ബാക്ടീരിയ ചേർത്ത ചകിരിച്ചോറുപയോഗിച്ചുള്ള (ഇനോകുലം) വീട്ടക ജൈവമാലിന്യസംസ്‌കരണ യൂണിറ്റുകൾ സംസ്ഥാനത്ത് വ്യാപകമാക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് മുന്നോട്ടുവെച്ച പദ്ധതി തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക.
മൂന്ന് തട്ടുകളുള്ള ഇനോകുലം ബയോബിന്നുകൾ എന്നറിയപ്പെടുന്ന ചെറുയൂണിറ്റുകളാണ് എല്ലാ വീടുകളിലുമെത്തുക.ജൈവമാലിന്യം ഒട്ടും ദുർഗന്ധമില്ലാതെ വളമാക്കിയെടുക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. കുന്നംകുളം മുനിസിപ്പാലിറ്റിയിൽ പരീക്ഷിച്ച് വൻ വിജയമായതാണിവ. ഫ്ലാറ്റുകളിലും ഇവ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. പദ്ധതി വ്യാപിപ്പിക്കുന്നതിനായി നടത്തിയ പരീക്ഷണങ്ങളും വിജയമായിരുന്നു.
തുടർന്നാണ് വിവിധ ഏജൻസികളുടെ സഹകരണത്തോടെ സംസ്ഥാനമൊട്ടും നടപ്പാക്കാൻ തീരുമാനിച്ചത്.
നിശ്ചിത ഇടവേളകളിൽ ഗുണമേറിയ ജൈവവളം ഉത്‌പാദിപ്പിക്കാനാകുമെന്നതിനാൽ വീടുകളിൽ പൂന്തോട്ട പരിപാലനത്തിനും പച്ചക്കറി ഉത്‌പാദനത്തിനും പദ്ധതി വഴിതെളിക്കും.
മൂന്ന് തട്ടുകളിലായി ഇനോകുലം ഉപയോഗിച്ചുള്ള ബിന്നുകൾ സൂക്ഷിക്കാൻ ചെറിയ ഇടം മതി. ദുർഗന്ധമുണ്ടാകാത്തതിനാൽ വീട്ടിനുള്ളിൽത്തന്നെ വെയ്ക്കുകയും ചെയ്യാം.
1800 രൂപയാണ് ഇനോകുലം ബയോ ബിൻ യൂണിറ്റിന്റെ യഥാർഥവില. ഇതിനോടൊപ്പം 150 രൂപയുടെ ഇനോക്കുലം പാക്കറ്റും സൗജന്യമായി നൽകും. തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുമ്പോൾ 90 ശതമാനം സബ്സിഡിയുണ്ട്. അതായത് 180 രൂപയ്ക്ക് ഇനോകുലം ബയോബിൻ യൂണിറ്റ് ലഭിക്കും.