2021-2022 ലെ നെല്ല് സംഭരണം ഊർജ്ജിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കഴിഞ്ഞ വർഷം 2,52,160 കർഷകരിൽ നിന്നായി സംഭരിച്ച നെല്ലിന്റെ വിലയായ 2101.70 കോടി രൂപ പൂർണ്ണമായും കൊടുത്തു. 26 കർഷകർക്കുള്ള 19.95 ലക്ഷം രൂപ കർഷകർക്ക് ലഭ്യമാക്കുവാൻ കഴിയാത്തത് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം മൂലമാണെന്നും ഇവർക്ക് ഉടൻ തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നെല്ല് സംഭരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം നടത്തിയിരുന്നു.
നെല്ല് സംഭരണം നടക്കുന്ന ജില്ലകളിൽ മില്ല് അലോട്ട്‌മെന്റ് പൂർത്തിയായതായും നെല്ല് സംഭരണം നടത്തുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ നെല്ല് പൂർണ്ണമായും സംഭരിച്ചതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. മുൻ വർഷത്തേക്കാൾ കൂടുതൽ കർഷകരും മില്ലുകളും നടപ്പ് നെല്ല് സംഭരണത്തിൽ സഹകരിക്കുന്നതായും ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നെല്ല് സംഭരിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.
കുട്ടനാട്ടിലെ നെല്ല് സംഭരണം പൂര്‍ത്തിയായി
നെല്ല് സംഭരണം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍