അടൂർ: കടമ്പനാട് ശാൻ നിവാസിൽ സി കെ മണിയെന്ന പ്രൊഫെഷണൽ ഫോട്ടോഗ്രാഫർ വീടിന്റെ ടെറസിലും തൊടിയിലും വിളയിച്ചെടുത്തത് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സവാള, ഉള്ളി പോലുള്ള കാർഷികോല്പന്നങ്ങളാണ്.
ജന്മം കൊണ്ട് പാലക്കാട് ചിറ്റൂർ കൊടുവാൾ പഞ്ചായത്തിലെ എത്തനൂർ സ്വദേശിയാണ് ഇദ്ദേഹം. കർഷക കുടുംബത്തിലാണ് ജനിച്ചത് എങ്കിലും ഫോട്ടോഗ്രാഫിയോടായിരുന്നു കമ്പം. അങ്ങനെയാണ് വർഷങ്ങൾക്ക് മുൻപ് കടമ്പനാട്ടേക്കു ശാൻ സ്റുഡിയോയുമായി എത്തുന്നത്.
തന്റെ കുടുംബത്തിലെ ആറ് പേർ വിവിധ സമയങ്ങളിൽ കാൻസർ രോഗിയായത് ഇദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചു.അതോടെ കീടനാശിനികളും രാസവളങ്ങളും ഇട്ടുള്ള പച്ചക്കറികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഒപ്പം വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെ സ്വന്തമായി ജൈവ വളം ഉപയോഗിച്ച് വളർത്തിയെടുത്തു ഉപയോഗിച്ച് തുടങ്ങി
ഇതിലേക്ക് വരാനായി ഒട്ടേറെ പേരുടെ സഹായം ആദ്യകാലത്ത് അദ്ദേഹം തേടി. അങ്ങനെ കൃഷി സ്വന്തമായി ചെയ്യാൻ പഠിച്ചു.ഇപ്പോൾ പഠിപ്പിക്കാൻ വരെ തയ്യാറാണ്.
വീടിന്റെ ടെറസിലും തൊടിയിലുമായി ആറ് വര്ഷം മുൻപ് തുടങ്ങിയ കൃഷി ഇന്ന് പരിസരമാകെ വ്യാപിച്ചു. നിലക്കടലായും ചോളവും വിളയിച്ചെടുത്തതിനൊപ്പം കോളിഫ്ലവർ, ബീൻസ്, ബീറ്റ്‌റൂട്ട് കാരറ്റ് , അമരപ്പയർ എന്നുവേണ്ട രണ്ടായിരത്തിലധികം ഗ്രോ ബാഗുകളിലായി മണിച്ചേട്ടന്റെ വീട്ടിൽ ഇല്ലാത്ത പച്ചക്കറികൾ ഇല്ല.
70 ഓളം ഗ്രോ ബാഗുകളിലായി അഞ്ചു മാസം മുൻപ് 210 മൂട് സവാളയാണ് പരീക്ഷണാടിസ്ഥാനത്തിൽ നട്ടു വളർത്തിയത് . കീടങ്ങളുടെ ശല്യവും ശക്തമായി പെയ്ത മഴയും സവാള കൃഷിക്ക് തടസ്സമായെങ്കിലും സ്വയം ഉണ്ടാക്കിയെടുത്ത ജീവാമൃതം എന്ന ജൈവ വളം മാത്രം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലൂടെ അഞ്ചു കിലോയോളം സവാള വിളയിക്കാൻ സാധിച്ചു. പുരയിടം മുഴുവനും സവാള കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു. ഏറ്റവും ഒടുവിൽ അദ്ദേഹം വിളയിച്ചത് വെളുത്തുള്ളിയാണ്.മികച്ച ജൈവ കർഷകനുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡും സി കെ മണിക്കാണ് ലഭിച്ചത്.
ഈ ബുധനാഴ്ച 17 നു രാവിലെ പത്തരയ്ക്ക് വെളുത്ത സവാളകൃഷിയുടെ വിളവെടുപ്പുത്സവം മണിച്ചേട്ടന്റെ വസതിയിൽ നടക്കുകായണ് . പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ്ജി കെ വർഗീസാണ് വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്യുന്നത്.