News

നന്മയുടെ നല്ലപാഠം

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ജൈവപച്ചക്കറി കൃഷി നടത്തുന്നത് വിഷരഹിത പച്ചക്കറി ഉല്പാദനം മാത്രം ലക്ഷ്യമിട്ടല്ല. അതിനേക്കാളുപരി ഇവരെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കുന്ന മറ്റൊന്നുണ്ട്. തങ്ങളുടെ തന്നെ സ്‌കൂളിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥി അജ്മലിന് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കുക. അതിനായി ഇവര്‍ ഒരുമിച്ച് കൈകോര്‍ക്കുകയാണ്. ഒരേ മനസ്സോടെ.


സ്‌കൂളില്‍ മുന്‍പ് കൃഷി ഉണ്ടായിരുന്നെങ്കിലും കൃഷിയെ ഗൗരവമായി കണ്ടതും കൃഷി വികസിപ്പിച്ചതും ഈ വര്‍ഷത്തിലാണ്. 2016 മെയ് മാസത്തില്‍ ആരംഭിച്ച വെക്കേഷന്‍ ക്ലാസ്സില്‍ തന്നെ കുട്ടികള്‍ കൃഷിപ്പണികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനായി സ്‌കൂളില്‍ ഒരു കാര്‍ഷിക ക്ലബ്ബ് ആരംഭിച്ചു. അനൂഷ്. ബി.എസ് ആണ് കാര്‍ഷിക ക്ലബ്ബിന്റെ ലീഡര്‍. നൂറിലധികം കുട്ടികളാണ് കാര്‍ഷികക്ലബ്ബില്‍ അംഗങ്ങളായുളളത്. സ്‌കൂളില്‍ കാടുപിടിച്ച് കിടന്നിരുന്ന ഒരേക്കര്‍ ഭൂമി വെട്ടിത്തെളിച്ചു. നിലം കിളച്ചു മിറച്ച് കൃഷിക്കായി ഒരുക്കിയെടുത്തു.

ചീര, പടവലം, മത്തന്‍, വെളളരി, വളളിപ്പയര്‍, വെണ്ട, വാഴ, ചേന, ചേമ്പ്, വഴുതന തുടങ്ങി നിരവധി പച്ചക്കറികള്‍ കൃഷിയിറക്കി. സ്‌കൂള്‍ വിട്ടശേഷം ഒരുമണിക്കൂറും അവധി ദിനങ്ങളിലും കുട്ടികള്‍ കൃഷിപ്പണികള്‍ക്കായി ഓടിയെത്തി. കൃഷിക്കുവേണ്ട ചാണകവും ഗോമൂത്രവും വീട്ടില്‍ നിന്ന് കൊണ്ടുവന്നിരുന്നു കാര്‍ഷിക ക്ലബ്ബിലെ ഒരു വിദ്യാര്‍ത്ഥി. ദിവസവും ഒരു കന്നാസ് ഗോമൂത്രവുമായാണ് അവന്‍ സ്‌കൂളില്‍ എത്തിയിരുന്നത് എന്ന് കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ വില്‍സണ്‍ സര്‍ പറയുന്നു. ഇതിനുപുറമെ കാന്താരിമൂത്രവും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും കൃഷിഭവനില്‍ നിന്ന് കൊണ്ടുവന്നു. ഉളളൂര്‍ കൃഷിഓഫീസര്‍ ശ്രീരേഖയും അസിസ്റ്റന്റ് കൃഷിഓഫീസര്‍ സ്വപ്‌നയും ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളില്‍ പലരും ഇപ്പോള്‍ വീട്ടിലും കൃഷി തുടങ്ങിയെന്ന് വിദ്യാര്‍ത്ഥികള്‍ അഭിമാനത്തോടെ അറിയിക്കുന്നു.


ജൂലൈ 13 ന് സ്‌കൂളുകളില്‍ നടപ്പാക്കുന്ന വിഷരഹിത പച്ചക്കറി ഉല്പാദനത്തിന്റെ സംസ്ഥാന-ജില്ലാതല ഉദ്ഘാടനത്തിന് വേദിയായതും പട്ടം സെന്റ്‌മേരീസ് സ്‌കൂളാണ്. കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ആയിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഓണത്തിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറില്‍ ആദ്യ വിളവെടുപ്പ് നടത്തി. രണ്ടായിരം കിലോ ചീരയാണ് കിട്ടിയത്. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍, പി.എസ്.സി ഓഫീസിലെ ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങി നിരവധിപേരാണ് പച്ചക്കറി വാങ്ങാനായി സ്‌കൂളില്‍ എത്തിയത്. പച്ചക്കറി വിതരണം ചെയ്യാനായി ഏകദേശം 500 റോളം തുണിസഞ്ചികള്‍ കുട്ടികള്‍ തന്നെ തയ്ച്ചുകൊണ്ടുവന്നു. വാങ്ങിക്കൊണ്ടു പോകുന്ന പച്ചക്കറിക്ക് ആരും പണം കണക്കുനോക്കിയല്ല കൊടുത്തത്. കൂടുതലായാലും കുറവായാലും കൈയില്‍ ഉളളത് കൊടുക്കുക. ഒരു കിറ്റ് ആയിരം രൂപയ്ക്കും 500 രൂപയ്ക്കും വാങ്ങിച്ചവരും ഉണ്ട്. പച്ചക്കറി വില്പനയിലൂടെ അമ്പതിനായിരം രൂപ സഹപാഠിയുടെ വീടുനിര്‍മ്മാണത്തിനായി കുട്ടികള്‍ സമ്പാദിച്ചു. പോരാതെ വന്ന പണം ഫുഡ് ഫെസ്റ്റും പായസമേളയും സംഘടിപ്പിച്ച് കുട്ടികള്‍ കണ്ടെത്തി.


അദ്ധ്യാപകനും കാര്‍ഷിക ക്ലബ്ബ് കോഡിനേറ്ററുമായ വില്‍സണ്‍ ജോര്‍ജ്ജിന്റെ മേല്‍നോട്ടത്തിലാണ് കൃഷിപ്പണികള്‍ നടക്കുന്നത്. ഒപ്പം മറ്റ് അദ്ധ്യാപകരായ ഷാജി. കെ.എ, റജി ലൂക്കോസ്, ഷീല ജോര്‍ജ്ജ്, അജിത എം.ജെ. എന്നിവരുടെ സ്‌നേഹവും പ്രോത്സാഹനവും വിദ്യാര്‍ത്ഥികള്‍ക്ക് തുണയായുണ്ട്. ഈ വര്‍ഷത്തെ മികച്ച സ്‌കൂള്‍, മികച്ച അദ്ധ്യാപകന്‍, മികച്ച കുട്ടികള്‍, മികച്ച കോഡിനേറ്റര്‍ തുടങ്ങിയവയ്ക്കുളള പുരസ്‌കാരത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. പക്ഷേ ഇതിനേക്കാളേറെ വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു പുരസ്‌കാരം ലക്ഷ്യത്തോടടുക്കുകയാണ്, തങ്ങളുടെ സഹപാഠിക്ക് ഒരു വീടെന്ന സ്വപ്നം. ഇവര്‍ ഏറ്റെടുത്ത സഹപാഠിയുടെ സ്വപ്നം സാക്ഷാത്കാരത്തിന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍. ഇത് സമൂഹത്തിനായി ഈ വിദ്യാര്‍ത്ഥികള്‍ പഠിപ്പിക്കുന്ന ഒരു പാഠമാണ്, നന്മയുടെ നല്ലപാഠം.

(തയ്യാറാക്കിയത്: സ്റ്റാഫ് പ്രതിനിധി)


Share your comments