പുതുവർഷത്തിൽ പുതിയ സമ്പാദ്യ നിക്ഷേപങ്ങളെ കുറിച്ച് മാത്രമല്ല ചിന്തിക്കേണ്ടത്. പുതിയ സാമ്പത്തിക വർഷത്തിന്റെ കൂടി തുടക്കമാണ് ഈ കാലയളവ്. അതിനാൽ സർക്കാർ സംബന്ധമായ നികുതികളുടെയും മറ്റ് സാമ്പത്തിക കാര്യങ്ങളും പൂർത്തിയാക്കുന്നതിന് അനുവദിച്ചിരിക്കുന്നത് ഈ സമയമാണ്. കഴിഞ്ഞ വർഷം അവസാനം പൂർത്തിയാക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ കൊവിഡിന്റെയും മറ്റ് പല കാരണങ്ങളുടെയും പശ്ചാത്തലത്തിൽ 2022ലേക്ക് നീട്ടിവച്ചിരുന്നു. നികുതി അടക്കം അടയ്ക്കേണ്ട അവസാന തീയതി ബന്ധപ്പെട്ട വകുപ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇവ കൃത്യമായി ഓർമിച്ച് നടപടികൾ പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
ആധാര്‍- പാന്‍ ലിങ്കിങ് (Aadhaar- PAN Linking)
കൊവിഡ് പശ്ചാത്തലത്തിൽ ആധാര്‍ നമ്പര്‍- പാന്‍ കാർഡ് നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 വരെയാക്കി. പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ഒരാള്‍ക്ക് 1,000 രൂപ വരെ ലേറ്റ് ഫീ അടയ്ക്കേണ്ടി വരും.
TDS ക്ലെയിം കിഴിവ് (TDS Claim Refund)
2022 മാര്‍ച്ച് 31 ആണ് അവസാന തീയതി. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് പഴയ നികുതി വ്യവസ്ഥ പിന്തുടരുന്നവർ മാര്‍ച്ച് 31-നകം നികുതി ആസൂത്രണങ്ങള്‍ പൂര്‍ത്തിയാക്കണം. എന്നാൽ, ആദായനികുതി സെക്ഷന്‍ 80 സി, 80 സി.സി.ഡി(1ബി) പ്രകാരമുള്ള നികുതിയിളവ് നേടണമെങ്കിൽ, ഇതിന് അനുയോജ്യമായ നിക്ഷേപമാർഗങ്ങൾ മാർച്ച് 31ന് മുൻപായി കണ്ടെത്തേണ്ടതാണ്. വരുമാന സ്രോതസില്‍നിന്നുള്ള നികുതി പിടിക്കലുകളുടെ TDSഉം ഈ സമയത്തിനുള്ളിൽ പൂർത്തിയാക്കണം.
ലൈഫ് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് (Life Insurance Certificate)
പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ എല്ലാ വർഷവും ലൈഫ് പ്രൂഫ് അല്ലെങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ പെൻഷൻ മുടങ്ങുന്നതാണ്. കഴിഞ്ഞ ഡിസംബര്‍ 31വരെയായിരുന്നു ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനായി സമയം അനുവദിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന്, ഇത് ഫെബ്രുവരി 28ലേക്ക് മാറ്റിവച്ചിരുന്നു.
ഒമികോണും തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് സമയപരിധി നീട്ടി വയ്ക്കുന്നതിന് കാരണമായത്.
പെൻഷനായ മുൻ സർക്കാർ ജീവനക്കാർ തങ്ങളുടെ പെൻഷൻ ആനുകൂല്യം തുടർന്നും ലഭിക്കുന്നതിനായി ഈ മാസം തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. പെൻഷൻ ലഭിക്കുന്നവർ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ഈ രേഖ ജീവൻ പ്രമാൺ പത്ര എന്നും അറിപ്പെടുന്നു.
ITR ഫോമുകൾ (ITR Form)
ആദായനികുതി ഫോമുകൾ അഥവാ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31 ആയിരുന്നു. എന്നാൽ, 2020- 21 കാലയളവിലെ ആദായനികുതി ഫോമുകളുടെ ഇ- വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഫെബ്രുവരി 28 വരെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമയം നീട്ടി അനുവദിച്ചിരുന്നു.
മുന്‍കൂര്‍ നികുതി പേമെന്റുകള്‍ (Payment of Advance Tax)
2021- 22 സാമ്പത്തിക വര്‍ഷത്തിലെ അഡ്വാൻസ് ടാക്സ് അഥവാ മുന്‍കൂര്‍ നികുതി മാര്‍ച്ച് 15 വരെ അടയ്ക്കാം. ആദായനികുതി നിയമം അനുസരിച്ച്, ആദായനികുതി ബാധ്യത 5,000 രൂപയില്‍ കൂടുതലുള്ളവരാണ് മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടത്. എന്നാൽ, വ്യവസായങ്ങളിലൂടെയോ മറ്റോ ഉള്ള വരുമാന സ്രോതസുകളില്ലാത്ത ശമ്പള വരുമാനക്കാര്‍ക്ക് ഇത് ബാധകമല്ല.
ഇതിനായി ആദായ നികുതി വകുപ്പ് TDS ഈടാക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Latest: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും ബമ്പർ വർധനവ് വരുന്നു
എന്നാൽ, വീട് വാടകയ്ക്ക് കൊടുത്തോ അല്ലെങ്കിൽ മറ്റ് ഭൂമിയിൽ നിന്നുള്ള വരുമാനവും ബാങ്ക് നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമെല്ലാം വര്‍ഷം തോറും 10,000 രൂപയില്‍ കൂടുതൽ ആദായം നൽകുന്നുണ്ടെങ്കിൽ, മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടി വരും.