1. രാജ്യത്തെ വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. പുതു വർഷത്തിലാണ് ഒരു സിലിണ്ടറിന് 25 രൂപ കൂട്ടിയത്. വില കൂട്ടിയതോടെ, രാജ്യ തലസ്ഥാനത്തെ സിലിണ്ടറിൻ്റെ വില 1769 രൂപയായി. എന്നിരുന്നാലും, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
2. തരിശുകിടന്ന ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കേരി പാടശേഖരത്തിൽ വീണ്ടും നെൽകൃഷിയാരംഭിക്കുന്നു. കേരള തണ്ണീർത്തട സംരക്ഷണ നിയമം 2008 വകുപ്പ് 15 പ്രകാരമാണ് തരിശ്ശ് സ്ഥലത്ത് കൃഷി തുടങ്ങുന്നത്.പുല്ല് നിറഞ്ഞു കിടക്കുന്ന തരിശുപാടം വൃത്തിയാക്കി നിലമൊരുക്കുന്ന പ്രവർത്തനം തുടങ്ങി. തരിശുരഹിത പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ PR ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ മാളിയംപീടികയിലെ പത്തോളം കർഷകർ ചേർന്നാണ് കൃഷി ചെയ്യുന്നത്.
3. പാനായിക്കുളം എവർഗ്രീൻ റസിഡൻ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതു വർഷ ദിനത്തിൽ 200 കുടുംബങ്ങളിൽ പൂവൻ വാഴ കന്നുകൾ വിതരണം ചെയ്തു. വാഴക്കന്ന് വിതരണ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .എം മനാഫ് നിർവഹിച്ചു. പാനായിക്കുളത്തെ മികച്ച കർഷകനായ MA അബ്ദുൾ കരീം വാഴക്കന്നുകൾ ഏറ്റുവാങ്ങി.
4. സമ്മിശ്ര പച്ചക്കറി കൃഷി വഴി വരുമാനമാർഗം ഉറപ്പാക്കി അരൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ. അരൂർ മൂന്നാം വാർഡിലെ ശ്രീലക്ഷ്മി ഗ്രൂപ്പാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരേക്കറിൽ സമ്മിശ്ര പച്ചക്കറികൃഷി നടത്തി മികച്ച വിളവ് നേടിയത്. കൃഷിക്കാവശ്യമായ വിത്തുകൾ കൃഷി ഭവനിൽ നിന്നും നഴ്സറികളിൽ നിന്നുമാണ് ശേഖരിച്ചത്. ആവശ്യമായ സഹായം കൃഷിഭവൻ വഴി നൽകിയിരുന്നു.
5. മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. കൃഷിഭവന്റെ കീഴില്‍ ആയിരം ഡബ്ല്യൂസിടി തെങ്ങിന്‍ തൈകളാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍- കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.130 രൂപ നിരക്കിലാണ് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു.
6. പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ആരും പട്ടിണികിടക്കരുത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ വാർഡുകൾ തോറും സർവേ നടത്തിയതായും ഇതിൽ 2.59 ശതമാനം ആളുകളെ അതിദരിദ്രരായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
7. സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി ആരംഭിച്ച മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു നാഴിക കല്ലായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തില്‍ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് MNCU.
8. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ച് 8 മാസം കൊണ്ട് വനിതാ സംരംഭകരുടെ കാര്യത്തിലും ചരിത്രം സൃഷ്ടിക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയർത്തി. ഫുഡ് പ്രൊസസിങ്ങ്, ബയോടെക്നോളജി, ഐ.ടി, ഇലക്ട്രോണിക്സ്, വ്യാപാരമേഖല, ഹാന്റ്ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റർ ചെയ്തത് സ്ത്രീകളുടെ പേരിലാണെന്നും മന്ത്രി പറഞ്ഞു.
9. നഗര ഹൃദയത്തോട് ചേർന്ന ആക്കുളം കായലിൻ്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സിനിമ ചർച്ചകൾക്കും വർക്ക് ഷോപ്പുകൾക്കും യാത്ര വിവരണങ്ങൾക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ആക്കുളം ബോട്ട് ക്ലബ്ബിൽ പുതുതായി ആരംഭിച്ച സിനികഫെ പാർക്കിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
10. മാരാരി ബീച്ച് ഫെസ്റ്റിന്റെ സമാപന സമ്മേളനം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ടൂറിസം രംഗത്തുണ്ടായത് വൻ മുന്നേറ്റങ്ങളാണ് . ഒരു ഘട്ടത്തിൽ ടൂറിസം ഏറ്റവും നല്ല വ്യവസായമായി വികസിപ്പിച്ചെടുത്ത് വരുമാനസ്രോതസ്സിൽ വൻവർദ്ധനവ് ഉണ്ടാക്കിയെങ്കിലും കോവിഡ് വന്നതോടെ അതെല്ലാം മാറി. ഇപ്പോൾ അതിനെല്ലാം മാറ്റം കുറിച്ച് നമ്മുടെ സംസ്ഥാനം ടൂറിസം മേഖലയിൽ വലിയ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
11. 2023ൽ തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുത്തരിക്കണ്ടം മൈതാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നൈറ്റ്‌ലൈഫ് ടൂറിസം സാധ്യത മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു. കനകക്കുന്നിലെ ദീപാലങ്കാരങ്ങൾ കാണുന്നതിന് രാത്രിയിൽ പോലും വലിയ തിരക്കുണ്ടാകുന്നു. ഇതെല്ലാം നൈറ്റ് ടൂറിസത്തിന്റെ സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
12. പാലക്കാട് ജില്ലയിൽ ആലത്തൂർ, വാനൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2023 ജനുവരി 9 മുതൽ 16 വരെ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീര കർഷകർക്കായാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപയാണ്, ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നീ രേഖകൾ സഹിതം കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9 4 9 6 8 3 9 6 7 5 എന്ന നമ്പറിൽ ബന്ധപ്പെടുക.
13. കഴിഞ്ഞ 8 വർഷത്തിനിടെ 32,500 കോടി രൂപയാണ് കേന്ദ്ര ഗവണ്മെൻ്റ് മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് എന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ. എൽ. മുരുകൻ. അതിനുമുമ്പ് കഴിഞ്ഞ 60-65 വർഷങ്ങളിൽ 3000 കോടി രൂപയുടെ തുച്ഛമായ നിക്ഷേപമേ ഈ മേഖലയിൽ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞു. കൊച്ചിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
14. ഈ വർഷ അവസാനം നടക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ എ1 ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കാളിത്തം സ്ഥിരീകരിക്കുന്ന 37-ാമത്തെ രാജ്യമായി ഇറ്റലി മാറി. 2023 ഒക്ടോബർ 2 നും 2024 മാർച്ച് 28 നും ഇടയിലാണ് എക്‌സ്‌പോ നടക്കുന്നത്. ആഗോള പോഷകാഹാര പ്രശ്‌നങ്ങളിൽ, അന്താരാഷ്ട്ര ആഗോള ഉൽപ്പാദന നേതാക്കളിൽ ഒന്നാണ് ഇറ്റലി.
15. ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക് കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് അക്കൗണ്ട്, പാസ്‌പോർട്ട് പോലെ തന്നെ ആധാർ കാർഡും ശ്രദ്ധയോടെ ഉപയോഗിക്കുക: UIDAI