തങ്ങളുടെ എൽപിജി സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ താൽപ്പര്യപ്പെടുന്ന വിതരണക്കാരെ തീരുമാനിക്കാൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ സാധിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇതുവഴി ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽനിന്ന് സിലിണ്ടറുകൾ റീഫിൽ ചെയ്തെടുക്കാനാകും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരെ മാത്രമേ റിഫില്ലിങ്ങിലായി ഉപയോക്താക്കൾക്ക് സമീപിക്കാനാകുകയുള്ളൂ.
മൊബൈൽ ആപ്ലിക്കേഷൻ അല്ലെങ്കിൽ കസ്റ്റമർ പോർട്ടൽ വഴി എൽപിജി റീഫിൽ ബുക്ക് ചെയ്യുമ്പോഴാണ് ഈ സേവനം ലഭിക്കുക. ബുക്ക് ചെയ്യുന്ന സമയത്ത് റീഫിൽ ചെയ്യുന്ന വിതരണക്കാരുടെയും അവരുടെ റേറ്റിങും ചുവടെ കൊടുത്തിട്ടുണ്ടാകും. ഈ റേറ്റിങ് അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാനാകും. പട്ടികയിലുള്ള തൊട്ടടുത്തുള്ള ഏത് ഗ്യാസ് സിലിണ്ടർ വിതരണക്കാരേയും തിരഞ്ഞെടുക്കാം.
ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുഡ്ഗാവ്, പൂനെ, റാഞ്ചി എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുക. ഉപഭോക്താക്കൾക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനും പണമടയ്ക്കാനുമുള്ള സൗകര്യം ഒഎംസികൾ ഒരുക്കിയിട്ടുണ്ട്. ആമസോൺ പേ, പേടിഎം, സർക്കാരിന്റെ ഉമാങ്ക് (UMANG) ആപ്പ്, ഭാരത് ബിൽ പേ സിസ്റ്റം ആപ്പ് എന്നിവ ഇതിൽ ഉൾപ്പെടും. ഇതുകൂടാതെ ഒരേ പ്രദേശത്തുള്ള വിതരണക്കാർക്ക് എൽപിജി കണക്ഷൻ ഓൺലൈനായി പോർട്ട് ചെയ്യാനുള്ള സൗകര്യവും ഒഎംസി അവതരിപ്പിച്ചിട്ടുണ്ട്.
അതത് ഒഎംസി വെബ് പോർട്ടലുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഇതിന് സാധിക്കും.