- കേരളത്തിന് അരിയും ഭക്ഷ്യധാന്യങ്ങളും വില കുറച്ച് നൽകാൻ ആന്ധ്രാ സർക്കാർ. ആന്ധ്ര ഭക്ഷ്യ മന്ത്രി കാറുമുറി വെങ്കട നാഗേശ്വര റാവുമായി മന്ത്രി ജി ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസംഘവും ആന്ധ്ര ഭക്ഷ്യ മന്ത്രിയുടെ ഓഫീസിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തിരുന്നു. കേരളത്തിന് വേണ്ടി ജയ അരി ഉത്പാദനം വർധിപ്പിക്കാൻ ആന്ധ്ര സമ്മതിച്ചതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ മാസം 27ന് അരിയുടെ അളവ് സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി ആന്ധ്ര സംഘം കേരളത്തിലെത്തും. ആന്ധ്ര സർക്കാരിൽ നിന്നും അരിയും ഭക്ഷ്യ ധാന്യവും ലഭിക്കുന്നത് ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.
- കർഷകരെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയവും നിലപാടുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരം വെള്ളനാട് നടന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡുവിന്‍റെ വിതരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ട് ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ പദ്ധതിയുടെ ഭാഗമായി ഇതുവരെ നൽകിയതായും, കേരളത്തിൽ 36 ലക്ഷത്തോളം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കാർഷിക കയറ്റുമതിയിൽ കാര്യമായ വളർച്ച ഉണ്ടായെന്നും, അഗ്രിസ്റ്റാർട്ടപ്പുകൾ വലിയ വിപ്ലവമായെന്നും വി.മുരളീധരൻ വിശദമാക്കി. കർഷരുടെ സമ്പത്ത് വർധിപ്പിക്കുക എന്നതിലൂന്നി തന്നെയാണ് എല്ലാ കേന്ദ്രപദ്ധതികളും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ജില്ലാ ഖാദി വ്യവസായ ഓഫീസ് എറണാകുളം കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച, റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ഖാദി വ്യവസായരംഗത്തു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി വസ്ത്ര നിർമാണ യൂണിറ്റ് ആരംഭിച്ചത്. 10 പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കി. 42 കോടി രൂപയുടെ വില്‍പ്പനയാണ് ഖാദി മേഖലയിൽ ഉണ്ടായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഖാദി വ്യവസായ മേഖലയില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുമെന്നും, ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപയുടെ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
- കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് കൈരളി JLG ഗ്രൂപ്പ് അംഗങ്ങൾ, പതിനഞ്ചാം വാർഡിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത ചോളം, എള്ള്, റാഗി എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് vk പ്രദീപ് നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് "പദ്ധതി പ്രകാരമാണ് കൃഷിയിറക്കിയത്. നീണ്ടൂർ കൃഷിഭവൻ പരിധിയിൽ 15 ഓളം jlg ഗ്രൂപ്പുകൾ വിവിധയിനം പച്ചക്കറികൾ, വാഴ, കപ്പ മുതലായവ വിജയകരമായി കൃഷി ചെയ്തു വരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കോട്ടൂർ, സ്റ്റാൻഡിങ് കമിറ്റി അംഗം രാഗിണി, വാർഡ് മെമ്പർ ആലിസ് ജോസഫ് തുടങ്ങിയവരും കുടുംബശ്രീ അംഗങ്ങളും,കൃഷിഭവൻ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കുട്ടനാട്ടിൽ രണ്ടാം കൃഷി വിളവെടുപ്പ് പുരോഗമിക്കുമ്പോൾ നെല്ല് സംഭരണം പ്രതിസന്ധിയിൽ. പ്രതികൂല കാലാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും അതിജീവിച്ച് കൃഷി ചെയ്തിട്ടും നെല്ലു സംഭരണം തടസ്സപ്പെട്ടിരിക്കുകയാണ്.
- കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നൂറുകണക്കിന് ടണ്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്. നെടുമുടി പഞ്ചായത്തിൽ പുതിയോട്ടു വരമ്പിനകം പാടശേഖരത്തിൽ മാത്രം 1200 ടൺ നെല്ലാണ് സംഭരിക്കാനുള്ളത്. അതേ സമയം, രണ്ടോ മൂന്നോ മില്ലുകൾ മാത്രമാണ് സംഭരണത്തിന് തയ്യാറായിട്ടുള്ളത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി മന്ത്രിതല ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
- കാക്കൂർ സഹകരണ ബാങ്ക് പാഷൻ ഫ്രൂട്ട് കൃഷി ആരംഭിച്ചു. തിരുമാറാടിയിൽ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് ആരംഭിക്കുന്ന- പഴം, പച്ചക്കറി സംസ്കരണ യൂണിറ്റിലേക്ക് ആവശ്യമായ പാഷൻ ഫ്രൂട്ട് പഞ്ചായത്തിൽ തന്നെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിക്കാരുമായി സഹകരിച്ച് പഞ്ചായത്തിലെ അഞ്ചേക്കറിൽ കൃഷി ചെയ്യാനും, ബാങ്ക് കൃഷിക്കാരിൽ നിന്ന് ഉൽപ്പന്നങ്ങൾ ഏറ്റെടുക്കുന്നതിനും പദ്ധതിയിടുന്നു. കൃഷിയ്ക്കാവശ്യമായ തൈകൾ ബാങ്കിന്റെ നഴ്സറിയിൽ നിന്ന് ലഭിക്കും.
- തൃശൂർ വടക്കാഞ്ചേരി അകംപാടം പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിച്ചു. പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയില്‍ ജൈവ കീടനാശിനിയായ സ്യൂടോമോണസ് ഫ്ളൂറസന്‍സ്, ഡ്രോണ്‍ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായാണ് ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും നടത്തിയത്. ഈ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകള്‍ വ്യക്തിഗത കര്‍ഷകര്‍ക്ക് 4 മുതല്‍ 5 ലക്ഷം രൂപ വരെ സബ്‌സിഡിയില്‍ ലഭ്യമാകും. കേന്ദ്ര കൃഷി മന്ത്രാലയവും കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് ഡ്രോണിലുള്ളത്. ഡ്രോണ്‍ ഉപയോഗിച്ച് ഒരു ഏക്കര്‍ കൃഷിയിടത്തില്‍ 8 മിനുട്ട് കൊണ്ട് മരുന്ന് തളിക്കാം. ഒരു ഹെക്ടറില്‍ മരുന്ന് തളിക്കാന്‍ 20 മിനുറ്റ് മതി.
- കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിൽ തേനീച്ച കൃഷി പദ്ധതിയോടനുബന്ധിച്ച് തേനീച്ച കോളനിയുടെ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തും, സ്റ്റാർസ് കോഴിക്കോടും, നബാർഡും സംയുക്തമായി നടപ്പിലാക്കുന്ന തേനീച്ച കൃഷിയുടെ ഭാഗമായാണ് കർഷകർക്ക് സൗജന്യമായി തേനീച്ച കോളനി വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ ആയിരം കർഷകരെയാണ് പദ്ധതിയിൽ ലക്ഷ്യം വച്ചിട്ടുള്ളത്. തേനീച്ച നഴ്സറിയിലൂടെ കർഷകർക്ക് പരിശീലനം നൽകി അവരെ സംരംഭകരാക്കി ഉപജീവനത്തിനുള്ള വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് സബ്സിഡിയിലാണ് തേനിച്ച കോളനി നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി
- സൗദിയിലെ ജിദ്ദയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ പ്രൗഡ്ലി സൗത്ത് ആഫ്രിക്കൻ' ഭക്ഷ്യമേളക്ക് തുടക്കം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ മേള ഉദ്ഘാടനം ചെയ്തു. സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ-ഖതീബിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ മന്ത്രിമാരായ ഇബ്രാഹിം പട്ടേൽ, തോക്കോ ദിദിസ, താണ്ടി മോഡിസെ, നലേഡി പാണ്ടർ എന്നിവരും ദക്ഷിണാഫ്രിക്കൻ വ്യവസായികളും പങ്കെടുത്തു. ഈ മാസം 22 വരെയാണ് മേള. ദക്ഷിണാഫ്രിക്കൻ കുരുമുളക്, ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ, പച്ചക്കറികൾ, ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകളായ വെസ്റ്റ്ഫാലിയ, റൂയിബോസ് ടീ, കേപ് ഹെർബ് ആൻഡ് സ്പൈസ് തുടങ്ങിയ മുൻനിര ഉൽപന്നങ്ങളും മേളയിലുണ്ട്. 433ലധികം ഇനം ദക്ഷിണാഫ്രിക്കൻ പലവ്യഞ്ജന സാധനങ്ങളും 40 ഇനം പഴങ്ങളും പച്ചക്കറികളും ആപ്പിൾ, സിട്രസ്, സരസ ഫലങ്ങൾ, ബേബി വെജിറ്റബിൾസ് തുടങ്ങിയവയും മേളയിൽ ലഭ്യമാണ്.
- കർഷകർ, കാർഷിക വിദഗ്ദർ, കാർഷിക വ്യവസായികൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും, കാർഷിക മേഖലയിലെ അറിവുകൾ പരസ്പരം പങ്കുവക്കുന്നതിനും കൃഷി ജാഗരൺ ഒഡീഷയിൽ സംഘടിപ്പിച്ച കൃഷി ഉന്നതി സമ്മേളൻ സമാപിച്ചു. സെഞ്ചൂറിയൻ യൂണിവേഴ്‌സിറ്റിയിലെ എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചറുമായി സഹകരിച്ചാണ് കൃഷി ജാഗരൺ ദ്വിദിന മേളയ്ക്ക് നേതൃത്വം നൽകിയത്. കർഷർക്ക് അവരുടെ പരമ്പരാഗത കൃഷി രീതികൾ പ്രകടിപ്പിക്കുന്നതിനും, കാർഷിക വ്യവസായങ്ങൾക്ക് അവരുടെ പുതിയ സാങ്കേതിക വിദ്യകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരങ്ങളാണ് മേളയിലൂടെ സാധ്യമായത്.
- കേരളത്തിൽ ഇന്ന് മുതൽ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യത. സംസ്ഥാനത്തെ 12 ജില്ലകൾ യെല്ലോ അലർട്ടിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പത് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചുട്ടുള്ളത്.
English Summary: Paddy procurement in crisis, Krishi unnati sammelan concludes; More agricultural news
Published on: 18 October 2022, 03:50 IST