പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ തനി തൃശൂർക്കാരനായ ജോയ് താക്കോൽക്കാരനെ പ്രേക്ഷകർക്ക് മറക്കാനാവില്ല. നവീന ആശയങ്ങൾ ഏറെയുള്ള അദ്ദേഹം ആനപിണ്ടത്തിൽ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്ന കമ്പനി ആരംഭിക്കുന്നതും അത് മൂലമുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ട്കളും പ്രയാസങ്ങളുമായിരുന്നു പ്രമേയം.അത് പോലെ ഏറെ നവീന ആശയമുള്ളൊരാൾ ആന പിണ്ഡത്തിൽ നിന്നും ജൈവ വളവും മൃഗ വിസർജ്ജ്യത്തിൽ നിന്ന് പാചക ഗ്യാസും നിർമിക്കണമെന്ന ആശയം പ്രാവർത്തികമാക്കാൻ രണ്ട് വർഷമായി നെട്ടോട്ടമോടിയിരുന്നു. ഒടുവിൽ പ്രതിസന്ധികളും പലവിധ തടസ്സങ്ങളും മാറി പദ്ധതി യാഥാർത്ഥ്യത്തിലേയ്ക്ക് എത്തുകയാണ്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കോടനാട്ടുകാരനുമായ എം.പി. പ്രകാശിന്റെ ആശയമാണ് യാഥാർത്ഥ്യമാകുന്നത്. അതിന്റെ ഫലമായി ഇന്ന് ആന പിണ്ഡത്തിൽ നിന്ന് ജൈവ വളവും മൃഗവി സർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായ അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു.
കോടനാട് ആന പരിശീലന കേന്ദ്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാളുകളായി ഇവിടെ മാലിന്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. അതെല്ലാം ഇനി പഴങ്കഥയാവുകയാണ്. മുഴുവൻ മാലിന്യങ്ങളും ഈ പദ്ധതിയിലൂടെ പരിഹരിച്ചു നാടിനു പ്രയോജനകരമാകും എന്ന പ്രതീക്ഷ യിലാണ് എല്ലാവരും.
വനം വകുപ്പിന് കീഴിലെ എഫ്.ഡി.എ വഴി അഭയാരണ്യം പദ്ധതിയുടെ നിർമ്മാണ ചുമതല സർക്കാർ അക്രഡിറ്റ് ഏജൻസിയായ സോഷ്യോ എക്കണോമിക് ഫൗണ്ടേഷനാണ് നിർവഹിച്ചത്. കപ്രിക്കാട് വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല. ഉറവിടത്തിലെ മാലിന്യ സംസ്കരണ പദ്ധതി സഞ്ചാരികൾക്ക് നേരിട്ട് കാണാനും , പ്രദേശവാസികൾക്ക് കുറെ തൊഴിലവസരങ്ങൾ ലഭിക്കാനും കർഷകർക്ക് നല്ല ജൈവവളം കിട്ടാനും ഈ പദ്ധതി പ്രയോജനപ്പെടും.
ആനപ്പിണ്ടവും , മൃഗങ്ങളുടെ വിസർജ്ജ്യവും ,ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതുമൂലം ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഇവിടെ സൃഷ്ടിക്കുന്നുണ്ട്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിൻ നിന്നും മഴക്കാലമായാൽ മലിനജലം നദിയിലേക്ക് ഒഴുകിയെത്തും. കൂടാതെ സംസ്കരിക്കപ്പെടാത്ത ആന പിണ്ഡവും തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ഇതു മൂലം ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാകുകയും ചെയ്തിരുന്നു. ഇത് പ്രദേശത്ത് താമസിക്കുന്ന ആന പാപ്പാന്മാർക്കും , പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സസ്യഭുക്കുകളായ ആനകളുടെ പ്രധാന തീറ്റ തെങ്ങിന്റെയും പനയുടെയും ഓലകളാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ 40% മാത്രം ദഹിപ്പിക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി 60% പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന 100 മുതൽ 150 കിലോ പിണ്ടം ഒരു ദിവസം പുറംതള്ളുന്നു. ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ തന്നെ ആരോഗ്യത്തിനു നല്ലതല്ല. സാധാരണ ഇതു കത്തിച്ചുകളയുകയാണ് പതിവ്. ഇത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. നേരിട്ടു വിളകൾക്കു വളമായി ഉപയോഗിച്ചാൽ ചൂടുകൂടി അവ കരിഞ്ഞുപോകും. അതുകൊണ്ട് ജൈവവളമാക്കി മാറ്റുകയാണ് എന്തുകൊണ്ടും ഉത്തമം അതുകൊണ്ടാണ് ഇക്കാര്യത്തിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതെന്ന് പദ്ധതി നടത്തിപ്പിന് നേതൃത്വം നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.പി.പ്രകാശ് പറഞ്ഞു. പദ്ധതിക്ക് വനം വകുപ്പ് പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകി.ആനപ്പിണ്ടം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് ദിവസേന ശേഖരിക്കുന്ന ആന പിണ്ഡം ചോപ്പർ മെഷീന്റെ സഹായത്തോടെചെറിയ കഷണങ്ങളാക്കി കമ്പോസ്റ്റ് ബിന്നിൽ വിതറി നിക്ഷേപിക്കും ഇതോടൊപ്പം ചെറിയ ചില്ലക്കമ്പുകൾ, പുല്ല് തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന വേസ്റ്റ് എന്നിവയും മെഷീനിൽ കഷണങ്ങളാക്കി ബിന്നിൽ നിക്ഷേപിക്കും. തുടർന്ന് ആന മൂത്രവും ഇന്നോക്കുലവും ചേർന്ന വെള്ളം തളിച്ച് വയ്ക്കും ,ദിനംപ്രതി ഇത് തുടരും ഒരു ബിൻ നിറയുന്നത് വരെ ഇത് തുടരും . നിറച്ച് വച്ച ബിൻ 60 ദിവസം കഴിയുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞ് ജൈവവളമായി മാറും. ഇത് ഇതിൽ നിന്ന് മാറ്റി അരിച്ചെടുക്കും തുടർന്ന് ഇത് പാക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകും. ഈ വളത്തിൽ 48% ജൈവാംശം ഉള്ളതിനാൽ കർഷകർക്ക് ഏറെ പ്രയോജനപ്രദവുമാണ്. മാനുകളുടെ വിസർജ്ജ്യം സംസ്ക്കരിക്കാൻ രണ്ടു ഫ്ലോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദിനം പ്രതി 100 കിലോ മാലിന്യം ഓ രോന്നിലും നിക്ഷേപിക്കാം. ഇത് വഴി ഒരു ദിവസം നാലു കിലോ പാചകഗ്യാസ് ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് പൈപ്പ് വഴി ആനകൾക്ക് ആഹാരം പാചകം ചെയ്യുന്ന അടുപ്പുമായി ബന്ധിപ്പിക്കും. ദൂരം കൂടുതൽ ഉള്ളതിനാൽ ഗ്യാസിനെ ശക്തിയിൽ തള്ളിവിടാൻ ബ്ലോവർ മെഷീനും സ്ഥാപിച്ചിട്ടുണ്ട് ഇതിലൂടെ നിലവിൽ അടുപ്പിൽ പാചകത്തിനായി ഉപയോഗിക്കുന്ന വിറകിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും .
ആനപ്പിണ്ടം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.ആനപ്പിണ്ടം ശേഖരിച്ച് ചോപ്പർ മെഷീനിലിട്ട് ചെറുതാക്കി കമ്പോസ്റ്റ് ബിന്നിൽ വിതറും...ചെറിയ കമ്പുകൾ, തീറ്റയുടെ ബാക്കി എന്നിവയും കഷണങ്ങളാക്കി ബിന്നിൽ ഇടും.ആനമൂത്രവും ഇന്നോക്കുലവും ചേർന്ന വെള്ളം തളിച്ചുവയ്ക്കും.60 ദിവസം കഴിയുമ്പോൾ ബാക്റ്റീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞു ജൈവ വളമായി മാറും. ഇത് അരിച്ചെടുത്തു പാക്കമേറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കും
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജൈവ വളമായി മത്സ്യ മാലിന്യം
#Kodanadu #Elephant #organicmanure #Krishi #Agriculture