഖ പഞ്ചായത്തില്‍ ഹാജരാക്കണം. കൂടാതെ അപേക്ഷാഫോറം, മൂന്ന് സെറ്റ് പ്ലാന്‍, വീട് എങ്ങനെയുണ്ടാക്കുന്നുവെന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട്, മൂന്ന് സെറ്റ് കണ്‍സള്‍ട്ടന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ പഞ്ചായത്തില്‍ നല്‍കണം.
അനുമതി കിട്ടിയില്ലെങ്കില്‍
രേഖകള്‍ സമര്‍പ്പിച്ച് കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം പഞ്ചായത്ത് വീടിന്റെ പ്ലാനിന് അനുമതി നല്‍കണം. കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ വീണ്ടും അപേക്ഷിക്കണം. ഇക്കാലയളവില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തപക്ഷം വീടിന്റെ പ്രവൃത്തി തുടങ്ങാന്‍ അപേക്ഷകന് നിയമപരമായ അവകാശമുണ്ട്. ഇത്തരം ഘട്ടത്തില്‍ നിയമ ലംഘനമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കാം.
കോര്‍പറേഷനില്‍ അപേക്ഷിക്കേണ്ടതെങ്ങനെ ?
കോര്‍പ്പറേഷനില്‍ സുലേഖ സോഫ്റ്റ് വെയര്‍ മുഖാന്തിരം പ്ലാന്‍ അപ്ലോഡ് ചെയ്യാനുളള സൗകര്യമുണ്ട്. പഞ്ചായത്തില്‍ സമര്‍പ്പിക്കുന്ന എല്ലാ രേഖകളും കോര്‍പ്പറേഷനിലും ബാധകമാണ്. വീടിന്റെ പ്ലാനിന്റെ യഥാര്‍ത്ഥ രേഖ വേണ്ട എന്നതുമാത്രമാണ് ആകെയുളള വ്യത്യാസം. ശേഷം സൈറ്റ് വിസിറ്റിന്റെ ദിവസം നിങ്ങളെ അറിയിക്കും. പഞ്ചായത്തിലെ പോലെ പതിനഞ്ച് ദിവസത്തിനകം അനുമതി നല്‍കണമെന്നാണ് ഇവിടത്തെയും നിയമം. അല്ലാത്തപക്ഷം മേയര്‍ക്കോ കോര്‍പ്പറേഷന്‍ സെക്രട്ടറിയ്‌ക്കോ അപേക്ഷ കൊടുക്കാം. ഇതിനുശേഷവും അനുമതി വൈകിയാല്‍ കിട്ടിയതായി പരിഗണിച്ച് വീടിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങാവുന്നതാണ്.