തൃശ്ശൂർ: കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ - ഞാറ്റുവേല മഹോത്സവത്തിന്റെ നാലാം ദിവസം നടന്ന യുവജനസംഗമം ടൗൺഹാളിൽ തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരം ടോവിനോ തോമസ് മുഖ്യാതിഥിയായി. വിദ്യാർത്ഥികൾ കായികമായ ലഹരിയിൽ ഏർപ്പെടണം എന്ന് ടോവിനോ അഭിപ്രായപ്പെട്ടു.
മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി വി ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയാ ഗിരി എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത 300ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പൊന്നാക്കും മകം ഞാറ്റുവേല
ജൂലൈ 2 വരെയായി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ഇരുമ്പ് ഉല്പന്നങ്ങൾ, മിഠായികൾ, ചക്ക - മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50ൽ പരം സ്റ്റാളുകളാണ് തയ്യാറാക്കിയിട്ടുളളത്.