ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ നാനാഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരും, സേവനം അനുഷ്ഠിച്ചവരും പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ അവാർഡുകൾക്ക് അർഹരായി.
മലയാളത്തിന് ലഭിച്ച നാല് പത്മശ്രീ പുരസ്കാരങ്ങളിൽ കാർഷിക രംഗത്ത് നിന്നും അഭിമാനകരമായ നേട്ടമുണ്ട്. കാർഷിക മേഖലയ്ക്ക് അഭിമാനമായി മൃഗ സംരക്ഷണം വിഭാഗത്തിൽ സൂസമ്മ ഐപ്പിനെയും പുരസ്കാര ജേതാവായി പ്രഖ്യാപിച്ചു.
കൂടാതെ, കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവരും പത്മശ്രീയിലൂടെ മലയാളത്തിന്റെ യശസ്സുയർത്തി.
ജനറല്‍ ബിപിന്‍ റാവത്തിന് പരമോന്നത ബഹുമതി (Highest Civilian Award For General Bipin Rawat)
അന്തരിച്ച സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, രാധേശ്യാം ഖേംക, കല്യാണ്‍ സിംഗ്, പ്രഭാ ആത്രെ എന്നിവരാണ് പത്മ പുരസ്കാരങ്ങളിലെ ഉയർന്ന പുരസ്കാരങ്ങളായ പത്മവിഭൂഷണിന് അർഹരായത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സാഹിത്യകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിൾ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേർ പത്മഭൂഷണ്‍ പുരസ്‌കാരങ്ങൾക്കും അർഹരായി.
കൃഷിയിൽ പത്മശ്രീ നേട്ടം (Padma Shri Award In Agriculture)
107 പേര്‍ക്കാണ് ഈ വർഷം പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. 72-ാം വയസിലും വെച്ചൂർ പശുക്കളെ സംരക്ഷിച്ച് മാതൃകയായ ശോശാമ്മ ഐപ്പും പത്മശ്രീ ശോഭയിൽ തിളങ്ങി. ഇതിന് മുൻപ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും (FAO), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (UNDP) അംഗീകാരങ്ങള്‍ ശോശാമ്മ ഐപ്പിനെ തേടിയെത്തിയിരുന്നു. മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് ശോശാമ്മ താമസിക്കുന്നത്. വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുക എന്ന ദൃഢനിശ്ചയത്തോടെ, 15 വർഷങ്ങൾക്ക് മുൻപ് കാർഷികരംഗത്ത് എത്തിയ ശോശാമ്മ ഐപ്പ് കടുത്ത ഇച്ഛാശക്തിയുടെ പ്രതിരൂപം കൂടിയാണ്.
നീരജ് ചോപ്രയ്ക്കും സോനു നിഗമിനും പുരസ്കാരങ്ങൾ (Padma Shri To Neeraj Chopra And Sonu Nigam)
കലാ- കായികരംഗത്ത് നിന്നുള്ള പത്മശ്രീ പുരസ്കാരങ്ങളിൽ പ്രമുഖർ ഗായകൻ സോനു നിഗവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുമാണ്. ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വർണ മെഡൽ നേടിത്തന്ന നീരജ് ചോപ്രക്ക് മുൻപ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിത്ത് വിതയ്ക്കാനും കീടനാശിനി പ്രയോഗത്തിനും ചരക്ക് നീക്കത്തിനും ഒരേയൊരു സൈക്കിൾ; കർഷകൻ നിർമിച്ച കൃഷിയന്ത്രത്തിന് ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയോളം വില
മലയാളിയായ ശങ്കരനാരായണ മേനോന്‍, പാരാലിംപിക്‌സ് അത്‌ലറ്റായ ആവനി ലെഖ്‌റ, സുമിത് ആന്‍ഡില്‍, പ്രമോദ് ഭഗത്, ഫൈസല്‍ അലി ദാര്‍, വന്ദന കട്ടാരിയ, ബ്രഹ്മാനന്ദ് ശംഖ്വാകര്‍ എന്നിവരാണ് കായികമേഖലയെ പ്രതിനിധീകരിച്ച് പത്മശ്രീ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. അതുപോലെ പത്മ പുരസ്കാരത്തിലെ രണ്ടാമത്തെ വലിയ ബഹുമതിയായ പത്മഭൂഷൺ ജേതാവായി പാരാലിംപിക്‌സ് താരമായ ദേവേന്ദ്ര ഝചാരിയയെയും പ്രഖ്യാപിച്ചു.