1. സബ്സിഡി നിരക്കിലുള്ള ഗോതമ്പ് കിട്ടാതായതോടെ സംസ്ഥാനത്തെ അമൃതം പൊടി നിർമാണം പ്രതിസന്ധിയിൽ, കോഴിക്കോട് ജില്ലയിലെ പലയിടത്തതും കുടുംബശ്രീ നിർമാണത്തിലുള്ള യൂണിറ്റുകൾ പ്രവർത്തനം നിർത്തി വെച്ചു. ഇതിനെത്തുടർന്ന് പല അങ്കണവാടികളിലും അമൃതം പൊടി കിട്ടാനില്ലാത്ത അവസ്ഥയാണ് . FCI യിൽ നിന്നും വിതരണം ചെയ്യുന്ന ഗോതമ്പ് സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുന്നു എന്നാണ് വനിതാ ശിശുവികസന വകുപ്പ് പറയുന്നത്. സംസ്ഥാനത്തെ 241 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 6 ലക്ഷത്തോളം കുട്ടികൾക്ക് അമൃതം പൊടി ലഭ്യമാക്കുന്നുണ്ട്.
2. മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ ആരാമഭംഗി ഒരുക്കി ചിറക്കര ഗ്രാമപഞ്ചായത്ത്. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജ് ബസ്സ്റ്റാന്‍ഡിന് സമീപം കാടുമൂടികിടന്ന പ്രദേശത്ത് സ്‌നേഹാരാമം ഒരുക്കുകയാണ് ചെയ്യുന്നത്. കെ പി ഗോപാലന്‍ ഗ്രന്ഥശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാത്തന്നൂര്‍ എസ് എന്‍ കോളേജിലെ എന്‍എസ്എസ് യൂണിയൻ്റേയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ് പദ്ധതി. ഉദ്ഘാടനം പ്രസിഡൻ്റ് റ്റി. ആര്‍ സജില നിര്‍വഹിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപു അധ്യക്ഷയായി. പൂന്തോട്ടത്തിന്റെ പരിപാലന ചുമതല എന്‍എസ്എസ് വളണ്ടിയര്‍മാരും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും നിര്‍വഹിക്കും.
3. കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 ലേക്ക് എൻറോൾമെന്റ് ആരംഭിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയിൽ പങ്കാളികളാകാം. ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ആരോഗ്യ സുരക്ഷാ പോളിസി അപകട സുരക്ഷാ പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവയുടെ പരിരക്ഷ ലഭിക്കും. ക്ഷേമനിധി അംഗങ്ങളോടൊപ്പം ജീവിതപങ്കാളി, മക്കൾ എന്നിവർക്കും പ്രത്യേകം തുക നൽകി പദ്ധതിയിൽ എൻറോൾ ചെയ്യാം. ക്ഷീരസംഘം ജീവനക്കാർക്കും ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും മുഴുവൻ പ്രീമിയം തുക അടച്ച് പദ്ധതിയിൽ എൻറോൾ ചെയ്യാം. അവസാന തീയതി ഡിസംബർ 31 വരെയാണ്. വിശദവിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ തൊട്ടടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടാം.