1. News

ഞങ്ങളും കൃഷിയിലേക്ക്: നാടന്‍ പൂക്കള്‍ കൃഷി ചെയ്ത് പന്തളം തെക്കേക്കര പഞ്ചായത്ത്; കൂടുതൽ കൃഷി വാർത്തകൾ

Saranya Sasidharan

1.    കർഷകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബ പെന്‍ഷന്‍, അവശത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, ചികിത്സാസഹായം തുടങ്ങി പതിനൊന്നോളം ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കും. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും വിസ്തീര്‍ണ്ണമുള്ള ഭൂമി കൈവശം വെച്ചിരിക്കുകയും, മൂന്ന് വര്‍ഷത്തെ കുറയാത്ത കാലയളവില്‍ കൃഷി-  അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗം ആയിരിക്കുകയും വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തതായുളള 18-നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ നിർദ്ദേശങ്ങൾക്കും രജിസ്റ്റേഷനും kfwfb.kerala.gov.in/  എന്ന പോർട്ടൽ സന്ദർശിക്കുക. 
 
2.    തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ’ പദ്ധതിക്കായി ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ. പദ്ധതിവഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിൻ തൈ വീതം തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന സൗജന്യമായി നട്ട് നൽകും. മൂന്നുവർഷം കൊണ്ട് വിളവെടുക്കാനാവുന്ന അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകളാണിവ.  ആറായിരത്തോളം തെങ്ങിൻ തൈകൾ ഇത് വരെ വിതരണത്തിന് പാകമായി കഴിഞ്ഞു. ഓരോ വാർഡിലും 250  തൈകൾ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പദ്ധതി പൂർത്തിയാക്കുന്നതോടെ നാളികേര ഉത്പാദനത്തിന്റെ കാര്യത്തിൽ പഞ്ചായത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും അതിലൂടെ മികച്ച ഒരു വരുമാനം കർഷകർക്ക് ലഭ്യമാകാൻ കഴിയുമെന്നും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.
3.    മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് വേണ്ടി നാടന്‍ പൂക്കള്‍ കൃഷി ഒരുക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂ കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വാടാ മുല്ല,  ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് പറഞ്ഞു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെമ്പര്‍ പ്രസാദ് കുമാര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍. ജിജി, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 
4.    'പോഷൻ മാ' ആചരണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയുള്ള പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിപാടിയാണ് 'പോഷന്‍ മാ' ആചരണം. ആറു വയസ്സിനു താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ ഇടയിൽ പോഷണ നിലവാരം ഉയർത്തുക എന്നതാണ് 'പോഷൻ മാ' പദ്ധതിയുടെ ലക്ഷ്യം.  പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ ആരോഗ്യ പോഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്സെടുത്തു. പോഷകാഹാര പ്രദർശനം, മെഡിക്കൽ ക്യാമ്പ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. 
 
5.    ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോർഡ്' ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒരു ബ്ലാക്‌ബോർഡ് ഉപയോഗിക്കുന്നത് പോലെ ലാപ്‌ടോപ്പുപയോഗിച്ച് എഴുതാനും ടൈപ്പ് ചെയ്യാനും അത് സ്‌കൂളുകളിലെ പ്രൊജക്ടറുകളിലുൾപ്പെടെ പ്രദർശിപ്പിക്കാനും 'കൈറ്റ് ബോർഡ് ' വഴി സാധിക്കും എന്നതാണ് പ്രത്യേകത. 'സമഗ്ര' റിസോഴ്‌സ് പോർട്ടലിൽ നിന്നുള്ള വീഡിയോ - ചിത്രം - പ്രസന്റേഷൻ തുടങ്ങിയവ 'കൈറ്റ് ബോർഡി'ൽ നേരത്തെ ഉൾപ്പെടുത്തിവെക്കാനും ഇവ ആവശ്യാനുസരണം ഓൺലൈനായും /ഓഫ്‌ലൈനായും ക്ലാസുകളിൽ ഉപയോഗപ്പെടുത്താനും ഇതുവഴി കഴിയും.
6.    തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ പുരസ്‌കാരം നല്‍കുന്നു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തീയതിക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ അവാര്‍ഡ് ലഭിച്ചവരെ ഈ വര്‍ഷം അവാര്‍ഡിനായി പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കുന്നവര്‍ക്ക് 10000/- രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. അപേക്ഷ ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറുടെ ശുപാര്‍ശസഹിതം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോറങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.
 
7.    ക്ഷീര വികസന വകുപ്പിൻ്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തീറ്റപ്പുല്‍ കൃഷി പരിശീലന കേന്ദ്രത്തില്‍ യുവ സംരംഭകര്‍ക്ക് വാണിജ്യ അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിയും വിപണനവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനവും പരിശീലനാര്‍ത്ഥികള്‍ക്ക് തീറ്റപ്പുല്‍ വിപണി കണ്ടെത്തി വരുമാനം നേടാനുള്ള സഹായവും, അതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളും പരിചയപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 10 വൈകുന്നേരം 5 മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 9 4 0 0 8 3 1 8 3 1 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
 
8.    റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്,  ചെറുകിട റബ്ബർ കര്‍ഷകര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് N.I.R.T യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതന നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗ ശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 8 1 2 3 5 3 1 2 7 എന്ന ഫോണ്‍ നമ്പരിലോ 0 4 8 1 2 3 5 1 3 1 3 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ അല്ലെങ്കിൽ training@rubberboard.org.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. 
9.    ഗവ. കൃഷി കർഷക ക്ഷേമ മന്ത്രാലയം DA&FW, 2 ദിവസത്തെ അഗ്രി സ്റ്റാർട്ടപ്പ് കോൺക്ലേവും, കർക്ഷക സമ്മേളനവും ഒക്‌ടോബർ 17, 18 തീയതികളിൽ സംഘടിപ്പിക്കുന്നു. പൂസയിലെ IARI ഗ്രൌണ്ടിൽ നടക്കുന്ന ‘ബദൽത്ത കൃഷി പരിദൃശ്യ ഓർ തക്നീക്’ എന്ന പരിപാടി പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1500 സ്റ്റാർട്ടപ്പുകളും, 13,500 കർഷകരും, കാർഷിക മേഖലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 300 സ്റ്റാർട്ടപ്പ് സ്റ്റാളുകളും പങ്കെടുക്കുന്ന പരിപാടിയിൽ മലയാളികളും പങ്കെടുക്കുന്നു. കേരളത്തിൽ നിന്നുള്ള 5 സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 
 
10.    ഗ്രാമപ്രദേശങ്ങളിൽ കാർഷിക വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ  2000 കോടി രൂപയുടെ ഫണ്ട് നൽകാൻ അനുമതി കൊടുത്തതായി കേന്ദ്ര സർക്കാർ. ഗ്രാമീണ കാർഷിക വിപണികളും കാർഷികോൽപന്ന വിപണി സമിതികളും വികസിപ്പിക്കുന്നതിനാണ് ഫണ്ട് . പദ്ധതിയിൽ നിന്ന് ഫണ്ട് ലഭിക്കാനുള്ള സംസ്ഥാനങ്ങൾക്ക് അത് നൽകിയതായും എം വി ശ്രേയാംസ്കുമാർ എം പി യുടെ ചോദ്യത്തിന് മറുപടിയായി, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രാജ്യസഭയെ രേഖാമൂലം അറിയിച്ചു. നബാർഡിന് കീഴിൽ ഇപ്പോൾ രണ്ടായിരത്തോളം കാർഷികോൽപാദന കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 135 ഓളം ഉൽപ്പാദക കമ്പനികളാണ് നിലവിലുള്ളത്.
 
11.    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും നൽകി. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. എന്നാൽ കേരള. കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധത്തിന് തടസ്സമില്ല.
English Summary: Njangalum Krishiyilekk: Pandalam Thekekkara Panchayat by cultivating flowers

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds