കോവിഡ് 19 - ന്റെ ആശങ്കകൾക്കിടയിലും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികൾക്കായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന 'പ്രവാസി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി '. പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ നിർവഹിച്ചു.
കേരളം കാർഷിക രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിനു ശ്രമിക്കുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മന്ത്രി സുനിൽകുമാർ പറഞ്ഞു. കോവിഡിന് ശേഷം കേരളത്തിൽ ഉണ്ടാകാൻ പോകുന്ന വലിയ മാറ്റമായിരിക്കും കാർഷിക മേഖലയിലേത്. നിലവിലുള്ള പ്രതിസന്ധി കാർഷിക രംഗത്തിനു ഒരു അവസരമായാണ് കാണുന്നതെന്നും മന്ത്രി സുനിൽകുമാർ പറഞ്ഞു. കാർഷിക രംഗത്ത് വലിയ മാറ്റമുണ്ടാകുന്നതിനോടൊപ്പം ഉൽപ്പാദക രംഗത്ത് സ്വയം പര്യാപ്‌തത കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാർഷിക മേഖലക്ക് വേണ്ടി തുടക്കമിട്ടിരിക്കുന്ന സുഭിക്ഷ കേരളം പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്നും മന്ത്രി സുനിൽ കുമാർ പറഞ്ഞു. 3800 കോടിയുടെ നൂതന പദ്ധതികളാണ് കാർഷിക മേഖലക്കായി അവഷ്ക്കരിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ടാണ് സുഭിക്ഷ പദ്ധതി നടപ്പാക്കുന്നത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന പ്രവാസി പച്ചക്കറി കൃഷിയുൾപ്പെടെ സുഭിക്ഷ കേരളത്തിൽ സംയോജിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്കായും നിരവധി പദ്ധതികൾ ആരംഭിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലെയും ഭൂമി ലഭ്യതയും മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം കണക്കിലെടുത്തും തനത് പദ്ധതികൾ ആവിഷ്‌കരിക്കും. കൃഷി ചെയ്തുകൊണ്ടിരിക്കുന്നവർക്കും പുതുതായി കൃഷിയിലേക്കു വരുന്നവർക്കുമായി ഒരു കാർഷിക പോർട്ടൽ ആരംഭിക്കുമെന്നും എല്ലാവരും അതിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
പ്രവാസിമലയാളിയായ മധു രവീന്ദ്രന്‍റെ രണ്ടേക്കർ പുരയിടത്തിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ, എ. എം ആരിഫ് എം പി, പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു, മധു രവീന്ദ്രൻ, ഭാര്യ സ്മിത തുടങ്ങിയവർ പങ്കെടുത്തു.
കൃഷിക്കാവശ്യമായ തൈകൾ, വളം, കൂലിച്ചെലവ്, ട്രിപ്പ് ഇറിഗേഷൻ സബ്സിഡി തുടങ്ങിയവ പ്രവാസികൾക്ക് പഞ്ചായത്ത് നൽകും. ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ ന്യായമായ വില നൽകി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും വിപണനം നടത്തുകയും ചെയ്യും. സംസ്ഥാനത്ത് തന്നെ ആദ്യം നടപ്പാക്കുന്ന പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ 150 പേർക്കുള്ള ജൈവ പച്ചക്കറി കൃഷിക്കുള്ള സഹായമാണ് പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ നിന്ന് ഗൾഫ് നാടുകളിൽ പ്രവാസികളായി 340 പേർ നിലവിലുണ്ട്.
പ്രവാസികൾ കൃഷി മാതൃകയാക്കണം : മധുവും കുടുംബവും
പ്രവാസികൾ എല്ലാവരും ജൈവ കൃഷി മാതൃകയാക്കണം മധു രവീന്ദ്രനും ഭാര്യ സ്മിതക്കും പറയാനുള്ളത് ഇതു മാത്രമാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ നാട്ടിലെത്തിയ പ്രവാസി മലയാളിയും കഞ്ഞിക്കുഴി സ്വദേശിയുമായ മധുവിനെ തേടി പഞ്ചായത്തിൽ നിന്നുള്ള വിളി എത്തിയപ്പോൾ മറിച്ചൊന്നും പറയാൻ തോന്നിയില്ല. കൃഷിക്കുള്ള എല്ലാ സഹായവും പഞ്ചായത്ത് നൽകാമെന്ന് പറഞ്ഞപ്പോൾ ഭാര്യ സ്മിതയും സമ്മതം മൂളി.
കുവൈറ്റിൽ ജോലി ചെയ്യുന്ന മധു കോവിഡ് കാലം കഴിഞ്ഞാലും കൃഷിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്നു. നാട്ടിലെത്തിയ പ്രവാസികൾ എല്ലാം കൃഷിയിലേക്കു തിരിയണമെന്നും മധു പറഞ്ഞു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം പുരയിടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യണമെന്ന പ്രതീക്ഷയും മധു പങ്കുവെച്ചു.
പത്തു ലക്ഷം പച്ചക്കറി തൈകൾ ഉദ്പാദിപ്പിക്കും
കഞ്ഞിക്കുഴി പഞ്ചായത്തിൽ പത്തുലക്ഷം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കും. തൈകൾ നട്ട് ഉൽപ്പാദിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽ കുമാർ പഞ്ചായത്തിൽ നിർവഹിച്ചു. പാവൽ, പടവലം, പയർ, പീച്ചിൽ, വെണ്ട തുടങ്ങി അഞ്ചിനം പച്ചക്കറി തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന തൈകളുടെ വിതരണം ഈ മാസം 20 -നു നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു പറഞ്ഞു.