1. News

35 കിലോ അരിയും ഗോതമ്പും സൗജന്യം..കൃഷി വാർത്തകൾ

ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പ്രതിമാസം 21 കിലോ അരി 3 രൂപ നിരക്കിലും 14 കിലോ ഗോതമ്പ് 2 രൂപ നിരക്കിലും വിതരണം ചെയ്യുന്നത് സൗജന്യമാക്കി

Darsana J

1. പാവപ്പെട്ടവർക്ക് ഒരു വർഷത്തേക്ക് 35 കിലോ അരിയും ഗോതമ്പും സൗജന്യമായി നൽകാൻ കേന്ദ്രസർക്കാർ തീരുമാനം. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പ്രതിമാസം 21 കിലോ അരി 3 രൂപ നിരക്കിലും 14 കിലോ ഗോതമ്പ് 2 രൂപ നിരക്കിലും വിതരണം ചെയ്യുന്നത് സൗജന്യമാക്കി. 2 ലക്ഷം കോടി ചെലവ് വരുന്ന പദ്ധതി വഴി 81.35 കോടി പേർക്ക് ഗുണം ലഭിക്കും. 2023 ജനുവരി മുതൽ 1 വർഷത്തേക്കാണ് സൗജന്യ ഭക്ഷ്യധാന്യം നൽകുക. ഭക്ഷ്യസുരക്ഷാ പദ്ധതി അല്ലെങ്കിൽ NFSAയുമായി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ലയിപ്പിച്ചതായി കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ:ആധാറിലെ വിവരങ്ങൾ മാറ്റാൻ ബന്ധപ്പെട്ട രേഖകൾ വേണ്ട..കൂടുതൽ കൃഷി വാർത്തകൾ

2. കേരളത്തിലെ റേഷൻ കടകളിൽ പുഴുക്കലരി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആവശ്യമായ പുഴുക്കലരി വിഹിതം സംസ്ഥാനത്ത് അനുവദിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി ജിആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി FCI വഴി സംസ്ഥാനത്തിന് അനുവദിക്കുന്നത് 50 ശതമാനം പച്ചരിയും 50 ശതമാനം പുഴുക്കലരിയുമാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി 90 ശതമാനവും പച്ചരിയാണ് ലഭിക്കുന്നത്. ഇത് മലയോര-തീരദേശ മേഖലകളിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കി. കൂടാതെ പൊതുവിപണിയിൽ അരിവില ഉയരുന്നതിനും പുഴുക്കലരി ക്ഷാമം കാരണമായി.

3. മലപ്പുറം പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. പഞ്ചായത്തിന്റെ പേരില്‍ നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പന്നം പുറത്തിറക്കാൻ കൃഷി വകുപ്പില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

4. ക്രിസ്തുമസ്-പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിൽപ്പന ചെയ്യുന്ന കേക്ക്, വൈൻ, ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

5. ജൈവകൃഷിയിൽ നൂറുമേനി വിജയം കൊയ്ത് പള്ളിച്ചൽ പഞ്ചായത്ത്. പഞ്ചായത്തിലെ കുറണ്ടിവിള വാർഡിൽ ഒരേക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും കുടുംബശ്രീയും സംയുക്തമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടപ്പിലാക്കിയത്. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കർഷകശ്രീ കുടുംബശ്രീ വഴി മിതമായ നിരക്കിൽ വിപണിയിലെത്തിക്കുന്നു.

6. കേരളത്തിൽ കൊപ്ര വില ഇടിയുന്നു. നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ വഴി കുറഞ്ഞ വിലയ്ക്ക് കൊപ്ര ലഭിക്കുന്നതോടെ വെളിച്ചെണ്ണ ഉൽപാദന കമ്പനികൾ കൊപ്ര വാങ്ങൽ കുറച്ചതാണ് വിലയിടിവിന് കാരണം. സംഭരണ കേന്ദ്രങ്ങളില്ലാത്തത് മൂലം കേരളത്തിൽ 255 ടൺ കൊപ്രയാണ് ഇത്തവണ സംഭരിക്കാൻ സാധിച്ചത്. ദേശീയ തലത്തിൽ ഓൺലൈൻ ലേലം വഴിയാണ് നാഫെഡ് കൊപ്ര വിൽക്കുന്നത്.

7. തൃശൂർ എടത്തിരുത്തിയിൽ പച്ചത്തേങ്ങാ മൊബൈൽ സംഭരണത്തിന് തുടക്കം. കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എടത്തിരുത്തി, പെരിഞ്ഞനം, കയ്പമംഗലം, മതിലകം പഞ്ചായത്തുകളിൽ നിന്നും പച്ചത്തേങ്ങ ശേഖരിച്ച് സംഭരിക്കുന്ന പദ്ധതിയാണിത്. എല്ലാ വ്യാഴാഴ്ചകളിലും എടത്തിരുത്തി കൃഷി ഭവനിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് വരെ പൊതിച്ച തേങ്ങ കർഷകരിൽ നിന്നും കേരഫെഡ് സംഭരിക്കും. തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിലാണ് സംഭരിക്കുക. പദ്ധതിയിൽ ചേരുന്നതിന് അപേക്ഷയോടൊപ്പം നികുതി രസീതിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും കോപ്പി ഉൾപ്പെടെ കൃഷിഭവനിൽ നൽകണം.

8. കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്തിൽ കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍ വിഷയങ്ങളിൽ കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ ജനകീയാസൂത്രണം തേന്‍ ഗ്രാമം പദ്ധതി വഴി കര്‍ഷകര്‍ക്ക് തേനീച്ചയും പെട്ടിയും വിതരണം ചെയ്തു.

9. കിഴങ്ങ് വർഗങ്ങളുടെ മൂല്യ വർധിത ഉൽപന്നങ്ങളിൽ പ്രായോഗിക റസിഡൻഷ്യൽ പരിശീലനം നേടാം. അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കാണ് പരിശീലനം നൽകുന്നത്. തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിൽ വച്ച് 2023 ജനുവരി മൂന്ന് മുതൽ 11 വരെയാണ് പരിശീലനം നടക്കുക. 1,770 രൂപയാണ് പരിശീലന ഫീസ്. തെരഞ്ഞെടുക്കുന്ന 20 പേർക്കാണ് അവസരം.

10. ക്ഷീര മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് അംഗീകാരം നേടി എറണാകുളം വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷം രൂപയാണ് ക്ഷീര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചത്. ക്ഷീര മേഖലയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച ഗ്രാമപഞ്ചായത്ത് എന്ന നിലയ്ക്കാണ് ജില്ലാ ക്ഷീര സംഗമത്തില്‍ പഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്.

11. നാദാപുരം ഗ്രാമപഞ്ചായത്തിൽ കര്‍ഷകര്‍ക്ക് ജൈവ വളം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ഗുണമേന്മയുള്ള വേപ്പിന്‍ പിണ്ണാക്ക് കര്‍ഷകര്‍ക്ക് നല്‍കുന്നതിന് പുറമെ കേരഗ്രാമം പദ്ധതിയിലൂടെ വളം വാങ്ങിയവര്‍ക്ക് തടം തുറക്കാനും ഫണ്ട് നല്‍കുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപ വകയിരുത്തിയാണ് കര്‍ഷകര്‍ക്ക് വളം നൽകിയത്.

12. മലബാറി ആടുകളുടെ വര്‍ഗ്ഗോദ്ധാരണ പദ്ധതിയിൽ ചേരാൻ അവസരം. കോഴിക്കോട് ജില്ലാപഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 5ല്‍ കൂടുതല്‍ ആടുകളെ വളര്‍ത്തുന്ന കര്‍ഷകർക്ക് പദ്ധതിയിൽ ചേരാം. 50% സബ്‌സിഡി നിരക്കില്‍ ആണ്‍ ആടിനെ നല്‍കുന്നത് വഴി മലബാറി ആടുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താക്കള്‍ 7000 രൂപ പദ്ധതി വിഹിതം നൽകണം. താല്പര്യമുളള കര്‍ഷകര്‍ ഈ മാസം 31 നകം അടുത്തുളള മൃഗാശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം.

13. ആലപ്പുഴയിൽ ഹൈടെക് മൊബൈല്‍ ഫിഷ് മാര്‍ട്ട് തുറന്നു. ‘അന്തിപ്പച്ച’ എന്ന പേരിൽ ആരംഭിച്ച ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിർവഹിച്ചു. ഫിഷ് മാർട്ടിലൂടെ മത്സ്യതൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന ഗുണമേന്മയുള്ള മത്സ്യം ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം. മത്സ്യഫെഡിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മൊബൈല്‍ മാര്‍ട്ടില്‍ ലഭ്യമാണ്.

14. ചൈനയിൽ കൊവിഡ് നാലാം തരംഗം വ്യാപിച്ചതോടെ ഇന്ത്യയിലെ റബ്ബർ മേഖല തകരുമെന്ന് ആശങ്ക. ലോകത്ത് ഏറ്റവുമധികം റബ്ബർ വാങ്ങുന്നത് ചൈനയാണ്. നിലവിൽ ഇന്ത്യയിലെ റബ്ബറിന്റെ വില താഴേക്ക് പോകുന്നത് ആശങ്ക ഉയർത്തുകയാണ്. ഇതിനുമുമ്പ് 2021 ജൂലൈയിൽ ചൈനയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയപ്പോൾ, ആഗോള റബ്ബർ വിപണിയെ ഇത് സാരമായി ബാധിച്ചിരുന്നു. ചൈന റബ്ബർ വാങ്ങുന്നത് നിർത്തലാക്കുകയോ, കുത്തനെ കുറയ്ക്കുകയോ ചെയ്താൽ ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിപണി നിരീക്ഷകർ പറയുന്നു.

15. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദം ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഈ മാസം 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: 35 kg rice and wheat free malayalam Agriculture News

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds