1. 2023 മാർച്ച് 31നകം ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത ഏപ്രിൽ 1 മുതലാണ് അസാധുവാകുക. നിലവിൽ ഇതുമായി ബന്ധപ്പെട്ട് 1000 രൂപ പിഴ ഈടാക്കുമെന്നും നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡ് ഉടമസ്ഥർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. www.incometax.gov.in വെബ്സൈറ്റിലൂടെ link aadhar ക്ലിക്ക് ചെയ്ത് ആധാർ-പാൻ ലിങ്കിംഗ് നടത്താം. പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ ഇതിന് ആവശ്യമാണ്. ഇതിനുമുമ്പ് കഴിഞ്ഞ മാർച്ച് വരെയായിരുന്നു ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള സമയപരിധി.
ബന്ധപ്പെട്ട വാർത്തകൾ: 35 കിലോ അരിയും ഗോതമ്പും സൗജന്യം..കൃഷി വാർത്തകൾ
2. കുടിയേറ്റക്കാരായ കർഷകരെ സംരക്ഷിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷവും നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൈവശക്കാരുടെ ഒരിഞ്ച് ഭൂമിയും ആവശ്യപ്പെടില്ലെന്നും കൃഷിചെയ്യുന്നവരെ ഒഴിവാക്കാൻ ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. സംസ്ഥാനത്തെ നെൽകർഷകരിൽ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ഇതിനായി 278.93 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. നടപ്പ് സീസണിൽ 66,656 കർഷകരിൽ നിന്ന് 1.92 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായി 495.52 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടത്. ഇതിൽ 184.72 കോടി രൂപ നേരത്തെ നൽകിയിരുന്നു.
4. ഗുണനിലവാരമുള്ള കാലിത്തീറ്റ കര്‍ഷകരുടെ അവകാശമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. വയനാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന കാലിത്തീറ്റകളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ വില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
5. ടെക്സ്റ്റൈൽ മില്ലുകൾക്കായി സംസ്ഥാന സർക്കാർ കോട്ടൺ ബോർഡ് രൂപീകരിച്ചതായി വ്യവസായമന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കീഴിലുള്ള 17 മില്ലുകൾക്ക് ആവശ്യമുള്ള പരുത്തി സീസൺ അടിസ്ഥാനമാക്കി കുറഞ്ഞ വിലക്ക് സംഭരിക്കുകയാണ് ബോർഡിന്റെ പ്രധാന ചുമതല. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.
6. ഖാദി, കൈത്തറി വ്യവസായങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഖാദി ഗ്രാമ സൗഭാഗ്യയുടെ നെടുമങ്ങാട് ഷോറൂമും, ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച് മികച്ച രീതിയില്‍ വ്യവസായത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ബോര്‍ഡ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
7. വിവിധ പയറിനങ്ങളിലൂടെ ക്രിസ്തുമസ്-പുതുവത്സര വിപണിയില്‍ നേട്ടമുണ്ടാക്കാനൊരുങ്ങി ആലപ്പുഴ വള്ളികുന്നം ഗ്രാമപഞ്ചായത്ത്. പ്രോട്ടീന്‍ ഉദ്യാനം എന്ന പദ്ധതിയിലൂടെ ഇരുന്നൂറോളം കര്‍ഷകര്‍ ചേർന്ന് 40 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്ന പയറിനങ്ങളാണ് വിപണിയിലെത്തിക്കുന്നത്. വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഞങ്ങളും കൃഷിയിലേക്ക്, വാര്‍ഡുതല കൃഷി കൂട്ടങ്ങള്‍, വള്ളികുന്നം കേര കര്‍ഷകസമിതി അംഗങ്ങള്‍ എന്നിവരാണ് പയര്‍ കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
8. സംസ്ഥാനത്ത് ഓപ്പറേഷൻ യെല്ലോ പദ്ധതി വഴി പിഴയിനത്തിൽ ഈടാക്കിയത് 2 കോടിയോളം രൂപ. അനർഹമായി കൈവശം വച്ചിരിക്കുന്ന കാർഡുകൾ കണ്ടെത്തി മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്ന പദ്ധതിയാണ് ‘ഓപ്പറേഷൻ യെല്ലോ'. പദ്ധതി വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾ ഫ്രീ നമ്പറിലും വിളിച്ച് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം.
9. കരുനാഗപ്പള്ളിയിൽ റേഷൻ വിതരണത്തിനെത്തുന്ന ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് പരാതി. ആറുമാസത്തിലധികമായി പ്രാണികൾ കയറിയ ഗോതമ്പാണ് വിതരണത്തിന് എത്തുന്നത്. എഫ്സിഐ ഗോഡൌണുകളിൽ എത്തുമ്പോൾ തന്നെ ഗോതമ്പ് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് നിലവിലുള്ളത്. ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചതായി റേഷൻ വ്യാപാരികൾ പറയുന്നു.
10. എറണാകുളം കാവല്ലൂരിലെ നെൽകൃഷിയെ ബാധിച്ചത് കുമിൾ രോഗമെന്ന് വിദഗ്ധസംഘം കണ്ടെത്തി. നെൽച്ചെടികൾക്ക് ഇലകരിച്ചിലും കടചീയലും ബാധിച്ചതോടെയാണ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധസംഘം പാടം സന്ദര്‍ശിച്ചു. നെൽച്ചെടികളെ ബാധിച്ചത് കുമിള്‍ രോഗവും ബാക്ടീരിയയും ആണെന്നും മണ്ണില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ടെന്നുമാണ് സംഘത്തിന്റെ വിലയിരുത്തൽ.
11. തെങ്ങ് പുതുകൃഷിക്ക് സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾക്ക് അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തും. സ്വന്തമായി 25 സെന്റ് കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷ നൽകാം. ഹെക്ടറിന് 6500 രൂപ മുതൽ 15,000 രൂപ വരെ 2 വർഷത്തേക്കാണ് സബ്സിഡി ലഭിക്കുക. നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം ഉദ്യോഗസ്ഥർക്ക് നൽകിയാൽ മതി.
12. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കൂടാതെയും കൃഷിഭൂമിയുള്ളവർക്കും, കാർഷിക മേഖലയിൽ മൂന്ന് വര്‍ഷത്തിൽ കുറയാതെ ഉപജീവനമാര്‍ഗം നയിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കൂടരുത്. പ്രായപരിധി 18-നും 65 വയസ്സിനും ഇടയിലാണ്. ക്ഷേമനിധി ബോര്‍ഡിന്റെ പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. രജിസ്റ്റർ ചെയ്യുന്നതിനായി പദ്ധതി പ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യണം.
13. ഇന്ത്യയിലെ ഗോതമ്പ് ഉൽപാദനത്തിൽ 3.18 ശതമാനം വർധനവ്. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഉൽപാദനം വർധിച്ചത്. ഇത്തവണ 312.26 ഹെക്ടറിലേക്ക് ഗോതമ്പ് കൃഷി വ്യാപിപ്പിച്ചിരുന്നു. ഈ മാസം 23 വരെ 312.26 ലക്ഷം ഹെക്ടറിലാണ് കൃഷി നടത്തിയത്. പ്രധാന റാബി വിളയായ ഗോതമ്പ് ഏപ്രിലിൽ വിതച്ച് ഓക്ടോബർ മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്.
14. കൃഷി, ടൂറിസം സാധ്യതകൾ കോർത്തിണക്കി യുഎഇയിൽ അഗ്രി ടൂറിസം പദ്ധതി വരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാർഷിക-വിനോദ സഞ്ചാര കേന്ദ്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. വെർട്ടിക്കൽ ഫാമിംഗ് തുടങ്ങി നിരവധി കൃഷിരീതികൾ പരീക്ഷിച്ച് വിജയം കണ്ടെത്തിയതോടെയാണ് അഗ്രി ടൂറിസം ഹബ് എന്ന പദ്ധതിയിലേക്ക് യുഎഇ ചുവടുവയ്ക്കുന്നത്. ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവ ചേരുന്ന പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
15. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഈ മാസം 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.