കാർഷിക കേരളത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ (Njangalum krishiyilekku). പിണറായി സർക്കാരിന്റെ രണ്ടാം 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യ സ്വയംപര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനത്തിനുമായി കുടുംബങ്ങളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാന കൃഷിവകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെയും ഹോട്ടികൾച്ചർ മിഷൻ പദ്ധതിയുടെയും ഭാഗമായി കോട്ടയം കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെയും പൂക്കൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ നിർവഹിച്ചു.
സ്‌കൂളിലെ 50 സെന്റ് സ്ഥലത്ത് വിദ്യാർഥികൾ നട്ടു വളർത്തിയ വഴുതന, വെണ്ട, പച്ചമുളക്, ചീര, തക്കാളി എന്നീ പച്ചക്കറികളുടെ വിഴവെടുപ്പാണ് നടന്നത്.
കുട്ടികൾക്കിടയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവളങ്ങളായ ജീവാമൃതം, പഞ്ചദ്രവ്യം, ഗോമൂത്രം എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചത്. കുട്ടിച്ചന്ത വഴി വിറ്റഴിക്കുന്ന ഈ ജൈവ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയാണെന്ന് കൃഷി ഓഫീസർ ടി.ആർ സൂര്യ മോൾ പറഞ്ഞു.
പുഷ്പകൃഷിയിൽ ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽ പെടുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തിയും ബന്ദിയുമാണ് കൃഷി ചെയ്തത്. ഇന്നലെ വിളവെടുത്ത പൂക്കൾ ളാക്കാട്ടൂരിലെ ശിവപാർവതി ക്ഷേത്രത്തിന് നൽകി. ഏഴുകിലോയോളം പൂക്കളാണ് ഇന്നലെ വിളവെടുത്തത്. കിലോയ്ക്ക് 150 രൂപ നിരക്കിലാണ് നൽകിയത്.
പച്ചക്കറി തൈകൾ കൃഷി വകുപ്പിൽ നിന്ന് സൗജന്യമായി നൽകിയിരുന്നു. ഇത് കൂടാതെ കൃഷി വികസിപ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇൻസ്റ്റിറ്റിയൂഷൻ ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി 70,000 രൂപയുടെ പ്രൊജക്ട് സമർപ്പിച്ചിട്ടുണ്ടെന്നും, പൂക്കൃഷിക്ക് ഹോട്ടികൾച്ചർ മിഷന്റെ സബ്സിഡി ലഭ്യമാക്കുമെന്നും കൃഷി ഓഫീസർ പറഞ്ഞു. കാബേജ്, കോളിഫ്ളവർ, ബീൻസ് എന്നിവയുടെ കൃഷിയും പുതുതായി കുട്ടികൾ ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളും കൃഷിയിലേക്ക്; പദ്ധതിയുടെ വിശദ വിവരങ്ങൾ (Njangalum krishiyilekku; Details)
പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ സൃഷ്ടിക്കാനും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. യുവതലമുറ ഉൾപ്പെടെ എല്ലാവരെയും കൃഷിയിലേക്ക് കൊണ്ടു വരുന്നതിനും കാർഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുമുള്ള വിവിധ പ്രചാരണ പരിപാടികൾ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
കൃഷി വകുപ്പ് നേതൃത്വം നൽകുകയും, അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ തല സമിതികൾ രൂപീകരിച്ചായിരിക്കും പ്രവർത്തനം. തദ്ദേശ സ്ഥാപന തലവനാണ് സമിതി ചെയർമാൻ. ക്യാമ്പയിന്റെ പ്രചാരണം, ഏകോപനം വിലയിരുത്തൽ എന്നിവയ്ക്കും വിള നിർണയവും ഉൽപ്പാദനവും വാർഡ്തലത്തിൽ ക്രോഡീകരിച്ച് തദ്ദേശ തലത്തിൽ തയ്യാറാക്കാനും സമിതി മേൽനോട്ടം വഹിക്കും.
ബന്ധപ്പെട്ട വാർത്തകൾ: "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം : മന്ത്രി വീണാജോര്‍ജ്
കാർഷിക മേഖലയിലെ മൂല്യ വർധനവ് പ്രയോജനപ്പെടുത്തി കർഷക വരുമാനം വർധിപ്പിക്കുക എന്നതാണ് പദ്ധതി മുഖ്യമായും ലക്ഷ്യം വച്ചിരിക്കുന്നത്. ഇതിന് പുറമെ മണ്ണ് സമ്പുഷ്ടമാക്കുക, പരിസ്ഥിതി സംരക്ഷിക്കുക, കാർഷികമേഖലയെ ഇതര ഭക്ഷ്യമേഖലകളുമായി കോർത്തിണക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിക്കുക എന്നതും മുഖ്യആകർഷണമാണ്. തനതായ കാർഷിക വിഭവങ്ങളെ സംരക്ഷിക്കാനും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വഴി സാധിക്കും.