ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ‘നിവേഷ് പ്ലസ്’, ‘എസ്.ഐ.ഐ.പി.’ എന്നീ യൂണിറ്റ് ലിങ്ക് പോളിസികളുമായി രംഗത്ത്. സിംഗിൾ, റെഗുലർ എന്നീ പ്രീമിയം പോളിസികളാണ് അവതരിപ്പിച്ചിട്ടുള്ളത്.
കുറഞ്ഞത് ഒറ്റത്തവണയായി ഒരുലക്ഷം രൂപ നിക്ഷേപിക്കാവുന്ന പോളിസിയാണ് നിവേഷ് പ്ലസ്. 90 ദിവസം പ്രായമുള്ള കുട്ടികൾക്ക് മുതൽ 70 വയസ്സുവരെയുള്ളവർക്ക് പോളിസിയിൽ അംഗമാകാം. കാലവാവധി 10 വർഷം മുതൽ 25 വർഷം വരെ. ബോണ്ട് ഫണ്ട്, സെക്യൂർഡ് ഫണ്ട്, ബാലൻസ് ഫണ്ട്, ഗ്രോത്ത് ഫണ്ട് എന്നിങ്ങനെ നാലുതരം ഫണ്ടുകൾ ലഭ്യമാണ്.
അഞ്ച് വർഷത്തിനുശേഷം മുഴുവൻ തുകയോ ഭാഗികമായോ പിൻവലിക്കാനുള്ള അവസരവും പോളിസിയിൽ ഉണ്ട്. നിശ്ചിത കാലയളവുകളിൽ സിംഗിൾ പ്രീമിയത്തിന്റെ നിശ്ചിത ശതമാനം ഗാരന്റി അഡീഷനായി യൂണിറ്റ് ഫണ്ടിലേക്ക് ചേർക്കപ്പെടും. പോളിസി കാലാവധി പൂർത്തിയാക്കുമ്പോൾ യൂണിറ്റ് ഫണ്ടിന്റെ വാല്യൂ തിരികെ ലഭിക്കും.
അതേസമയം, റെഗുലർ പ്രീമിയം പോളിസിയാണ് എസ്.ഐ.ഐ.പി. പ്രതിമാസം കുറഞ്ഞത് 4,000 രൂപ പോളിസിയിൽ നിക്ഷേപിക്കാം. വർഷം 40,000 രൂപയും. ഇതിൽ 90 ദിവസം പ്രായമുള്ള കുട്ടികൾക്ക് മുതൽ 65 വയസ്സ് വരെയുള്ളവർക്ക് അംഗമാകാം. കാലാവധി 10-25 വർഷം വരെയാണ്. നാലുതരം ഫണ്ടുകൾ എസ്.ഐ.ഐ.പി.യിലും ലഭ്യമാണ്.
അഞ്ച് വർഷത്തിന് ശേഷം തുക മുഴുവൻ വേണ്ടവർക്ക് പിൻവലിക്കാം. നിശ്ചിത പോളിസി ആനിവേഴ്‌സറികളിൽ വാർഷിക പ്രീമിയത്തിന്റെ നിശ്ചിത ശതമാനം ഗാരന്റീഡ് അഡിഷനായി യൂണിറ്റ് ഫണ്ടിൽ ചേർക്കപ്പെടും. കാലാവധി പൂർത്തിയാകുമ്പോൾ, യൂണിറ്റ് ഫണ്ട് വാല്യൂവും റീഫണ്ട് മോർട്ടാലിറ്റി ചാർജും തിരികെ ലഭിക്കും. രണ്ടു പോളിസികൾക്കും ലൈഫ് കവറേജുമുണ്ട്. തിങ്കളാഴ്ച മുതൽ പോളിസികൾ വാങ്ങാം.