തിരുവനന്തപുരം: ആയുഷ് മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും സംയുക്തമായി നടത്തിയ ഇടപെടലുകളുടെ ഫലമായി ഏകദേശം 4.37 ലക്ഷം അങ്കണവാടികളിൽ പോഷൺ വാടികകൾ സജ്ജീകരിച്ചു. കൂടാതെ, ഇതുവരെ, 6 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിൽ 1.10 ലക്ഷം ഔഷധ തൈകൾ നട്ടുപിടിപ്പിച്ചു.
ഇപ്പോൾ നടന്നു വരുന്ന പോഷണ മാസം 2022 -ന് കീഴിൽ, വീട്ടുമുറ്റത്തെ കോഴിവളർത്തൽ/മത്സ്യബന്ധന യൂണിറ്റുകൾക്കൊപ്പം പോഷകാഹാരത്തോട്ടങ്ങൾ സ്ഥാപിക്കുന്നതും പോഷൺ വാടികകൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളും രാജ്യത്തുടനീളം നടക്കുന്നു.
വീട്ടുമുറ്റത്തെ കോഴിവളർത്തൽ, മത്സ്യബന്ധന യൂണിറ്റുകൾ എന്നിവ പ്രയോജനപ്പെടുത്തി പോഷൺ വാടികകൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച 1.5 ലക്ഷത്തിലധികം പദ്ധതികൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ചെറുധാന്യങ്ങളും വീട്ടുമുറ്റത്തെ അടുക്കളത്തോട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി 75 ആയിരത്തിലധികം ബോധവൽക്കരണ ക്യാമ്പുകൾ നടത്തി.
2018 മാർച്ച് 8-ന് പ്രധാനമന്ത്രി തുടക്കം കുറിച്ച പോഷൺ അഭിയാൻ, കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള പോഷകാഹാര ലഭ്യത മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. മിഷൻ പോഷൺ 2.0 യുടെ ഭാഗമാണ് പോഷൺ അഭിയാൻ.
പോഷൺ വാടികകൾ അല്ലെങ്കിൽ ന്യൂട്രി ഗാർഡനുകളിലൂടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവ ക്രമബദ്ധമായി സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുകയാണ് ശരിയായ പോഷകാഹാരം പ്രാപ്തമാക്കുന്നതിനുള്ള പദ്ധതി ലക്‌ഷ്യം.