മലപ്പുറം: മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍ (എസ്.പി.സി.എ ) എന്നാണ് സംഘടനയുടെ പേര്. എല്ലാ ജില്ലയിലും ഇത്തരത്തില്‍ സംഘം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്താണ് സംഘം പ്രവര്‍ത്തിക്കുക.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക, ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുക എന്നിവയാണ് സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പരിക്കേറ്റ മൃഗങ്ങള്‍ക്ക് പ്രത്യേക അഭയകേന്ദ്രമൊരുക്കുക, അവയെ പരിചരിക്കുക എന്നതും സംഘത്തിന്റെ ലക്ഷ്യമാണ്.
കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പരിശീലനം നല്‍കാനും സംഘം പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സംഘത്തിന്റെ ചെയര്‍പേഴ്‌സണ്‍, ജില്ലാ കളക്ടര്‍ കോ ചെയര്‍പേഴ്‌സണും മൃഗസംരക്ഷണ ഓഫീസര്‍ കണ്‍വീനറുമാണ്. വിവിധ വകുപ്പ് മേധാവികള്‍ അംഗങ്ങളുമാണ്.
സംഘത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.ഡി.എം എന്‍ എം മെഹറലി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി അഷ്‌റഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി യു അബ്ദുല്‍ അസീസ്, ചീഫ് വെറ്റനറി ഓഫീസര്‍ ഡോ. കെ ഷാജി, വെറ്റനറി സര്‍ജന്‍ ഡോ. പിഎം ഹരി നാരായണന്‍ ഡിവൈ.എസ്.പി കെ സി ബാബു എന്നിവര്‍ പങ്കെടുത്തു.