നവംബർ 1 മുതൽ സിവിൽ സപ്ലൈസ് (1000), കൺസ്യൂമർഫെഡ് (300), ഹോർട്ടികോർപ്പ് (500) എന്നിങ്ങനെ 1800 ഔട്ട്ലറ്റുകളിൽ 45 രൂപയ്ക്ക് സവാള വിൽപ്പന ആരംഭിക്കും. നാഫെഡിൽ നിന്നാണ് സവാള സംഭരിക്കുന്നത്. ഇപ്പോൾ 1800 ടൺ ഓർഡർ നൽകിക്കഴിഞ്ഞു. ഇത് വിൽക്കുന്നതിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓർഡർ നാഫെഡിനു നൽകുന്നതാണ്.
നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്. കടത്തുകൂലിയും തരംതിരിക്കലുമെല്ലാം കഴിയുമ്പോൾ 45 രൂപയ്ക്ക് വിൽക്കാൻ കഴിയും. ഗോഡൗൺ പടി സ്കീം അനുസരിച്ച് തരംതിരിക്കാത്ത സവാള 25 രൂപയ്ക്കും ലഭ്യമാണെന്നു കേൾക്കുന്നു. എന്നുവച്ചാൽ നാഫെഡ് കൃഷിക്കാരിൽ നിന്നും 15-20 രൂപയ്ക്ക് സംഭരിച്ച സവാള സംഭരിച്ചിരിക്കണം. ഇന്ത്യയിലെ മൊത്തക്കച്ചവടക്കാർക്ക് ഇതിലും താഴ്ന്ന വിലയ്ക്കാണല്ലോ വാങ്ങിയിരിക്കുക. അങ്ങനെ കൃഷിക്കാരനിൽ നിന്ന് ഏതാണ്ട് 15 രൂപയ്ക്കു ലഭിച്ച സവാളയാണ് 80 മുതൽ 110 രൂപ വരെ വില നൽകേണ്ടി വരുന്നത്. എന്താണ് കൊള്ളലാഭം!
ഇങ്ങനെ കൊള്ളലാഭം അടിക്കുന്നതിന് ഇന്നുള്ള ഏകതട നാഫെഡ്ഡാണ്. അവർ മാണ്ഡികളിൽ നിന്നും നേരിട്ടു സംഭരിക്കുന്നു. പുതിയ കാർഷിക പരിഷ്കാരം മാണ്ഡികളെ ഇല്ലാതാക്കാൻ പോവുകയാണ്. കാർഷികോൽപ്പന്നങ്ങൾ ഇനിമേൽ മാണ്ഡികളിൽ കൊണ്ടുവരേണ്ടതില്ല. എവിടെവച്ചുവേണമെങ്കിലും കച്ചവടക്കാർക്കു വാങ്ങാം. ഇതിനെയാണ് ചില ബിജെപി സുഹൃത്തുക്കൾ ഇടത്തട്ടുകാരെ ഇല്ലാതാക്കി നേരിട്ട് കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ അവസരമുണ്ടാക്കുന്നതായി വാദിക്കുന്നത്. കേരള സർക്കാർ നാഫെഡ്ഡിൽ നിന്നും വാങ്ങുന്നത് ഈ പുതിയ നയത്തിന്റെ വലിയ വിജയമായിട്ടാണ് അവർ ആഘോഷിക്കുന്നത്. ഇതിൽപ്പരം പമ്പരവിഡ്ഢിത്തം ഉണ്ടോ? ഈ പുതിയ നയം മാണ്ഡികളെ മാത്രമല്ല, നാഫെഡ്ഡിനെയും ഇല്ലാതാക്കാൻ പോവുകയാണ്.
സത്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ച പരിഷ്കാരങ്ങളിൽ നിന്നും മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഒരുകാൽ പുറകോട്ടു വയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായിരിക്കുകയാണ്. ഉള്ളിവില നിയന്ത്രണമില്ലാതെ ഉയരുന്നതുകണ്ട് പരിഭ്രാന്തരായി ഉള്ളി കയറ്റുമതി നിരോധിച്ചു. ഒരു കച്ചവടക്കാരന് കൈയ്യിൽ കരുതാവുന്നതിന് പരിധിയും നിശ്ചയിച്ചു. അവശ്യസാധന നിയമം അടക്കാൻ റദ്ദാക്കുന്നതോടെ കൃഷിക്കാർക്കും ഉപഭോക്താക്കൾക്കും ഉണ്ടാകാൻ പോകുന്ന വലിയ തിരിച്ചടിയുടെ നാന്ദിയാണ് ഈ ഉള്ളി വിലക്കയറ്റം.
ഈ പശ്ചാത്തലത്തിലാണ് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര, തമിഴ്നാട് മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറികളായ തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവയാണ്. ഇവയെയാണ് TOP (ടൊമാറ്റൊ, ഒനിയൻ, പൊട്ടറ്റോ) എന്ന് അറിയപ്പെടുന്നത്. ഇവ സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ നേരിട്ട് സംഭരിക്കുകയാണെങ്കിൽ പ്രത്യേക ആനുകൂല്യങ്ങൾ കേന്ദ്ര കൃഷി വകുപ്പ് നൽകുന്നുണ്ട്. ഈ സ്കീമിൽ നേരിട്ട് തക്കാളി, സവാള, ഉരുളക്കിഴങ്ങ് സംഭരിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഉള്ളിയും മറ്റും ഇങ്ങനെ ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽ നിന്നും നേരിട്ടു സംഭരിക്കുമെന്നു നടത്തിയ പ്രസ്താവന കുറച്ചു പരിഹാസത്തിന് ഇടയാക്കിയിരുന്നു. ഇത് കേരളം നടപ്പാക്കാൻ പോവുകയാണ്.