എറണാകുളം: ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്നത് ഗുണനിലവാരമുള്ള ഫുഡ് ഗ്രേഡ് പാക്കേജിങ് മെറ്റീരിയൽസ് ആയിരിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് നിർദ്ദേശിച്ചു. ഭക്ഷ്യ പദാർത്ഥങ്ങളുടെ പാക്കേജിങ്ങുമായി ബന്ധപ്പെട്ട് ഭക്ഷ്യ ഉൽപാദന വിതരണ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരികൾക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പാക്കേജിങ് മെറ്റീരിയൽസിന്റെ സാമ്പിൾ ശേഖരണവും പരിശോധനകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് പാക്കേജിങ് മെറ്റീരിയൽസിന്റെ ഉപയോഗം കുറച്ച് ബദൽ മാർഗ്ഗങ്ങളുടെ സാധ്യതകൾ യോഗത്തിൽ ചർച്ച ചെയ്തു.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാത്രങ്ങളുമായി പാഴ്സൽ വാങ്ങാൻ വരുന്നവർക്ക് അഞ്ചു മുതൽ 10 ശതമാനം വരെ കിഴിവ് നൽകും. പ്ലാസ്റ്റിക് ഇതര പാക്കേജിങ് മെറ്റീരിയൽസിന്റെ സാധ്യതകൾ പഠിച്ച് വാണിജ്യ അടിസ്ഥാനത്തിൽ അവയുടെ ഉപയോഗം പരിശോധിക്കും. പ്ലാസ്റ്റിക് കണ്ടെയ്നറുകൾക്ക് പകരം സ്റ്റീൽ കണ്ടെയ്നറുകളിൽ പാഴ്സൽ നൽകുവാനും അത് തിരിച്ചു നൽകുന്ന ഉപഭോക്താവിന് റിബേറ്റ് നൽകാനും ശേഷം ഈ സ്റ്റീൽ കണ്ടെയ്നറുകൾ പുനചംക്രമണം ചെയ്യുന്ന രീതി പാഴ്സൽ സർവീസിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് കൂടുതൽ പഠിക്കും. ഇതുമായി ബന്ധപ്പെട്ട് ഓൺലൈൻ ഡെലിവറി സർവീസ് പ്ലാറ്റ്ഫോമിന്റെ എക്സിക്യൂട്ടീവുകളുമായി ചർച്ച നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.
പൊതുജനാരോഗ്യത്തെ മുൻനിർത്തി പാക്കേജിങ് മെറ്റീരിയൽസുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്ന് വിവിധ വ്യാപാരി വ്യവസായി സംഘടന നേതാക്കൾ അറിയിച്ചു.
ഫുഡ് പാക്കേജിങ് ആൻഡ് സേഫ്റ്റി റിക്വയർമെന്റ്സ് എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷ ഓഫീസർമാർക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ജോയിന്റ് ഡയറക്ടർ റിനോ ജോൺ ക്ലാസ് നയിച്ചു.
ഭക്ഷ്യസുരക്ഷാ ഇൻഫോസ്മെന്റ് ജോയിൻ കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷ ഡെപ്യൂട്ടി കമ്മീഷണർ എസ്. അജി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻസ് ഫെഡറേഷൻ, കേരള ചേംബർ ഓഫ് കൊമേഴ്സ്, ബയോ പോളിമർ അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.